31
Oct 2026
Sat
31 Oct 2026 Sat
2 girls injured in chainsaw attack inside school

സർക്കാർ സ്കൂളിലെ ക്ലാസ് മുറിക്കുള്ളിൽ ചെയിൻസോ ഉപയോഗിച്ച് വിദ്യാർഥിനികൾക്കുനേരെ 21കാരന്റെ ആക്രമണം. പത്താം ക്ലാസിൽ പഠിക്കുന്ന രണ്ട് പെൺകുട്ടികൾക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആന്ധ്രാപ്രദേശിലെ അനന്തപുർ ജില്ലയിലെ റാപ്തഡു ഗ്രാമത്തിലുള്ള സില്ലാ പരിഷത്ത് ഹൈസ്കൂളിൽ ശനിയാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. അധ്യാപകൻ ക്ലാസെടുക്കുന്നതിനിടെ ചെയിൻസോയുമായി എത്തിയ യുവാവ് രണ്ട് പെൺകുട്ടികളെ ആക്രമിക്കുകയായിരുന്നു. ക്ലാസ് മുറിക്കുള്ളിൽ അധ്യാപകൻ ഉണ്ടായിരിക്കെയാണ് ആക്രമണം നടന്നത്.

പരിക്കേറ്റ കുട്ടികളെ ഉടൻ അനന്തപുർ ഗവൺമെന്റ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിക്ക് അടിയന്തര ശസ്ത്രക്രിയ നടത്തിവരികയാണ്. തുടർന്ന് കുട്ടിയെ എയർ ആംബുലൻസ് വഴി ബെംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റാനും ആലോചനയുണ്ട്.

ഹേമന്ത് എന്ന ദുമ്മുവാണ് ആക്രമണം നടത്തിയതെന്ന് പ്രാഥമിക പൊലീസ് വിവരങ്ങൾ വ്യക്തമാക്കുന്നു. ആക്രമണത്തിന് പിന്നാലെ സ്കൂളിൽനിന്ന് രക്ഷപ്പെട്ട ഇയാളെ ധർമവരം റെയിൽവേ സ്റ്റേഷനിൽവെച്ചാണ് പൊലീസ് പിടികൂടിയത്. ശ്രീ സത്യസായി ജില്ലയിലെ ധർമവരം മണ്ഡലത്തിലെ നാഗലൂരാണ് ഇയാളുടെ സ്വദേശമെന്നാണ് വിവരം. പരിക്കേറ്റ പെൺകുട്ടിയുടെ അകന്ന ബന്ധുവാണ് പ്രതിയെന്നും റിപ്പോർട്ടുകളുണ്ട്.

ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിന്റെ സാഹചര്യങ്ങളും പ്രതിയുടെ ലക്ഷ്യവും കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്കൂളിലെ വിദ്യാർഥികൾക്കും ജീവനക്കാർക്കും ഇടയിൽ സംഭവം പരിഭ്രാന്തി സൃഷ്ടിച്ചു.

സംഭവത്തിൽ മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു ആശങ്ക രേഖപ്പെടുത്തി. പരിക്കേറ്റ വിദ്യാർഥിനിക്ക് ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കാൻ മെഡിക്കൽ സംഘത്തിന് നിർദേശം നൽകിയതായും പ്രതിക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. വിദ്യാഭ്യാസമന്ത്രി നാരാ ലോകേഷും ആക്രമണത്തെ അപലപിച്ചു. കുട്ടികളുടെ സുരക്ഷയ്ക്കും അന്തസ്സിനും മുൻഗണന നൽകുമെന്നും ഇത്തരം സംഭവങ്ങൾ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ALSO READ: അധ്യാപകരോട് പരാതിപ്പെടുമെന്ന് പറഞ്ഞ ആറുവയസ്സുകാരിയെ കല്ലും പൂച്ചട്ടിയും കൊണ്ട് മർദിച്ച് മൂന്നാം ക്ലാസ് വിദ്യാർഥി

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക