സമൂഹജീവിതത്തിൽ ലൈബ്രറികളുടെ സാന്നിധ്യം ശക്തിപ്പെടുത്തണമെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും പ്രാദേശിക സംഘടനകളുമായും കൂടുതൽ സഹകരണം ഉറപ്പാക്കണമെന്നും ആഹ്വാനം ചെയ്ത് 13-ാമത് ഷാർജ അന്താരാഷ്ട്ര ലൈബ്രറി കോൺഫറൻസിന് സമാപനം. ലൈബ്രറി സേവനങ്ങളുടെ വികസനത്തിൽ വിദ്യാർഥികളെയും വായനക്കാരെയും കൂടുതൽ പങ്കാളികളാക്കേണ്ടതിന്റെ പ്രാധാന്യവും സമ്മേളനം ചർച്ച ചെയ്തു. ലൈബ്രറി ജീവനക്കാരുടെ തൊഴിൽപരമായ കഴിവുകൾ മെച്ചപ്പെടുത്തുന്നതിനും പുതിയ സാങ്കേതികവിദ്യകളും വിവരശേഖരണ സംവിധാനങ്ങളും പ്രയോജനപ്പെടുത്തി വായനാനുഭവം മെച്ചപ്പെടുത്തുന്നതിനും നിക്ഷേപം വർധിപ്പിക്കണമെന്നും വിദഗ്ധർ അഭിപ്രായപ്പെട്ടു.
|
അറിവ് നിലനിൽക്കുന്നിടത്തോളം ലൈബ്രറികളും നിലനിൽക്കുമെന്ന് ഷാർജ ബുക്ക് അതോറിറ്റിയിലെ പബ്ലിഷിങ് സർവീസസ് ഡയറക്ടർ മൻസൂർ അൽ ഹസാനി പറഞ്ഞു. വിദ്യാഭ്യാസം, ഗവേഷണം, അറിവിന്റെ ലഭ്യത എന്നിവയിൽ ലൈബ്രറികളുടെ പങ്ക് കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ട്. ജനങ്ങളുടെ ആവശ്യങ്ങൾ മനസ്സിലാക്കി സേവനങ്ങൾ വികസിപ്പിക്കുകയും ജീവനക്കാരുടെ കഴിവുകൾ മെച്ചപ്പെടുത്തുകയും വിദ്യാഭ്യാസ-സാമൂഹിക സ്ഥാപനങ്ങളുമായി ബന്ധം വിപുലീകരിക്കുകയും ചെയ്യുന്നതിലാണ് ലൈബ്രറികളുടെ ഭാവിയെന്നും അദ്ദേഹം വ്യക്തമാക്കി. ഷാർജ ഭരണാധികാരി ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ ദർശനവും ഷാർജ ബുക്ക് അതോറിറ്റി ചെയർപേഴ്സൺ ശൈഖ ബുദൂർ ബിൻത് സുൽത്താൻ അൽ ഖാസിമിയുടെ നിർദേശങ്ങളും ലൈബ്രറികളുടെ വളർച്ചയ്ക്ക് കരുത്തേകുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
സമാപനദിനത്തിലെ ചർച്ചകളിൽ ലൈബ്രറികളെ പഠനകേന്ദ്രങ്ങളും സാമൂഹിക ഇടപെടലുകളുടെ വേദികളുമായി മാറ്റുന്നതിന്റെ പ്രാധാന്യം ഉയർന്നു. മലേഷ്യയിലെ സെലങ്കോർ പബ്ലിക് ലൈബ്രറി കോർപറേഷൻ ഡയറക്ടർ മസ്തുറ മുഹമ്മദ്, കുട്ടികൾക്ക് പഠനസഹായവും സുരക്ഷിതമായ അന്തരീക്ഷവും ഒരുക്കുന്ന ട്രാൻസിറ്റ് ലൈബ്രറികളുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. കുവൈത്തിലെ അൽ അവായിൽ ബൈലിംഗ്വൽ സ്കൂൾ ഹെഡ് ലൈബ്രേറിയൻ ഡാന ഇഖ്ലഫ്, വിദ്യാർഥികളെ ലൈബ്രറി പ്രവർത്തനങ്ങളിൽ പങ്കാളികളാക്കുന്ന പദ്ധതികൾ അവതരിപ്പിച്ചു. ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, വിവരസുരക്ഷ, വായനാശീലം, സ്കൂൾ ലൈബ്രറികളുടെ നവീകരണം തുടങ്ങിയ വിഷയങ്ങളിലും ചർച്ചകളും അവതരണങ്ങളും നടന്നു.
നവംബർ 7 മുതൽ 9 വരെ എക്സ്പോ സെന്റർ ഷാർജയിൽ നടന്ന സമ്മേളനം ഷാർജ ബുക്ക് അതോറിറ്റിയും അമേരിക്കൻ ലൈബ്രറി അസോസിയേഷനും സംയുക്തമായാണ് സംഘടിപ്പിച്ചത്. 45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയോടനുബന്ധിച്ച് നടന്ന സമ്മേളനത്തിൽ 16 രാജ്യങ്ങളിൽ നിന്നായി 400 ലൈബ്രേറിയൻമാരും വിദഗ്ധരും അക്കാദമിക് രംഗത്തെ പ്രതിനിധികളും പങ്കെടുത്തു. പ്രത്യേക പരിശീലന ശിൽപ്പശാലകൾ, മികച്ച പ്രവർത്തനങ്ങളുടെ അവതരണങ്ങൾ, പ്രൊഫഷണൽ ചർച്ചകൾ, പ്രസാധകരും ലൈബ്രേറിയൻമാരും തമ്മിലുള്ള ആശയവിനിമയം എന്നിവയും സമ്മേളനത്തിന്റെ ഭാഗമായി നടന്നു.
News Tag Live യുട്യൂബ് ചാനല് Subscribe ചെയ്യുക





