12
Jul 2025
Fri
12 Jul 2025 Fri
voice message of Kollam native Vipanchika who killed her self in Sharjah

ദുബൈ: ഷാര്‍ജയില്‍ ഒന്നരവയസുകാരിയായ മകളെ കൊലപ്പെടുത്തി ജീവനൊടുക്കിയ കൊല്ലം സ്വദേശിനിയായ 33 കാരി വിപഞ്ചിക മരിക്കുന്നതിന് മുമ്പ് ബന്ധുവിന് അയച്ച ശബ്ദ സന്ദേശം പുറത്ത്. വര്‍ഷത്തോളമായി ഭര്‍ത്താവുമായി പിണങ്ങിക്കഴിയുകയാണെന്നും വീട്ടിലെ എല്ലാ കാര്യങ്ങളും തന്റെ ചുമലിലാണെന്നുമാണ് വിപഞ്ചിക ശബ്ദ സന്ദേശത്തില്‍ പറയുന്നത്. കുഞ്ഞിനെ നോക്കേണ്ട ഉത്തരവാദിത്തവും തനിക്കു തന്നെ. പണത്തോട് ഇത്രമാത്രം ആര്‍ത്തിയുള്ള ഒരു മനുഷ്യനെ താന്‍ കണ്ടിട്ടില്ല. ഇഷ്ടം പോലെ പണമുണ്ടായിട്ടും അവര്‍ക്ക് പണം എത്ര കിട്ടിയാലും മതിയാകുന്നില്ല. അവരെല്ലാം എന്റെ ജീവിതത്തില്‍ എന്തു നടക്കുന്നു എന്ന് നോക്കിയിരിക്കുകയാണ്. പട്ടിക്കുഞ്ഞിനെ പോലെയാണ് മകള്‍ വീട്ടില്‍ കഴിയുന്നത്. ഭര്‍ത്താവ് നിതീഷിനും അയാളുടെ കുടുംബത്തിനും പണത്തോട് അടങ്ങാത്ത ആര്‍ത്തിയാണ്. അയാളുടെ അധിക്ഷേപ വാക്കുകള്‍ പുറത്തുപറയാന്‍ കൊള്ളാത്തതാണ്. ഭര്‍തൃസഹോദരിയും ഭര്‍തൃ മാതാവും മാനസികമായി പീഡിപ്പിക്കുകയാണ്. കുടുംബം വളരെ കഷ്ടപ്പെട്ടാണ് തന്റെ വിവാഹം നടത്തിയത്. എന്നാല്‍ എത്തിപ്പെട്ടത് ഇതുപോലൊരു അവസ്ഥയിലും. സ്ത്രീധനത്തിന്റെ പേരിലും നിതീഷ് പീഡിപ്പിച്ചിരുന്നുവെന്നും വിവാഹ മോചനത്തിന് സമ്മര്‍ദം ചെലുത്തിയെന്നും വിപഞ്ചിക സന്ദേശത്തില്‍ പറയുന്നുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചൊവ്വാഴ്ചയാണ് കൊല്ലം കൊട്ടാരക്കര ചന്ദനത്തോപ്പ് സ്വദേശിനി രജിത ഭവനില്‍ വിപഞ്ചിക മണിയന്‍ (33), മകള്‍ വൈഭവി നിധീഷ് എന്നിവരെ ഷാര്‍ജ അല്‍ നഹ്ദയിലെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ദുബായില്‍ സ്വകാര്യസ്ഥാപനത്തിലെ ഫയലിങ് ക്ലര്‍ക്ക് ആയി ജോലി ചെയ്തുവരികയായിരുന്നു മണിയന്‍ ശൈലജ ദമ്പതികളുടെ മകളായ വിപഞ്ചിക. രാത്രി ഫ്‌ലാറ്റിലെത്തിയ വീട്ടുജോലിക്കാരി വിളിച്ചിട്ടും വിപഞ്ചിക വാതില്‍ തുറക്കാതായതോടെ നിതിഷിനെ വിവരമറിയിച്ചു. നിതീഷ് അകത്തുകടന്നപ്പോഴാണ് ഒരേ കയറില്‍ തൂങ്ങിമരിച്ച നിലയില്‍ വിപഞ്ചികയെയും മകളെയും കണ്ടത്. മകളുടെ കഴുത്തില്‍ കയറിട്ട് തൂക്കിയ ശേഷം മറ്റേ അറ്റത്ത് വിപഞ്ചികയും തൂങ്ങി മരിക്കുകയായിരുന്നു.

ദുബായിലെ സ്വകാര്യ കമ്പനിയില്‍ എച്ച് ആര്‍ വിഭാഗത്തില്‍ ജോലി ചെയ്യുന്ന വിപഞ്ചികയും ഭര്‍ത്താവ് നിതീഷും കഴിഞ്ഞ കുറച്ച് കാലമായി തര്‍ക്കത്തിലായതിനാല്‍ ഇരുവരും വെവ്വേറെ സ്ഥലത്തായിരുന്നു താമസിച്ചിരുന്നത്. ഷാര്‍ജ അല്‍ ഖാസിമി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ സംസ്‌കരിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിവരികയാണ്. സംഭവം ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ അറിയിച്ചിട്ടുണ്ടെന്നും നിയമനടപടികള്‍ പൂര്‍ത്തിയാക്കാനുള്ള ഇടപെടലുകള്‍ നടത്തുകയാണെന്നും ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പിആര്‍ഒ ഹരി അറിയിച്ചു. മരണത്തെക്കുറിച്ച് ഷാര്‍ജ പോലീസ് അന്വേഷണം നടത്തിവരികയാണ്.

നിതീഷ് വിവാഹ മോചനത്തിന് ശ്രമിച്ചതാണ് വിപഞ്ചികയെ തകര്‍ത്തു കളഞ്ഞതെന്നാണ് സന്ദേശത്തിലുള്ളത്. വിവാഹമോചനം നടന്നാല്‍ താന്‍ ജീവിച്ചിരിക്കില്ലെന്ന് വിപഞ്ചിക വീട്ടിലെ ജോലിക്കാരിയോട് സൂചിപ്പിച്ചിരുന്നു. എന്നാല്‍ ഇതൊന്നും വകവയ്ക്കാതെ നിതീഷ് അടുത്തിടെ വിവാഹമോചനവുമായി ബന്ധപ്പെട്ട് വിപഞ്ചികയ്ക്ക് വക്കീല്‍ നോട്ടീസ് അയച്ചു. ഇത് ലഭിച്ചതിനു പിന്നാലെയാണ് കുഞ്ഞിനെ കൊന്ന് അമ്മ ജീവനൊടുക്കിയത്.

നോട്ടീസ് അയച്ചതിന് പിന്നാലെ വിപഞ്ചിക അമ്മയെ ഫോണില്‍ വിളിച്ചിരുന്നു. അവര്‍ വിപഞ്ചികയെ വിളിച്ചു സമാധാനിപ്പിച്ചു. കുടുംബ സുഹൃത്തായ അഭിഭാഷകനെ ഇക്കാര്യം അറിയിച്ച് വിപഞ്ചികയെ ആശ്വസിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അഭിഭാഷകന്‍ വിപഞ്ചികയെ വിളിക്കുകയും പോംവഴിയുണ്ടെന്ന് ഉറപ്പു നല്‍കിയ ശേഷം രാത്രി വിളിക്കാമെന്ന് പറഞ്ഞാണ് ഫോണ്‍ വെച്ചു. കോള്‍ വീണ്ടും വരുന്നതിന് മുമ്പേ വിപഞ്ചിക ജീവനൊടുക്കിയെന്നാണ് വിവരം.

voice message of Kollam native Vipanchika who killed her self in Sharjah