New WhatsApp Update: വോയിസ് മെസേജുകളും ഇനി ഒറ്റത്തവണ കേള്‍ക്കാം; അറിയാം വ്യൂ വണ്‍സ് ഫീച്ചറിനെ കുറിച്ച്
|
ഉപഭോക്താക്കളുടെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ വോയിസ് മെസേജില്‍ പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് പ്രമുഖ സമൂഹമാധ്യമ പ്ലാറ്റ് ഫോമായ വാട്‌സ്ആപ്പ്. ഇതുവരെ ചിത്രങ്ങളും വീഡിയോകളും ആണ് വ്യൂ വണ്‍ (ഒറ്റത്തവണ കാണല്‍) ഫീച്ചര്‍ പരിധിയില്‍ വന്നിരുന്നുള്ളൂവെങ്കില്‍ ഇപ്പോഴിതാ വോയിസ് മെസേജുകളിലും വ്യൂ വണ്‍സ് ഓപ്ഷന്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. വോയിസ് മെസേജുമായി ബന്ധപ്പെട്ട വ്യൂ വണ്‍സ് ഫീച്ചര്‍ ലൈവ് ആക്കിയാല്‍ സ്വീകര്‍ത്താവിന് ഒരുതവണ മാത്രമേ ഓഡിയോ കേള്‍ക്കാന്‍ സാധിക്കുകയുള്ളൂ. ഒരിക്കല്‍ കേട്ടുകഴിഞ്ഞാല്‍ ഉടന്‍ സ്വീകര്‍ത്താവിന്റെ ഫോണില്‍ നിന്ന് വോയിസ് മെസേജ് ഡിലീറ്റ് ആകുന്ന തരത്തിലാണ് ഫീച്ചര്‍ ക്രമീകരിച്ചിരിക്കുന്നത്. ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് വോയിസ് മെസേജിലും ഈ ഫീച്ചര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
വോയിസ് മെസേജുകള്‍ റെക്കോര്‍ഡ് ചെയ്യുമ്പോള്‍ തന്നെ അതിന് തൊട്ടടുത്തായി വ്യൂ വണ്‍സ് എന്ന ഐക്കണ്‍ കാണാന്‍ സാധിക്കും. ഇതില്‍ ടച്ച് ചെയ്ത്, ഉപഭോക്താക്കള്‍ക്ക് വോയിസ് മെസേജുകള്‍ ഒറ്റത്തവണയായി അയക്കാന്‍ കഴിയുന്നതാണ്. അതേസമയം, സ്വീകര്‍ത്താവ് വോയിസ് മെസേജ് തുറന്നിട്ടില്ലെങ്കില്‍, അവ 14 ദിവസം കഴിഞ്ഞാല്‍ ഓട്ടോമാറ്റിക്കായി ഡിലീറ്റ് ആകുന്നതാണ്.
സ്വകാര്യത സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഫീച്ചര്‍. കൂടാതെ രഹസ്യസ്വഭാവമുള്ള വിവരങ്ങള്‍ മറ്റുള്ളവര്‍ക്ക് ലഭിക്കുന്നതില്‍ നിന്ന് തടയാനും ഇതുവഴി സാധിക്കും. ഒരിക്കല്‍ കേട്ടു കഴിഞ്ഞാല്‍ ഡിലീറ്റ് ആയി പോകുന്നത് കൊണ്ട് രഹസ്യ സ്വഭാവമുള്ള വിവരങ്ങള്‍ മറ്റുള്ളവര്‍ക്ക് കിട്ടുമോ എന്ന ആശങ്കയുടെയും ആവശ്യമില്ല.
WhatsApp introduces ‘view once’ for voice messages


