ന്യൂഡൽഹി: ജനുവരി 22ന് പ്രതിഷ്ഠാകർമത്തിനു ശേഷം കുടുംബത്തോടൊപ്പം അയോധ്യയിലെ രാമക്ഷേത്രം സന്ദർശിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി നേതാവുമായ അരവിന്ദ് കെജ്രിവാൾ. ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെജ്രിവാൾ.
|
സർക്കാരിൽ നിന്ന് പ്രതിഷ്ഠാ കർമച്ചടങ്ങിലേക്ക് ക്ഷണക്കത്ത് ലഭിച്ചിരുന്നു. വ്യക്തിപരമായി ക്ഷണിക്കാൻ ആളെത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇതുവരെ അതിനുള്ള ആളുകൾ എത്തിയില്ലെന്നും കെജ്രിവാൾ പറഞ്ഞു. ക്ഷണക്കത്ത് പ്രകാരം ഒരാളെയാണ് ചടങ്ങിൽ പങ്കെടുക്കാൻ അനുവദിക്കുകയെന്നും കെജ്രിവാൾ പറയുന്നു.
മുഖ്യമന്ത്രി തീർഥ് യാത്ര യോജന പ്രകാരം ഡൽഹി സർക്കാർ മുതിർന്ന പൗരന്മാർക്ക് പൂരി, രാമേശ്വരം, അയോധ്യ, സുവർണക്ഷേത്രം, അജ്മീർ ശരീഫ് ദർഗ എന്നിവിടങ്ങളിലേക്ക് സൗജന്യമായി തീർഥയാത്ര കൊണ്ടുപോവുന്നുണ്ട്. പ്രതിഷ്ഠാകർമത്തിനു ശേഷം അയോധ്യയിലേക്ക് പ്രത്യേക ട്രെയിനുകൾ ഓടിക്കാനുള്ള ശ്രമം ഡൽഹി സർക്കാർ നടത്തുമെന്നും കെജ്രിവാൾ കൂട്ടിച്ചേർത്തു.
ജനുവരി 22ന് പ്രതിഷ്ഠാകർമം നടക്കുന്നതിനു മുന്നോടിയായ ജനുവരി 20 മുതൽ ആഘോഷപരിപാടികൾ സംഘടിപ്പിക്കുമെന്ന് ഗുജറാത്ത് ആംആദ്മി പാർട്ടി പ്രഖ്യാപിച്ചിട്ടുണ്ട്.





