31
Aug 2026
Sun
31 Aug 2026 Sun

തമിഴ്നാട്ടിൽ ഞായറാഴ്ചയുണ്ടായ രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളിൽ നാല് കുട്ടികളടക്കം ഏഴുപേർ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു.
ദിണ്ടിഗൽ ജില്ലയിലെ വടമധുരൈക്ക് സമീപം കൊല്ലംപട്ടിയിലാണ് ആദ്യ അപകടം. റോഡരികിൽ ഇരുന്ന് കളിക്കുകയായിരുന്ന കുട്ടികൾക്ക് നേരെ അമിതവേഗത്തിലെത്തിയ അജ്ഞാത വാഹനം ഇടിക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ വാഹനം നിർത്താതെ ഡ്രൈവർ രക്ഷപ്പെട്ടു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

യോ​ഗവർഷിണി (11), മോസികരൻ (6), അനന്യ (6), ധനുശ്രീ (5) എന്നിവരാണ് മരിച്ചത്. സംഭവസ്ഥലത്തെത്തിയ പൊലീസ് മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. വടമധുരൈ പൊലീസ് കേസെടുത്ത് അപകടമുണ്ടാക്കിയ വാഹനത്തിനും ഡ്രൈവർക്കുമായി അന്വേഷണം ആരംഭിച്ചു.

അതേസമയം, തിരുവള്ളൂർ ജില്ലയിലെ ക്ഷേത്രനഗരമായ പെരിയപാളയത്തിന് സമീപമുണ്ടായ മറ്റൊരു അപകടത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു.
ക്ഷേത്രദർശനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച ഓട്ടോറിക്ഷ ട്രക്കിൽ ഇടിച്ചാണ് അപകടമുണ്ടായത്. ട്രക്കിനെ മറികടക്കുന്നതിനിടെ ഇടതുവശത്തേക്ക് തിരിക്കാൻ ശ്രമിച്ചപ്പോൾ ഡ്രൈവർ ലോഗനാഥന് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. തുടർന്ന് ഓട്ടോറിക്ഷ ട്രക്കിൽ ഇടിച്ച് മറിയുകയായിരുന്നു.

ലോഗനാഥന്റെ ഭാര്യ പൂങ്കൊടി, ഭാര്യയുടെ അമ്മ രാധ, മരുമകൻ ഗോകുൽ എന്നിവരാണ് മരിച്ചത്. ലോഗനാഥൻ, മകൾ ധനലക്ഷ്മി, മറ്റൊരു മരുമകൻ പ്രശാന്ത് എന്നിവർക്ക് പരിക്കേറ്റു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.
അപകടങ്ങളിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക