മലപ്പുറം ജില്ലയിലെ വളാഞ്ചേരിയില്‍ നിരന്തരമായി ഓട്ടോറിക്ഷകള്‍ മോഷണം പോകുന്നുവെന്ന പരാതിയില്‍ വലയിലായ പ്രതിയെ കണ്ട് ഞെട്ടി പോലീസ്. കേവലം 17 വയസ്സ് മാത്രം പ്രായമുള്ള ഒരു പയ്യനാണ് നിര്‍ത്തിയിട്ടിരിക്കുന്ന ഓട്ടോകള്‍ മോഷ്ടിച്ചു കൊണ്ടുപോയത്.
|
സംഭവത്തില്‍ 17കാരനടക്കം രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇരുമ്പിളിയം സ്വദേശിയായ 17കാരനും മുതുതല സ്വദേശി നാസറുമാണ് പിടിയിലായത്.
നാലു ഓട്ടോറിക്ഷകളാണ് 17കാരന്‍ മോഷ്ടിച്ചത്. വളാഞ്ചേരി, കുറ്റിപ്പുറം, കല്‍പ്പകഞ്ചേരി, കോട്ടക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് മോഷണം നടന്നത്. മോഷ്ടിച്ച ഓട്ടോറിക്ഷകള്‍ പൊളിക്കാന്‍ വേണ്ടി നാസറിന്റെ ഉടമസ്ഥതയിലുള്ള പൊളിമാര്‍ക്കറ്റിലാണ് നല്‍കിയത്. 5000 മുതല്‍ 10,000 രൂപ വരെയാണ് മോഷ്ടിച്ച ഓട്ടോറിക്ഷകള്‍ക്ക് നാസര്‍ നല്‍കിയിരുന്നത്.
നാസറിന്റെ കടയില്‍ നിന്ന് നിരവധി മോഷ്ടിച്ച വാഹനങ്ങളും പൊലീസ് കണ്ടെത്തി. നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷകള്‍ കാണാതാകുന്നെന്ന പരാതി വ്യാപകമായതിനെത്തുടര്‍ന്നാണ് പൊലീസ് സിസിടിവി അടക്കം പരിശോധിച്ചത്. 17കാരന്‍ ഒറ്റക്കാണോ മോഷണം നടത്തിയതെന്നതടക്കം അന്വേഷിച്ചുവരികയാണെന്ന് പൊലീസ് പറയുന്നു.





