28
Jul 2024
Thu
28 Jul 2024 Thu

റായ്പുര്‍: ഛത്തിസ്ഗഢില്‍ വീണ്ടും മാവോയിസ്റ്റ് ആക്രമണം. രണ്ട് ജവാന്മാര്‍ വീരമൃത്യു വരിച്ചു. സ്റ്റേറ്റ് ടാസ്‌ക് ഫോഴ്‌സിലെ ചീഫ് കോണ്‍സ്റ്റബിള്‍ ഭരത് ലാല്‍ സാഹു, കോണ്‍സ്റ്റബിള്‍ സതേര്‍ സിങ്ങ് എന്നിവരാണ് വീരമൃത്യു വരിച്ചത്. നാല് ജവാന്മാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബുധനാഴ്ച രാത്രി ബിജാപുര്‍ ജില്ലയില്‍ ആണ് സംഭവം. ഐ.ഇ.ഡി സ്‌ഫോടനമാണ് ഉണ്ടായതെന്ന് സൈന്യം അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നക്‌സല്‍ വിരുദ്ധ ഓപ്പറേഷന്‍ കഴിഞ്ഞ് തിരിച്ചുവരുന്നതിനിടെ ആയിരുന്നു സ്‌ഫോടനം. പരിക്കേറ്റ ജവാന്മാര്‍ നിലവില്‍ പ്രദേശത്തെ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരെ വിദഗ്ധ ചികിത്സയ്ക്കായി റായ്പുരിലേക്ക് എയര്‍ലിഫ്റ്റ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.കഴിഞ്ഞ ജൂണ്‍ 23ന് ഛത്തീസ്ഗഢിലെ സുക്മ ജില്ലയില്‍ മാവോവാദികള്‍ കുഴിച്ചിട്ട ഐ.ഇ.ഡി. പൊട്ടിത്തെറിച്ച് മലയാളി ഉള്‍പ്പെടെ രണ്ട് സി.ആര്‍.പി.എഫ്. ജവാന്മാര്‍ വീരമൃത്യു വരിച്ചിരുന്നു. തിരുവനന്തപുരം സ്വദേശി വിഷ്ണു (35), ഉത്തര്‍പ്രദേശില്‍നിന്നുള്ള ശൈലേന്ദ്ര (29) എന്നിവരായിരുന്നു മരിച്ചത്. സി.ആര്‍.പി.എഫില്‍ ഡ്രൈവറായിരുന്നു വിഷ്ണു.

മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയില്‍ ഇന്നലെയുണ്ടായ ഏറ്റമുട്ടലില്‍ 12 മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചിരുന്നു. ആറ് മണിക്കൂര്‍ നീണ്ട ഓപ്പറേഷനിലാണ് മാവോയിസ്റ്റുകളെ വധിച്ചത്. കൊല്ലപ്പെട്ടവരില്‍ നിന്ന് നിരവധി ആയുധങ്ങള്‍ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. ഗഡ്ചിരോളിയില്‍ മാവോയിസ്റ്റുകളെ നേരിടാനായി രൂപവത്കരിച്ച സി60 എന്ന പ്രത്യേക പോലീസ് സംഘവുമായാണ് മാവോയിസ്റ്റുകള്‍ ഏറ്റുമുട്ടിയത്.

ഗഡ്ചിരോളി ജില്ലയിലെ കാന്‍കര്‍ അതിര്‍ത്തി മേഖലയില്‍ വനപ്രദേശത്ത് ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ആരംഭിച്ച ഏറ്റുമുട്ടല്‍ ആറ് മണിക്കൂര്‍ നീണ്ടു.മാവോയിസ്റ്റുകളുടെ ആക്രമണത്തില്‍ എസ്‌ഐക്കും ജവാനും പരുക്കേറ്റെങ്കിലും ഗുരുതരമല്ലെന്നാണു വിവരം. ഇവരെ തുടര്‍ ചികിത്സയ്ക്കായി നാഗ്പുരിലേക്ക് മാറ്റി.

12 മാവോയിസ്റ്റുകളുടെ മൃതദേഹം കണ്ടെടുത്തു. 3 എകെ 47, 2 ഇന്‍സാസ്, 1 കാര്‍ബൈന്‍, ഒരു എസ്എല്‍ആര്‍ എന്നിവയുള്‍പ്പെടെയുള്ള ആയുധങ്ങളും പിടികൂടി. മാവോയിസ്റ്റ് ദളത്തിന്റെ ചുമതലയുള്ള വിശാല്‍ അത്രവും കൊല്ലപ്പെട്ടെന്നാണ് സൂതന. മറ്റു 11 പേരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും പ്രദേശത്തു തിരച്ചില്‍ തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി.

2 jawans killed as IED trigger blast in Chhattisgarh