US Launches Retaliatory Strikes Against Islamic State സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് (ISIS) കേന്ദ്രങ്ങള്‍ക്ക് നേരെ കനത്ത ആക്രമണം നടത്തി അമേരിക്ക. കഴിഞ്ഞ മാസം സിറിയയില്‍ വെച്ചുണ്ടായ പതിയിരുന്നുള്ള ആക്രമണത്തില്‍ രണ്ട് യുഎസ് സൈനികരും ഒരു അമേരിക്കന്‍ സിവിലിയന്‍ വിവര്‍ത്തകനും കൊല്ലപ്പെട്ടതിന് തിരിച്ചടിയായാണ് ആക്രമണമെന്ന് അമേരിക്ക വ്യക്തമാക്കി.
|
യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം, ശനിയാഴ്ച ഉച്ചയ്ക്ക് ഏകദേശം 12:30-ഓടെ (ET) സഖ്യകക്ഷികളുമായി ചേര്‍ന്നാണ് വന്‍തോതിലുള്ള ആക്രമണം നടത്തിയത്. സിറിയയിലുടനീളമുള്ള ഒന്നിലധികം ഇസ്ലാമിക് സ്റ്റേറ്റ് കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചായിരുന്നു ഈ ആക്രമണം.
കഴിഞ്ഞ മാസം പാല്‍മിറയില്‍ (Palmyra) വെച്ച് സര്‍ജന്റ് എഡ്ഗര്‍ ബ്രയാന്‍ ടോറസ്-ടോവര്‍, സര്‍ജന്റ് വില്യം നതാനിയല്‍ ഹോവാര്‍ഡ്, സിവിലിയന്‍ വിവര്‍ത്തകനായ അയദ് മന്‍സൂര്‍ സകാത്ത് എന്നിവര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നല്‍കുന്ന ശക്തമായ മറുപടിയുടെ ഭാഗമാണ് ശനിയാഴ്ച നടന്ന ഈ ആക്രമണങ്ങള്‍.
ALSO READ: കേരളം പിടിക്കാന്‍ ബിജെപിയുടെ മിഷന്‍ 2026; അമിത് ഷായുടെ നേതൃത്വത്തില്‍ ഇന്ന് നിര്‍ണായക യോഗം
‘ഞങ്ങളുടെ സന്ദേശം ഇപ്പോഴും ശക്തമാണ്: നിങ്ങള്‍ ഞങ്ങളുടെ പോരാളികളെ ഉപദ്രവിച്ചാല്‍, ലോകത്തിന്റെ ഏത് ഭാഗത്ത് ഒളിക്കാന്‍ ശ്രമിച്ചാലും ഞങ്ങള്‍ നിങ്ങളെ കണ്ടെത്തി വധിച്ചിരിക്കും,’ യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് ശനിയാഴ്ച പ്രസ്താവനയില്‍ പറഞ്ഞു.
ലെവന്റ് (Levant) മേഖലയിലെ ഐഎസ് സൈനിക മേധാവിയെ തങ്ങളുടെ സുരക്ഷാ സേന അറസ്റ്റ് ചെയ്തതായി കഴിഞ്ഞ ദിവസം സിറിയന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു. ശനിയാഴ്ച നടന്ന ആക്രമണങ്ങളില്‍ ഏതൊക്കെ സഖ്യകക്ഷികളാണ് പങ്കെടുത്തതെന്ന് യുഎസ് സൈന്യം വ്യക്തമാക്കിയിട്ടില്ല.
പാല്‍മിറ ആക്രമണങ്ങള്‍ക്കുള്ള ഈ തിരിച്ചടിക്ക് ‘ഓപ്പറേഷന്‍ ഹോക്കി സ്ട്രൈക്ക്’ (Operation Hawkeye Strike) എന്നാണ് ട്രംപ് ഭരണകൂടം പേരിട്ടിരിക്കുന്നത്. കൊല്ലപ്പെട്ട ടോറസ്-ടോവറും ഹോവാര്‍ഡും അയോവ നാഷണല്‍ ഗാര്‍ഡിലെ അംഗങ്ങളായിരുന്നു. ഡിസംബര്‍ 19-ന് മധ്യ സിറിയയിലെ 70 ഐഎസ് കേന്ദ്രങ്ങളില്‍ വന്‍തോതിലുള്ള ആക്രമണം നടത്തിക്കൊണ്ടാണ് ഈ ഓപ്പറേഷന് തുടക്കം കുറിച്ചത്.
സിറിയയില്‍ ഐഎസിനെതിരായ പോരാട്ടത്തില്‍ വര്‍ഷങ്ങളായി കുര്‍ദിഷ് നേതൃത്വത്തിലുള്ള സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സാണ് (SDF) യുഎസിന്റെ പ്രധാന പങ്കാളി. എന്നാല്‍ 2024 ഡിസംബറില്‍ മുന്‍ സിറിയന്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസദ് പുറത്തായതിന് ശേഷം, ഡമാസ്‌കസിലെ കേന്ദ്ര സര്‍ക്കാരുമായി വാഷിംഗ്ടണ്‍ ഏകോപനം വര്‍ദ്ധിപ്പിച്ചു വരികയാണ്.





