21
Jun 2026
Sun
21 Jun 2026 Sun
women stabbed to death in delhi

ന്യൂഡൽഹി: തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ ബിന്ദാപൂരിൽ മോട്ടോർസൈക്കിൾ പാർക്ക് ചെയ്യുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടയിൽ 32-കാരിയായ യുവതി കുത്തേറ്റു മരിച്ചു. ആക്രമണത്തിൽ യുവതിയുടെ ഭർത്താവിന് ഗുരുതരമായി പരിക്കേറ്റു. ശനിയാഴ്ചയാണ് സംഭവം നടന്നതെന്ന് പോലീസ് അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബിന്ദാപൂർ പോലീസ് സ്റ്റേഷനിൽ ഉച്ചയ്ക്ക് 2.50 ഓടെയാണ് ഇതുസംബന്ധിച്ച വിവരം ലഭിക്കുന്നത്. രണ്ടോ മൂന്നോ യുവാക്കൾ ചേർന്ന് തന്റെ മകളെയും മരുമകനെയും വയറ്റിൽ കുത്തിയെന്നായിരുന്നു പെൺകുട്ടിയുടെ പിതാവ് പോലീസിനെ വിളിച്ചറിയിച്ചത്. വിവരമറിഞ്ഞ് പോലീസ് സംഭവസ്ഥലത്ത് എത്തുമ്പോഴേക്കും പരിക്കേറ്റവരെ ദീൻ ദയാൽ ഉപാധ്യായ (DDU) ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ ആശുപത്രിയിൽ എത്തുന്നതിന് മുൻപ് തന്നെ ആരതി എന്ന യുവതി മരണപ്പെട്ടിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. കുത്തേറ്റ ഭർത്താവ് വിക്കിയെ വിദഗ്ദ്ധ ചികിത്സയ്ക്കായി സഫ്ദർജംഗ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ, റോഡിൽ ബൈക്ക് പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ദമ്പതികളും അയൽക്കാരും തമ്മിൽ തർക്കമുണ്ടായതായി കണ്ടെത്തി. തർക്കം രൂക്ഷമായതിനെത്തുടർന്ന് അയൽക്കാർ കത്തി ഉപയോഗിച്ച് ആരതിയെയും വിക്കിയെയും കുത്തുകയായിരുന്നു. ഇതേ പ്രദേശത്ത് താമസിക്കുന്ന പപ്പു (40), പ്രായപൂർത്തിയാകാത്ത ഒരു കൗമാരക്കാരൻ എന്നിവരാണ് ആക്രമണം നടത്തിയതെന്ന് പോലീസ് തിരിച്ചറിഞ്ഞു. ഇതിൽ പപ്പുവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒളിവിൽ പോയ പ്രായപൂർത്തിയാകാത്ത പ്രതിക്കായി തിരച്ചിൽ തുടരുകയാണെന്ന് പോലീസ് വ്യക്തമാക്കി.

Woman Stabbed To Death, Husband Injured In Fight Over Parking In Delhi