സംഗീതപ്പെട്ടി പ്രവർത്തിപ്പിക്കുന്നതോടെ പാവയെപ്പോലെ നിശ്ചലയായ രാജകുമാരി ജീവൻവെച്ച് ചലിക്കാൻ തുടങ്ങുന്നു. രാജകുമാരനും രാജകുമാരിയും ചേർന്നുള്ള ഈ മനോഹരമായ വിസ്മയക്കാഴ്ചയിലൂടെ സന്ദർശകരുടെ ശ്രദ്ധനേടി 45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേള. പോർച്ചുഗലിൽ നിന്നെത്തിയ കലാകാരന്മാരായ ആന്ദ്രെ ഡോസ് സാന്റോസ് വിയേരയും ഹെലേന റെയ്സുമാണ് ‘ദി മ്യൂസിക് ബോക്സ്’ എന്ന പേരിൽ വേറിട്ട പ്രകടനം അവതരിപ്പിക്കുന്നത്. കറങ്ങുന്ന വേദിയിൽ പാവയെപ്പോലെ നിൽക്കുന്ന രാജകുമാരിക്ക് സംഗീതപ്പെട്ടി പ്രവർത്തിപ്പിച്ച് ജീവൻ നൽകുന്ന രാജകുമാരനായാണ് ആന്ദ്രെ എത്തുന്നത്.
|
രാജകുമാരന്മാരും രാജകുമാരിമാരും യക്ഷികളുമെല്ലാം നിറഞ്ഞ സ്വപ്നലോകത്തെ കഥകളാണ് ഈ പ്രകടനം അവതരിപ്പിക്കുന്നതെന്ന് ഹെലേന പറഞ്ഞു. കാണികൾ തങ്ങളെ സാധാരണ മനുഷ്യരായല്ല, ഒരു കഥയിലെ കഥാപാത്രങ്ങളായാണ് കാണുന്നതെന്നതാണ് പ്രകടനത്തിലെ ഏറ്റവും കൗതുകകരമായ അനുഭവമെന്ന് ആന്ദ്രെയും വ്യക്തമാക്കി. പുസ്തകമേളയിലെത്തിയ സജ്ലയ്ക്കും മകൾ നൈനയ്ക്കും ഈ പ്രകടനം വേറിട്ട അനുഭവമായി. രാജകുമാരിക്കൊപ്പം ഫോട്ടോയെടുക്കാൻ കഴിഞ്ഞതിന്റെ സന്തോഷവും കുട്ടികൾ പങ്കുവച്ചു.
പുസ്തകമേളയിലുടനീളം ദിവസേന നടക്കുന്ന സഞ്ചരിക്കുന്ന കലാപ്രകടനങ്ങളുടെ ഭാഗമായാണ് രാജകുമാരനും രാജകുമാരിയും എത്തുന്നത്. ‘മിസ്റ്റർ മഫിൻ ആൻഡ് മാഡം ചെറി’ എന്ന മധുരപലഹാരങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട കഥാപാത്രങ്ങളായും ഇവർ വേദിയിലെത്തിയിട്ടുണ്ട്. ഭീമൻ കഥാപുസ്തകത്തിൽനിന്ന് പുറത്തുവരുന്ന കഥാപാത്രങ്ങൾ, വർണാഭമായ വേഷങ്ങളിലെ കലാകാരന്മാർ തുടങ്ങി സന്ദർശകരെ അമ്പരപ്പിക്കുകയും പങ്കാളികളാക്കുകയും ചെയ്യുന്ന നിരവധി പ്രകടനങ്ങളാണ് പുസ്തകമേളയുടെ വിവിധ ഹാളുകളിലും ഇടനാഴികളിലുമായി നടക്കുന്നത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





