03
Jul 2023
Thu
03 Jul 2023 Thu

അബൂദബി: ആരോഗ്യ പരിചരണ ശൃംഖലയായ എന്‍എംസി ഹെല്‍ത് കെയര്‍ സ്ഥാപകനായ ബിആര്‍ ഷെട്ടിക്കും മുന്‍ സിഇഒ പ്രശാന്ത് മങ്ങാട്ടിനും ബാങ്ക് ഓഫ് ബറോഡയ്ക്കുമെതിരേ 32787 കോടി രൂപയുടെ(4 ബില്യന്‍ ഡോളര്‍) കേസ്. ക്രമക്കേടിനെ തുടര്‍ന്ന് 2020ല്‍ നിലംപൊത്തിയ സ്ഥാപന മേധാവികള്‍ക്കെതിരേ എന്‍എംസി ഹെല്‍ത് കെയറിന്റെ അഡ്മിനിസ്‌ട്രേറ്റര്‍മാരായി ബ്രിട്ടനിലും അബൂദബിയിലുമായി കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സ്ഥാപനത്തിലെ തട്ടിപ്പിനെക്കുറിച്ച് നടത്തുന്ന അന്വേഷണങ്ങളുടെ ഭാഗമായാണ് നടപടിയെന്ന് അല്‍വാരസ് ആന്‍ഡ് മാര്‍സല്‍ ഗ്രൂപ്പ് മാനേജിങ് ഡയറക്ടറും എന്‍എംസി, എന്‍എംസി ഹെല്‍ത് കെയര്‍ ജോയിന്റ് അഡ്മിനിസ്‌ട്രേറ്ററുമായ റിചാര്‍ഡ് ഫ്‌ളെമിങ് പ്രതികരിച്ചു. എന്‍എംസിക്കു വായ്പ നല്‍കിയവര്‍ക്കായി അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ എന്ന നിലയില്‍ തങ്ങളുടെ സുപ്രധാന കണ്ടെത്തലാണ് 4 ബില്യനിലേറെ കടം എന്‍എംസിക്കുണ്ടെന്നുള്ളത്.

1975ലാണ് ബിആര്‍ ഷെട്ടി എന്‍എംസി ഹെല്‍ത് കെയര്‍ സ്ഥാപിച്ചത്. ഒരു ക്ലിനിക്കില്‍ നിന്ന് യുഎഇയിലെ ഏറ്റവും വലിയ ആരോഗ്യപരിചരണ ശൃംഖലയായി അതിവേഗം വളര്‍ന്ന എന്‍എംസി ആയിരക്കണക്കിന് പേര്‍ക്ക് ജോലി നല്‍കുകയും ചെയ്തു. 2012ല്‍ എന്‍എംസിയുടെ ഓഹരികള്‍ ലണ്ടന്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യുകയും 2018ല്‍ ഓഹരി മൂല്യം 10.5 ബില്യന്‍ ഡോളറായി ഉയരുകയും ചെയ്തു.

എന്നാല്‍ എന്‍എംസി ആസ്തി പെരുപ്പിച്ചുകാട്ടിയെന്ന് 2019 ഡിസംബറില്‍ മഡ്ഡി വാട്ടേഴ്‌സ് റിപോര്‍ട്ട് നല്‍കിയതോടെയാണ് സ്ഥാപനത്തിന്റെ പതനം തുടങ്ങിയത്. ബാങ്കുകളില്‍ നിന്ന് വന്‍തോതില്‍ വായ്പയെടുത്തതും ഇത്തരം ക്രമക്കേടിലൂടെയാണെന്നും വ്യക്തമായി. ബിആര്‍ ഷെട്ടിക്കും മലയാളിയായ ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസര്‍ പ്രശാന്ത് മങ്ങാട്ടും അടക്കമുള്ളവര്‍ക്കെതിരേ കേസെടുത്തതോടെ ഇവര്‍ യുഎഇയില്‍ നിന്ന് മുങ്ങുകയായിരുന്നു. 2020 ഏപ്രിലില്‍ അഡ്മിനിസ്‌ട്രേറ്റിവ് ഭരണത്തിനു കീഴിലായി എന്‍എംസി. 34 എന്‍എംസി കമ്പനികള്‍ക്ക് അഡ്മിനിസ്‌ട്രേഷന്‍ ഭരണത്തിനു കീഴില്‍ തുടരാന്‍ കഴിഞ്ഞവര്‍ഷം അനുമതി നല്‍കി. ഡിസംബറില്‍ എന്‍എംസി ഹെല്‍ത് കെയര്‍ സിഇഒ ആയി ഡേവിഡ് ഹാഡ് ലിയെ ബോര്‍ഡ് തിരഞ്ഞെടുത്തു.

തന്റെ അറിവില്ലാതെ ഡയറക്ടര്‍മാരും രണ്ടു ബാങ്കുകളും കമ്പനിയുടെ മുന്‍ ഓഡിറ്റര്‍മാരും ഗൂഢാലോചന നടത്തി സ്ഥാപനത്തിന്റെ ആസ്തി പെരുപ്പിച്ചുകാട്ടുകയായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി 2021ല്‍ ബിആര്‍ ഷെട്ടി ന്യൂയോര്‍ക്ക് കോടതിയില്‍ കേസ് നല്‍കിയിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക