30
Jun 2023
Sun
30 Jun 2023 Sun

ഷാര്‍ജ: ഒരു ലക്ഷത്തോളം പുസ്തകങ്ങള്‍ ഉപയോഗിച്ച് ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ ത്രിമാന ഇലസ്‌ട്രേഷന്‍ ഒരുക്കി ഡാവിഞ്ചി സുരേഷ് റെക്കോര്‍ഡ് സൃഷ്ടിക്കുന്നു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ആണ് ഇത്തരമൊരു അപൂര്‍വ സൃഷ്ടി ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ ഒരുക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഷാര്‍ജയിലെ മാതൃകാ ഭരണാധികാരിയും സാഹിത്യലോകത്തെ സമ്പന്നമാക്കാന്‍ സംഭാവന നല്‍കിയ മഹാനായ എഴുത്തുകാരനുമായ ശൈഖ് സുല്‍ത്താന്റെ ഭരണ നൈപുണതയും, ഉയര്‍ന്ന കാഴ്ചപ്പാടിനെയും ഉയര്‍ത്തിക്കാട്ടാന്‍ ഉദ്ദേശിച്ചാണ് ത്രിമാന ആര്‍ട്ട് ഇന്‍സ്റ്റലേഷന്‍ കമ്മിറ്റി തയ്യാറാക്കിയതെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

60 അടി നീളവും 30 അടി വീതിയും 25 അടി ഉയരവും ഉള്ള ആര്‍ട്ട് ഇന്‍സ്റ്റലേഷന്‍, വിസ്മയിപ്പിക്കുന്ന ഈ കലാസൃഷ്ടി പ്രശസ്ത ആര്‍ട്ട് ക്യൂറേറ്റര്‍ ഡാവിഞ്ചി സുരേഷ് ഒരു ലക്ഷത്തോളം പുസ്തകങ്ങള്‍ ഉപയോഗിച്ച് വളരെ സൂക്ഷ്മമായി സൃഷ്ടിച്ചതാണ്.

നിരവധി ക്ലാസിക്കുകളുടെ രചയിതാവായ ശൈഖിന്റെ ദര്‍ശനത്തിന്റെയും സാഹിത്യരംഗത്ത് അദ്ദേഹം പതിപ്പിച്ച മായാത്ത മുദ്രയുടെയും തെളിവാണിത്. വിദ്യാര്‍ഥികള്‍ക്കിടയില്‍ നല്ല വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനും സ്‌കൂളുകളില്‍ കലയുടെയും ടീം വര്‍ക്കിന്റെയും മനോഭാവം പ്രോത്സാഹിപ്പിക്കുന്നതിനും ഉദ്ദേശിച്ചുള്ളതാണ് ഈ കലാരൂപം.

ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജയുടെ 44-ാം വാര്‍ഷികത്തില്‍ എക്സ്പോ സെന്ററിലാണ് ഈ സംരംഭം ഒരുക്കുന്നത്. 2023 ജൂണ്‍ 19 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ഷാര്‍ജ ഗവണ്‍മെന്റ് ജില്ലാ ഗ്രാമകാര്യ വകുപ്പ് ചെയര്‍മാന്‍ ഷെയ്ഖ് മാജിദ് ബിന്‍ സുല്‍ത്താന്‍ ബിന്‍ സാഖര്‍ അല്‍ ഖാസിമി 3ഡി ആര്‍ട്ട് ഇന്‍സ്റ്റലേഷന്‍ അനാച്ഛാദനം ചെയ്യും.

ജൂണ്‍ 19 മുതല്‍ 29 വരെ പ്രദര്‍ശിപ്പിക്കും. ചടങ്ങില്‍ യുഎഇയിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഡോ. അമന്‍ പുരി മുഖ്യപ്രഭാഷണം നടത്തും. ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജയുടെ രക്ഷാധികാരി അഹമ്മദ് മുഹമ്മദ് ഹമദ് അല്‍ മിദ്ഫ ചടങ്ങില്‍ വിശിഷ്ടാതിഥിയായി പങ്കെടുക്കും.

ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ പ്രസിഡന്റ് അഡ്വ.വൈ.എ.റഹിം, ജനറല്‍ സെക്രട്ടറി റ്റി.വി.നസിര്‍, ട്രെഷറര്‍ ടി.കെ.ശ്രീനാഥന്‍, വൈസ് പ്രസിഡന്റ് മാത്യു ജോണ്‍, ജോയിന്റ് സെക്രട്ടറി മനോജ് വര്‍ഗീസ്, മാനേജിങ് കമ്മിറ്റി അംഗങ്ങളായ റോയ് മാത്യു, ഹരിലാല്‍, സുനില്‍രാജ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.