വാഷിംഗ് മെഷീനില്‍ എല്ലാ കുത്തിനിറച്ചിടരുത്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണേ
|
ചിലരുണ്ട് എല്ലാ വസ്ത്രങ്ങളും വാഷിംഗ് മെഷീനില്‍ ഇടുന്നവര്‍. കളി കഴിഞ്ഞശേഷം അല്ലെങ്കില്‍ വാക്കിങ്ങിന് ശേഷം മുഷിഞ്ഞ ബൂട്ടും മാറ്റും ഉള്‍പ്പെടെ മെഷീനില്‍ അലക്കും. എന്നാല്‍ ഇങ്ങനെ എല്ലാം ഇതിലിട്ട് അലക്കാവോ? ഇല്ല. അതിന് ചില ടിപ്‌സുകളൊക്കെയുണ്ട്.
▶️ വസ്ത്രങ്ങള്‍ അലക്കുന്നതിനു മുമ്പ് അവയെ വേര്‍തിരിച്ചെടുക്കണം. കൂടുതല്‍ മുഷിഞ്ഞത്, കുറച്ചു മുഷിഞ്ഞത്, വെറും വാഷ് മാത്രം വേണ്ടത് ഇങ്ങനെ മാറ്റി വയ്ക്കൂ. അതില്‍ തന്നെ തുണിയുടെ മെറ്റീരിയല്‍ അനുസരിച്ചും വേര്‍തിരിക്കുക.
▶️ മെഷീനില്‍ വസ്ത്രങ്ങള്‍ ഇടുന്നതിനും ഒരു രീതിയുണ്ട്. ആദ്യം വലുപ്പം കൂടിയ വസ്ത്രം, അതിനു ശേഷം അതിലും ചെറുത് ഇങ്ങനെ ഇടുക. ചുളിവുകള്‍ നന്നായി കുടഞ്ഞു വിടര്‍ത്തി വേണം ഇടാന്‍.
▶️ പുതിയ വസ്ത്രം ഇടുന്നതിനു മുമ്പ് അതിന്റെ നിറം ഇളക്കുന്നതാണോ എന്ന് പരിശോധിച്ച ശേഷം മാത്രം അലക്കുക.
▶️ ഡിറ്റര്‍ജന്റ് ഉപയോഗിക്കുമ്പോഴും വേണം ശ്രദ്ധ. കോട്ടണ്‍, സില്‍ക്ക് വസ്ത്രങ്ങള്‍ കഴുകുമ്പോള്‍ കുറച്ച അളവ് ഡിറ്റര്‍ജന്റ് മതി. കൂടിയാല്‍ വസ്ത്രങ്ങളുടെ ഗുണമേന്മ നഷ്ടമാകും.
▶️ ഓരോ മെഷീനും നിശ്ചിത അളവ് ഡിറ്റര്‍ജന്റ് വേണം ഉപയോഗിക്കാന്‍. അതില്‍ പറഞ്ഞിരിക്കുന്ന അളവില്‍ മാത്രം ഇടുക.
▶️ ചില മെഷീന്‍ ബുക്ക് ലെറ്റുകളില്‍ ഇങ്ങനെ എഴുതിയിട്ടുണ്ടാകും. സാധാരണ വാഷിംഗ് പൗഡറിനൊപ്പം പകുതി അളവില്‍ വാഷിംഗ് മെഷീനു വേണ്ടിയുള്ള പ്രത്യേക ഡിറ്റര്‍ജന്റ് ഉപയോഗിക്കുക എന്ന്. ഡിറ്റര്‍ജന്റ് കൂടി ഉപയോഗിച്ചാല്‍ മാത്രമേ വസ്ത്രം കൂടുതല്‍ വൃത്തിയാകൂ.
▶️ ഡിറ്റര്‍ജന്റ് തെരഞ്ഞെടുക്കുമ്പോഴും ശ്രദ്ധിക്കാം. പൗഡര്‍ വേണോ ലിക്വിഡ് വേണോ എന്നാണ് തീരുമാനിക്കേണ്ടത്. ലിക്വിഡ് ഡിറ്റര്‍ജന്റിന് വില കൂടും. പൗഡര്‍ ആണ് ഉപയോഗിക്കുന്നതെങ്കില്‍ തണുത്ത വെള്ളത്തില്‍ അലിയാന്‍ സമയം എടുക്കും. വില കൂടിയ വസ്ത്രങ്ങള്‍ക്ക് ലിക്വിഡ് ഡിറ്റര്‍ജന്റ് ഉപയോഗിക്കുന്നതാണ് ഉത്തമം.
▶️ ഫാബ്രിക്ക് അനുസരിച്ച് വേണം ഡിറ്റര്‍ജന്റ് തെരഞ്ഞെടുക്കാന്‍ സില്‍ക്ക്, കോട്ടണ്‍ ഇവയ്ക്ക് ലിക്വിഡ് ഡിറ്റര്‍ജന്റ് ആണ് നല്ലത്.
▶️ കുട്ടികളുടെ വസ്ത്രം അലക്കുമ്പോള്‍ വേറെ അലക്കാം. അവയ്ക്ക് വീര്യം കുറഞ്ഞ ഡിറ്റര്‍ജന്റ് മതി. കുഞ്ഞുങ്ങളുടെ ചര്‍മ്മം വളരെ മൃദുലമാണ്.
▶️ വെളുത്ത വസ്ത്രങ്ങള്‍ വാഷ് ചെയ്യാന്‍ ബ്ലീച്ച് അടങ്ങിയ വാഷിംഗ് പൗഡര്‍ ഉപയോഗിക്കാം.
▶️ സെമി ഓട്ടോമാറ്റിക് മെഷീനില്‍ വസ്ത്രം ഇടുന്നതിനു മുമ്പ് ഡിറ്റര്‍ജന്റ് ഇട്ട് നന്നായി പതപ്പിച്ച ശേഷം വസ്ത്രം ഇടാവൂ. വസ്ത്രങ്ങള്‍ക്കു മേല്‍ നേരിട്ട് ഡിറ്റര്‍ജന്റ് വീണാല്‍ നിറം മങ്ങും.
▶️ വസ്ത്രങ്ങളില്‍ കറയോ മറ്റോ ഉണ്ടെങ്കില്‍ അവ ആദ്യം കൈകൊണ്ട് കഴുകിയ ശേഷം വാഷിംഗ് മെഷീനില്‍ ഇടണം.
▶️ സെമി ഓട്ടോമാറ്റിക് മെഷീനില്‍ വസ്ത്രം ഉണങ്ങാന്‍ ഡ്രയര്‍ ഓണ്‍ ആക്കും മുമ്പ് 10 മിനിട്ട് വയ്ക്കുക. വെള്ളം കുറെ വാര്‍ന്നു പോയ ശേഷം ഉണക്കിയാല്‍ കൂടുതല്‍ ഉണങ്ങിക്കിട്ടും.
▶️ വസ്ത്രം കഴുകിയ ശേഷം വാഷിംഗ് മെഷീനിന്റെ ഡിറ്റര്‍ജന്റ് ബോക്‌സ് കൂടി വൃത്തിയാക്കുക. ബോക്‌സ് പുറത്തെടുക്കാവുന്ന തരം ആണെങ്കില്‍ പുറത്തെടുത്ത് ടൂത്ത് ബ്രഷ് ഉപയോഗിച്ച് കഴുകാം.
▶️ വാഷിംഗ് മെഷീന്റെ അകത്തെ ഡ്രം കൂടി കഴുകി വൃത്തിയാക്കണം. ചെറിയ പൊടികളും മറ്റും പറ്റിപ്പിടിച്ചിരിക്കും. കീടാണുക്കളും ഉണ്ടാകും. ഓരോ മാസവും വെള്ളവും സോപ്പും ഉപയോഗിച്ച് വെറുതെ വാഷിംഗ് മെഷീന്‍ കഴുകിക്കളയണം. ഇതിന് ചെറു ചൂടു വെള്ളം ഉപയോഗിക്കാവുന്നതാണ്.


