26
Feb 2024
Tue
26 Feb 2024 Tue

ആലപ്പുഴ: പുന്നപ്രയില്‍ വസ്തു തരം മാറ്റാനുള്ള അപേക്ഷ ആര്‍ഡിഒ ഓഫീസിലേക്ക് അയക്കാന്‍ കൈക്കൂലി വാങ്ങവേ രണ്ട് വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥര്‍ പിടിയില്‍. വിജിലന്‍സ് ഉദ്യോഗസ്ഥരെ കണ്ട് ഇരുവരും കൈക്കൂലിപ്പണം മുറ്റത്തേക്ക് വലിച്ചെറിഞ്ഞെങ്കിലും നിയമക്കുരുക്കില്‍ നിന്ന് രക്ഷപ്പെടാനായില്ല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പുന്നപ്രയിലെ വില്ലേജ് അസിസ്റ്റന്‍റ് എം സി വിനോദ്, ഫീൽഡ് അസിസ്റ്റൻറ് ബി അശോകന്‍ എന്നിവരാണ് ആലപ്പുഴ റേഞ്ച് വിജിലന്‍സ് ഉദ്യോഗസ്ഥർ ഒരുക്കിയ കെണിയില്‍ കുടുങ്ങിയത്. പുന്നപ്ര സ്വദേശിയായ ഒരു വീട്ടുടമ കഴിഞ്ഞ ആഗസ്റ്റില്‍ ഭൂമി തരംമാറ്റാനുള്ള അപേക്ഷയുമായി വില്ലേജ് ഓഫീസിലെത്തുന്നതോടെയാണ് സംഭവങ്ങൾക്ക് തുടക്കം. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം കഴിഞ്ഞ ശനിയാഴ്ച ഭുമിയുടെ അളവെടുക്കാൻ രണ്ട് ഉദ്യോഗസ്ഥരും വീട്ടിലെത്തി.

അപേക്ഷ ആര്‍ഡിഒ ഓഫീസിലാണ് കൈകാര്യം ചെയ്യുന്നതെന്നും അങ്ങോട്ടേക്ക് പെട്ടെന്ന് അയക്കണമെങ്കില്‍ 5000 രൂപ തരണമെന്നും ഇവർ ആവശ്യപ്പെട്ടു. എന്നാൽ വീട്ടുടമ ഇതിന് തയാറായില്ല. പിന്നീട് വിജിലൻസ് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ട ശേഷം വില്ലേജ് ഉദ്യോഗസ്ഥരെ വിളിച്ച് ചൊവ്വാഴ്ച പണം തരാമെന്ന് പറഞ്ഞു. ഇതനുസരിച്ച് പണം കൈമാറുമ്പോൾ കാത്തിരുന്ന ഉദ്യോഗസ്ഥർ ഇവരെ കൈയോടെ പിടികൂടുകയായിരുന്നു. ഡിവൈഎസ്പി ഗിരീഷ് പി സാരഥിയുടെ നേതൃത്വത്തിലായിരുന്നു ഓപ്പറേഷന്‍.