06
Sep 2026
Sun
06 Sep 2026 Sun
5 dies in delhi building collapse

ഡൽഹിയിലെ സത്യ നികേതനിൽ ആറുനില കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ മരണം അഞ്ചായി. രണ്ട് പേരുടെ നില ഗുരുതരമാണ്. അവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായാണ് സംശയം. ഒമ്പത് പേരെ രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഞായറാഴ്ച ഉച്ചയ്ക്ക് 1.30ഓടെയാണ് അപകടം സംഭവിച്ചത്. 75 കിടക്കകളുള്ള പേയിങ് ഗസ്റ്റ് (PG) താമസസൗകര്യമായി പ്രവർത്തിച്ചിരുന്ന കെട്ടിടമാണ് തകർന്നത്. പ്രാഥമിക അന്വേഷണത്തിൽ കെട്ടിടത്തിന് ‌50 വർഷം പഴക്കമുണ്ടെന്നും ബേസ്‌മെന്റും അഞ്ച് നിലകളുമുണ്ടായിരുന്നെന്നും പോലീസ് വ്യക്തമാക്കി. അപകടസമയത്ത് ബേസ്‌മെന്റിൽ അറ്റകുറ്റപ്പണികൾ നടന്നുവരികയായിരുന്നു.

ഡൽഹി പൊലീസ്, ദേശീയ ദുരന്തനിവാരണ സേന (NDRF), ഡൽഹി ഫയർ സർവീസ്, ഡൽഹി ദുരന്തനിവാരണ അതോറിറ്റി (DDMA) എന്നിവയുടെ സംഘങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടരുകയാണ്. 12 ഫയർ ടെൻഡറുകളും സി.എ.ടി.എസ് ആംബുലൻസുകളും സ്ഥലത്തെത്തിച്ചിട്ടുണ്ട്. അവശിഷ്ടങ്ങൾ നീക്കാൻ എക്‌സ്‌കവേറ്ററും മറ്റ് യന്ത്രസാമഗ്രികളും വിന്യസിച്ചു.

സത്യ നികേതൻ ഡൽഹി സർവകലാശാലയുടെ സൗത്ത് ക്യാമ്പസിന് സമീപമായതിനാൽ പ്രദേശത്ത് നിരവധി വിദ്യാർഥികൾ താമസിക്കുന്നുണ്ട്. അപകടസമയത്ത് കെട്ടിടത്തിനുള്ളിൽ 50ഓളം വിദ്യാർഥികൾ ഉണ്ടായിരുന്നിരിക്കാമെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. ഞായറാഴ്ചയായതിനാൽ ഭൂരിഭാഗം പേരും മുറികളിലുണ്ടായിരുന്നുവെന്നും അവർ പറഞ്ഞു. അവശിഷ്ടങ്ങൾക്കടിയിൽനിന്ന് സഹായത്തിനായുള്ള നിലവിളി കേട്ടതായി സ്ഥലത്തുണ്ടായിരുന്ന വിദ്യാർഥിയും അറിയിച്ചു.

അപകടത്തെ തുടർന്ന് സമീപത്തെ കെട്ടിടവും മുൻകരുതലായി ഒഴിപ്പിച്ചു. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനായി പൊലീസ് സംഘങ്ങളെയും വിന്യസിച്ചിട്ടുണ്ട്. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. അപകടം ഏറെ വേദനാജനകമാണെന്നും മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണെന്ന് അറിയിച്ചു. അപകടത്തിൽ കുടുങ്ങിയവരെ സുരക്ഷിതമായി പുറത്തെത്തിക്കാനും ദുരിതബാധിത കുടുംബങ്ങൾക്ക് അടിയന്തര സഹായം നൽകാനും എല്ലാ ശ്രമങ്ങളും നടത്തുന്നതായി അവർ വ്യക്തമാക്കി.

അതേസമയം, കെട്ടിടം തകർന്ന സംഭവത്തിന് പിന്നിൽ അഴിമതിയാണെന്ന് ആരോപിച്ച് ആം ആദ്മി പാർട്ടി നേതാവ് സൗരഭ് ഭരദ്വാജ് രംഗത്തെത്തി. കെട്ടിടങ്ങളുടെ സുരക്ഷാ പരിശോധനയുടെ പേരിൽ അഴിമതി നടക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. എന്നാൽ അപകടത്തിന്റെ യഥാർഥ കാരണം സംബന്ധിച്ച് ഔദ്യോഗിക അന്വേഷണ റിപ്പോർട്ട് പുറത്തുവന്നിട്ടില്ല.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക