ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ കോക്ക്റോച്ച് ജനതാ പാർട്ടിയുടെ (CJP) പ്രതിഷേധം കണക്കിലെടുത്ത് ഡൽഹിയിൽ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ 24 മണിക്കൂർ നേരത്തേക്ക് നിർത്തിവയ്ക്കാൻ പൊലീസ് നിർദേശം. ജൻപഥ്–കർതവ്യ പഥ് ജങ്ഷനിൽനിന്ന് നാല് കിലോമീറ്റർ ചുറ്റളവിലാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. വെള്ളിയാഴ്ച രാത്രി 10 മുതൽ ശനിയാഴ്ച രാത്രി 10 വരെയാണ് നിരോധനം.
|
ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുന്നതിനുള്ള ഉത്തരവ് ഡൽഹി പൊലീസ് ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസ് വെള്ളിയാഴ്ച വൈകിട്ടാണ് പുറപ്പെടുവിച്ചത്. എയർടെൽ, വോഡഫോൺ-ഐഡിയ, ജിയോ, എംടിഎൻഎൽ തുടങ്ങിയ ടെലികോം കമ്പനികളോട് ഉത്തരവ് നടപ്പാക്കാൻ നിർദേശിച്ചിട്ടുണ്ട്. നിയമ-സമാധാന സാഹചര്യം നിലനിർത്തുന്നതിനാണ് നടപടിയെന്നാണ് പൊലീസിന്റെ വിശദീകരണം.
അതേസമയം, നിയന്ത്രണത്തെക്കുറിച്ച് സുപ്രീംകോടതി നേരത്തേ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഡൽഹി മെട്രോയ്ക്കും തലസ്ഥാനത്തേക്ക് എത്തുന്ന ട്രെയിനുകൾക്കും നിയന്ത്രണം ഏർപ്പെടുത്തിയതിനെ ചോദ്യം ചെയ്ത കോടതി, ചെറിയൊരു പ്രശ്നം പരിഹരിക്കാൻ അതിരുകടന്ന നടപടി സ്വീകരിക്കരുതെന്ന അർഥത്തിലുള്ള പരാമർശവും നടത്തി.
ജൂലൈയിൽ നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ജന്തർ മന്തറിൽ CJP നടത്തിയ പ്രതിഷേധത്തിനിടെയും ഡൽഹിയിൽ ദിവസങ്ങളോളം ഇന്റർനെറ്റ് സേവനങ്ങൾ തടഞ്ഞിരുന്നു. അന്ന് നിയന്ത്രണം ഒന്നര കിലോമീറ്റർ ചുറ്റളവിലായിരുന്നു. ഇതുമൂലം പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും യൂട്യൂബിലും അപ്‌ലോഡ് ചെയ്യുന്നതിന് തടസ്സമുണ്ടായതായും വാർത്താ റിപ്പോർട്ടുകൾ വൈകിയതായും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.
പുതിയ ഉത്തരവ് പ്രകാരം നിയന്ത്രണത്തിന്റെ പരിധി നാല് കിലോമീറ്ററായി ഉയർത്തിയിട്ടുണ്ട്. പ്രതിഷേധത്തിൽ പങ്കെടുക്കുന്നവർക്കും സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നവർക്കും ഇന്റർനെറ്റ് നിയന്ത്രണം തിരിച്ചടിയാകുമെന്ന ആശങ്കയും ഉയരുന്നുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





