24
Oct 2026
Sat
24 Oct 2026 Sat
Kerala Governor s Veg-Only Order For Lok Bhavan Kitchen Sparks Row

ലോക്ഭവനിലെ അടുക്കളയിൽ സസ്യേതര ഭക്ഷണം പാകം ചെയ്യുന്നത് വിലക്കിയ പുതിയ ​ഗവർണർ ഓം പ്രകാശ് മാഥൂറിന്റെ നടപടിക്കെതിരേ കോൺ​ഗ്രസും സിപിഐഎമ്മും രം​ഗത്ത്. സംഘപരിവാർ അജണ്ട നടപ്പാക്കാനുള്ള നീക്കമാണിതെന്ന് ഇരുപാർട്ടികളും ആരോപിച്ചു. കഴിഞ്ഞദിവസമാണ് കേരളത്തിന്റെ 29-ാമത് ഗവർണറായി ഓം പ്രകാശ് മാഥൂർ ചുമതലയേറ്റത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഗവർണറുടെ നടപടി അതിരുകടന്നതാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി കുറ്റപ്പെടുത്തി. കേരളത്തിന്റെ ഭക്ഷണസംസ്കാരം വൈവിധ്യപൂർണമാണ്. മത്സ്യവിഭവങ്ങൾ ഉൾപ്പെടെ സസ്യേതര ഭക്ഷണം മലയാളികളുടെ ജീവിതത്തിന്റെ ഭാഗമാണ്. ഓരോരുത്തർക്കും ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഭക്ഷണശീലങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്താനുള്ള ശ്രമം ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് വേണുഗോപാൽ ആരോപിച്ചു. ഗവർണർക്ക് സസ്യാഹാരം പിന്തുടരാനുള്ള സ്വാതന്ത്ര്യമുണ്ടെങ്കിലും സ്വന്തം ഭക്ഷണരീതി മറ്റുള്ളവരിലേക്ക് അടിച്ചേൽപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തീരുമാനം പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു.

ഭക്ഷണകാര്യത്തിൽ മറ്റുള്ളവർ എന്തു കഴിക്കണമെന്ന് തീരുമാനിക്കുന്നത് ശരിയല്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചു. എന്തു ധരിക്കണം, ഏതു ഭാഷ സംസാരിക്കണം, എന്തു ഭക്ഷണം കഴിക്കണം തുടങ്ങിയ കാര്യങ്ങൾ വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ഗവർണറുടെ നടപടിക്കെതിരെ രംഗത്തെത്തി. സസ്യാഹാരമോ സസ്യേതര ഭക്ഷണമോ തിരഞ്ഞെടുക്കാനുള്ള ജനാധിപത്യപരമായ അവകാശം ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഭക്ഷണത്തെപ്പോലും വർഗീയ ധ്രുവീകരണത്തിനുള്ള ആയുധമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഗവർണർ കർശന സസ്യാഹാരിയാണെന്നും അദ്ദേഹത്തിന്റെ ഭക്ഷണം പാകം ചെയ്യുന്ന അടുക്കളയിൽ സസ്യേതര വിഭവങ്ങൾ തയ്യാറാക്കരുതെന്നാണ് നിർദേശമെന്നും ലോക്ഭവൻ വൃത്തങ്ങൾ വിശദീകരിച്ചു. ലോക്ഭവനിലെ ജീവനക്കാരുടെ ഭക്ഷണശീലങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തിയിട്ടില്ലെന്നും അവർ വ്യക്തമാക്കി.

മറ്റ് ജീവനക്കാർ വീട്ടിൽനിന്ന് ഭക്ഷണം കൊണ്ടുവരികയോ പുറത്തുനിന്ന് കഴിക്കുകയോ ആണ് ചെയ്യുന്നത്. മുൻ ഗവർണർമാരുടെ കാലത്ത് ലോക്ഭവനിലെ അടുക്കളയിൽ മത്സ്യവും മാംസവും പാകം ചെയ്തിരുന്നുവെന്നും അധികൃതർ അറിയിച്ചു.

ALSO READ: സന്ദീപ് വാര്യർ എംഎൽഎ സഞ്ചരിച്ച കാർ ടയർ പൊട്ടി അപകടത്തിൽപ്പെട്ടു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക