മോസ്‌ക്കോ: റഷ്യയിൽ പ്രസിഡന്റ് വ്‌ളാദിമിർ പുടിന് ആശ്വാസമേകി, വിമത നീക്കത്തിൽ നിന്നു കൂലിപ്പട്ടാളമായ വാഗ്‌നർ ഗ്രൂപ്പ് പിൻമാറുന്നു. മോസ്‌ക്കോ ലക്ഷ്യമിട്ടുള്ള നീക്കത്തിൽ നിന്നു പിൻതിരിയുകയാണെന്ന് വ്യക്തമാക്കി ഗ്രൂപ്പിന്റെ തലവൻ യെവ്ഗിനി പ്രിഗോഷിൻ ടെലഗ്രാമിൽ സന്ദേശം പങ്കിട്ടതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പിടിച്ചെടുത്ത റസ്‌തോവ് നഗരത്തിൽ നിന്നു വാഗ്‌നർ ഗ്രൂപ്പ് പിൻമാറി. രക്തച്ചൊരിച്ചിൽ ഒഴിവാക്കാനാണ് പിൻമാറ്റമെന്ന് പ്രിഗോഷിൻ പറഞ്ഞു.
|
പുടിൻ ബെലാറൂസ് പ്രസിഡന്റ് അലക്‌സാണ്ടർ ലുകാഷെങ്കോ നടത്തിയ മധ്യസ്ഥ ചർച്ചയെ തുടർന്നാണ് ഗ്രൂപ്പിന്റെ പിൻമാറ്റമെന്നാണ് വിവരം. നീക്കത്തിൽ നിന്നുള്ള പിൻമാറ്റം വ്യക്തമാക്കിയാണ് പ്രിഗോഷിൻ ടെലഗ്രാം സന്ദേശമെന്ന് രാജ്യാന്തര മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. വാഗ്‌നർ ഗ്രൂപ്പിനെതിരെ നടപടികൾ ഉണ്ടാകില്ലെന്ന് റഷ്യ വ്യക്തമാക്കി. പ്രിഗോഷിനെതിരെ എടുത്ത കേസുകൾ പിൻവലിക്കും. പ്രിഗോഷിൻ ബെലാറൂസിലേക്ക് പോകുമെന്നും റിപ്പോർട്ടുകൾ പറയുന്നു.
റഷ്യയിലെ വിമത നീക്കങ്ങൾ സംബന്ധിച്ച് പുടിൻ ബെലാറൂസ് പ്രസിഡന്റ് ലുകാഷെങ്കോയെ അറിയിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പ്രശ്‌ന പരിഹാരത്തിനായുള്ള നീക്കങ്ങൾ സജീവമായത്. ലുകാഷെങ്കോ മുന്നോട്ടുവച്ച ഒത്തുതീർപ്പ് വ്യവസ്ഥകൾ കൂലിപ്പട്ടാളം അംഗീകരിക്കുകയും ചെയ്തു.
നേരത്തെ ഗ്രൂപ്പിലെ അയ്യായിരത്തോളം ആളുകളാണ് മോസ്‌കോ ലക്ഷ്യമാക്കി നീങ്ങിയത്. ഗ്രൂപ്പിന്റെ ആയുധങ്ങൾ നിറച്ച വാഹനങ്ങൾ മോസ്‌കോ ലക്ഷ്യമാക്കി നീങ്ങുകയാണെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. പിന്നാലെ പുടിൻ മോസ്‌ക്കോ വിട്ടതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നു. പ്രസിഡന്റിന്റെ വിമാനങ്ങളിൽ ഒന്ന് മോസ്‌ക്കോയിൽ നിന്നു പറന്നുയർന്നതോടെയാണ് അഭ്യൂഹങ്ങൾ പ്രചരിച്ചത്. അതിനിടെ അപ്രതീക്ഷിത സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ മോസ്‌ക്കോയിൽ അവധി പ്രഖ്യാപിച്ചു.


