15
Aug 2024
Thu
15 Aug 2024 Thu
young woman was brutally beaten by her fiance in the center of Kochi city

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചി: കൊച്ചി നഗരമധ്യത്തില്‍ യുവതിക്ക് പ്രതിശ്രുത വരന്റെ ക്രൂര മര്‍ദനം. പ്രതിശ്രുത വരനും സുഹൃത്തുക്കളും ചേര്‍ന്നാണ് യുവതിയെ അടിച്ചും ചവിട്ടിയും ക്രൂരമായി മര്‍ദിച്ചത്. വൈറ്റില കടവന്ത്രയില്‍ സഹോദരന്‍ അയ്യപ്പന്‍ റോഡിന്റെ വശത്തുള്ള ജനതാ റോഡില്‍ വച്ചാണ് നാലുപേര്‍ ചേര്‍ന്ന് യുവതിയെ മര്‍ദിച്ചത്. യുവതിയെ മര്‍ദിക്കുന്നതിന്റെ CCTV ദൃശ്യങ്ങളും പുറത്തുവന്നു.

ബുധനാഴ്ച പുലര്‍ച്ചെ 4:30നാണ് സംഭവം. യുവാവിനൊപ്പം മൂന്ന് സുഹൃത്തുക്കളും ഉണ്ടായിരുന്നു. ആദ്യം റോഡില്‍ വച്ചാണ് യുവതിയെ യുവാവ് ആക്രമിച്ചത്. മുഖത്ത് അടിക്കുന്നത് കണ്ട് ഒരാള്‍ കാര്യം അന്വേഷിച്ചപ്പോഴാണ് ജനതാ റോഡിലേക്ക് കയറിയത്. അവിടെവച്ച് യുവതിയെ കുനിച്ച് നിര്‍ത്തിയും മതിലില്‍ ചാരി നിര്‍ത്തിയും മര്‍ദനം തുടര്‍ന്നു. ഇതോടെ യുവതി ‘എന്നെ തല്ലല്ലേ..’ എന്ന് അലറിക്കരഞ്ഞു. ഇത് കേട്ട് സുഹൃത്തുക്കള്‍ ഇവരുടെ അടുത്തേക്ക് വന്നെങ്കിലും യുവാവിനെ തടഞ്ഞില്ല.

യുവതി ജീവനും കൊണ്ട് തൊട്ടടുത്തുള്ള പാര്‍ക്കിങ് ഗ്രൗണ്ടിലേക്ക് ഓടിയെങ്കിലും അവിടെവെച്ചും മര്‍ദനം തുടര്‍ന്നു. പെണ്‍കുട്ടി അലറി വിളിച്ചിട്ടും യുവാവ് മര്‍ദനം നിര്‍ത്തിയില്ല. യുവതിയെ നിലത്തിട്ട് വയറിനും മുഖത്തും ചവിട്ടുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം. സംഭവം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയെങ്കിലും ഇവരോട് സംസാരിച്ച ശേഷം തിരികെപ്പോവുകയാണ് ചെയ്തത്.

മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവരികയും മാധ്യമങ്ങളില്‍ വാര്‍ത്തയാവുകയുംചെയ്തതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു. യുവതിയേയും യുവാക്കളേയും തിരിച്ചറിഞ്ഞെങ്കിലും പരാതിയില്ലെന്നാണ് ഇവര്‍ പൊലീസിനോട് പറഞ്ഞത്. യുവതി പരാതിയില്ലെന്ന് പറഞ്ഞത് പൊലിസിനെയും കുഴക്കി.

young woman was brutally beaten by her fiance in the center of Kochi city