കോഴിക്കോട്: വിസ സ്റ്റാമ്പിങ് നടപടികള്‍ കൂടുതല്‍ എളുപ്പമാക്കി സൗദി അറേബ്യയുടെ വിഎഫ്എസ് കേന്ദ്രം കോഴിക്കോട്ട് തുറന്നു. വി.എഫ്.എസ് ഗ്ലോബലിന്റെ കോഴിക്കോട് കേന്ദ്രത്തില്‍നിന്ന് അപ്പോയിന്‍മെന്റ് നല്‍കിത്തുടങ്ങി. മലബാറില്‍ വി.എഫ്.എസ് കേന്ദ്രം അനുവദിക്കണമെന്ന ആവശ്യമാണ് ഇതോടെ അംഗീകരിക്കപ്പെട്ടത്.
|
vc.tasheer.com എന്ന വെബ്‌സൈറ്റില്‍ കോഴിക്കോട് വഴിയുള്ള ബുക്കിംഗ് ആരംഭിച്ചു. ഈ മാസം പത്തു മുതലാണ് സ്ലോട്ട് ഉള്ളത്. കോഴിക്കോട് മിനി ബൈപ്പാസ് റോഡിലെ സെന്‍ട്രല്‍ ആര്‍ക്കേഡിലാണ് വി.എഫ്.എസ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. മുംബൈ കോണ്‍സുലേറ്റിന്റെ കീഴിലാണ് കോഴിക്കോട് ഓഫീസ്. കൊച്ചി ഓഫീസും മുംബൈക്ക് കീഴിലാണ്.
നേരത്തെ കൊച്ചിയില്‍ മാത്രമാണ് കേരളത്തില്‍ വി.എഫ്.എസ് കേന്ദ്രമുണ്ടായിരുന്നത്. കുട്ടികളും പ്രായമായവരും ഉള്‍പ്പെടെയുള്ളവര്‍ ഇത് വരെ കൊച്ചിയിലെ കേന്ദ്രത്തിലെത്തി നടപടികള്‍ കൈകൊള്ളുന്നത് ഏറെ ദുരിതമാണ് ഉണ്ടാക്കുന്നത്.
സൗദിയിലേക്കുള്ള തൊഴില്‍ വിസ ഒഴികെയുള്ള ടൂറിസ്റ്റ് വിസ, റെസിഡന്‍സ് വിസ, പേഴ്‌സണല്‍ വിസിറ്റ്, സ്റ്റുഡന്റ്‌സ് വിസ തുടങ്ങിയ എല്ലാ വിസകളും സ്റ്റാമ്പ് ചെയ്യുന്നത് വി.എഫ്.എസ് (വിസ ഫെസിലിറ്റേഷന്‍ സെന്റര്‍) വഴി മാത്രമാക്കി പരിമിതപ്പെടുത്തിയത് ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ്. ഇത്തരത്തിലുള്ള എല്ലാ വിസകളും വിഎഫ്എസ് കേന്ദ്രങ്ങള്‍ വഴി മാത്രമാണ് കോണ്‍സുലേറ്റ് സ്വീകരിക്കുന്നത്.
കേരളത്തില്‍ കൂടുതല്‍ കേന്ദ്രങ്ങള്‍ വരണമെന്ന ആവശ്യം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. സെന്‍ട്രല്‍ ആര്‍ക്കേഡ്, മിനി ബൈപാസ് റോഡ്, പുതിയറ, കോഴിക്കോട്, കേരളം 673004 എന്ന അഡ്രസിലാണ് കോഴിക്കോട് വിഎഫ്എസ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്.
നിലവില്‍ മുംബൈ, ഡല്‍ഹി എന്നിവിടങ്ങളില്‍ മാത്രമാണ് സഊദി മിഷന്‍ ഉള്ളത്. മുംബൈക്ക് കീഴില്‍ കൊച്ചി, ചെന്നൈ, അഹമ്മദാബാദ്, ഹൈദരാബാദ്, ബംഗളുരു എന്നിവിടങ്ങളില്‍ ആണ് വിഎഫ്എസ് കേന്ദ്രങ്ങള്‍ ഉള്ളത്. ഇതിനു പുറമെയാണ് കോഴിക്കോട് കേന്ദ്രവും കൂടി തുറന്നത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





