23
Jun 2025
Sat
23 Jun 2025 Sat
21-year-old mother charged with murder in Pathanamthitta newborn baby found dead

പത്തനംതിട്ട: മെഴുവേലിയില്‍ നവജാത ശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അവിവാഹിതയും 21കാരിയുമായ അമ്മയ്‌ക്കെതിരേ കൊലക്കുറ്റം ചുമത്തി. രക്തസ്രാവത്തെ തുടര്‍ന്ന് കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ യുവതി ചികിത്സയ്‌ക്കെത്തിയത്. പരിശോധനയില്‍ 21കാരി പ്രസവിച്ചിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയതോടെയാണ് സംഭവം പുറത്തായത്. കുഞ്ഞിനെ കുറിച്ച് ചോദിച്ചപ്പോള്‍ പരസ്പരവിരുദ്ധമായ മൊഴികളാണ് നല്‍കിയതതോടെ, പൊലിസിനെ വിവരമറിയിച്ചു. തുടര്‍ന്ന് പൊലിസ് നടത്തിയ പരിശോധനയിലാണ് യുവതിയുടെ അയല്‍പക്കത്തെ വീട്ടുപറമ്പില്‍ നിന്ന് ചേമ്പിലയില്‍ പൊതിഞ്ഞ നിലയില്‍ പെണ്‍കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ജനിച്ചയുടന്‍ കുഞ്ഞിന്റെ കരച്ചില്‍ കേള്‍ക്കാതിരിക്കാന്‍ വായ പൊത്തിപ്പിടിച്ചെന്നും ചേമ്പിലയില്‍ പൊതിഞ്ഞ് അയല്‍വീട്ടിലെ പറമ്പില്‍ തള്ളിയെന്നുമാണ് യുവതി മൊഴി നല്‍കിയത്. തലയ്‌ക്കേറ്റ പരുക്കാണ് കുഞ്ഞിന്റെ മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം. അന്വേഷണത്തില്‍ കൊലപാതകം വ്യക്തമായതോടെ ഇലവുംതിട്ട പൊലിസ് യുവതിയെ അറസ്റ്റ്‌ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

യുവതിയെ വിശദമായി ചോദ്യം ചെയ്തതില്‍ നിന്നാണ് കൊലക്കുറ്റം തന്നെ ചുമത്താന്‍ തീരുമാനിച്ചത്. തലയ്ക്ക് പിന്നിലേറ്റ ഗുരുതര പരുക്കാണ് കുഞ്ഞിന്റെ മരണകാരണം. വീട്ടിലെ ശുചിമുറിയില്‍ പ്രസവിക്കുന്നതിനിടെ യുവതി തന്നെ പൊക്കിള്‍കൊടി മുറിച്ച്‌നീക്കാന്‍ ശ്രമിച്ചു. ഇതിനിടെ തലകറങ്ങി ശുചിമുറിയില്‍ വീണു. ഈ വീഴ്ചയില്‍ കുഞ്ഞിന്റെ തലയടിച്ചെന്നാണ് ആദ്യം കരുതിയത്. വലിച്ചെറഞ്ഞപ്പോള്‍ പറ്റിയ ക്ഷതമെന്നാണ് പൊലിസ് സ്ഥിരീകരിക്കുന്നത്. പ്ലസ്ടു മുതല്‍ പരിചയമുള്ള കാമുകനാണ് ഗര്‍ഭത്തിന് ഉത്തരവാദി എന്ന് യുവതി മൊഴി നല്‍കിയിരുന്നു. സംഭവത്തില്‍ യുവതിയുടെ കാമുകനായ ഇലവുംതിട്ട സ്വദേശിയുടെ മൊഴിയും പൊലിസ് രേഖപ്പെടുത്തി. ഇയാള്‍ ഒളിവിലാണ്.

21-year-old mother charged with murder in Pathanamthitta newborn baby found dead