05
Sep 2026
Sat
05 Sep 2026 Sat
Dutch NGO offers job for Indian boy who cleaned a river alone

പ്ലാസ്റ്റിക് മാലിന്യവും ചളിയും പായലും നിറഞ്ഞ പുഴ ഒറ്റയാൾ പോരാട്ടത്തിലൂടെ വൃത്തിയാക്കിയ 21കാരനെ തേടി ഡച്ച് കമ്പനിയുടെ ജോലി വാ​ഗ്ദാനം. മധ്യപ്രദേശിലെ രാജ്ഗഢ് ജില്ലയിലെ അജ്നാർ പുഴ വൃത്തിയാക്കിയ സുരേന്ദ്ര സിങ് ചൗധരിയെയാണ് നെതർലാൻഡ്സ് ആസ്ഥാനമായ പരിസ്ഥിതി സംഘടനയായ ദി ഓഷ്യൻ ക്ലീനപ്പ് ജോലി ചെയ്യാൻ ക്ഷണിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഓൺലൈനിൽ ‘ബിട്ടു തബാഹി’ എന്ന പേരിലാണ് സുരേന്ദ്ര സിങ് ചൗധരി അറിയപ്പെടുന്നത്. പ്ലാസ്റ്റിക് മാലിന്യവും പായലും ചളിയും ദുർഗന്ധവും നിറഞ്ഞ അജ്നാർ പുഴയുടെ അവസ്ഥയിൽ മനംനൊന്താണ് സർക്കാർ ഇടപെടലിനായി കാത്തുനിൽക്കാതെ പുഴ വൃത്തിയാക്കാൻ യുവാവ് തീരുമാനിച്ചത്. 2026 ജനുവരി 26ന് റിപ്പബ്ലിക് ദിനത്തിലാണ് ശുചീകരണ പ്രവർത്തനത്തിന് തുടക്കമിട്ടത്.

തുടക്കത്തിൽ ഏതാനും സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നെങ്കിലും പിന്നീട് ഇത് പ്രധാനമായും സുരേന്ദ്രയുടെ ഒറ്റയാൾ ദൗത്യമായി മാറി. അടിസ്ഥാന ഉപകരണങ്ങൾ മാത്രം ഉപയോഗിച്ച്, ആവശ്യമായ സുരക്ഷാ സംവിധാനങ്ങളില്ലാതെയും നീന്തൽ അറിയാതെയുമാണ് അദ്ദേഹം പുഴയിൽനിന്ന് ടൺ കണക്കിന് മാലിന്യം നീക്കം ചെയ്തത്.

സ്വന്തം സമ്പാദ്യം ഉപയോഗിച്ചാണ് ശുചീകരണത്തിനാവശ്യമായ സാധനങ്ങൾ വാങ്ങിയത്. തുടർച്ചയായ പ്രവർത്തനത്തിനിടെ കൈകാലുകളിൽ അണുബാധയും ചൊറിച്ചിലും ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ നേരിട്ടു. പാമ്പുകളെയും നിരവധി തവണ നേരിടേണ്ടിവന്നതായി റിപ്പോർട്ടുകളുണ്ട്.

സുരേന്ദ്രയുടെ പ്രവർത്തനങ്ങൾ രേഖപ്പെടുത്തിയ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം കൂടുതൽ ശ്രദ്ധ നേടിയത്. പുഴ വൃത്തിയാക്കിയതിന് മുമ്പും ശേഷവുമുള്ള ചിത്രങ്ങൾ ഉൾപ്പെടുത്തി എക്‌സിൽ പങ്കുവച്ച പോസ്റ്റ് ദി ഓഷ്യൻ ക്ലീനപ്പ് സ്ഥാപകനും സിഇഒയുമായ ബോയൻ സ്ലാറ്റിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.

പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ ബോയൻ സ്ലാറ്റ് സുരേന്ദ്രയെ ടാഗ് ചെയ്ത് “Come work for us” എന്ന് കുറിച്ചു. ലളിതമായ കുടുംബ പശ്ചാത്തലത്തിൽനിന്നുള്ള സുരേന്ദ്ര ഇപ്പോൾ ബി.എസ്.സി രണ്ടാം വർഷ വിദ്യാർഥിയാണ്. മാതാപിതാക്കൾക്കൊപ്പമാണ് താമസം.

അജ്നാർ പുഴ വൃത്തിയാക്കിയ സുരേന്ദ്രയുടെ പ്രവർത്തനം മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവിന്റെയും ശ്രദ്ധയിൽപ്പെട്ടു. വെള്ളിയാഴ്ച രാത്രി മുഖ്യമന്ത്രിയുടെ വസതിയിലേക്ക് ക്ഷണിച്ചുവരുത്തിയ അദ്ദേഹം സുരേന്ദ്രയെ അഭിനന്ദിക്കുകയും സർക്കാർ പിന്തുണ നൽകുമെന്ന് ഉറപ്പുനൽകുകയും ചെയ്തു.

ഒരു പുഴ വൃത്തിയാക്കാനുള്ള 21കാരന്റെ വ്യക്തിപരമായ ശ്രമം ഇപ്പോൾ പ്രാദേശിക അഭിനന്ദനങ്ങൾക്കപ്പുറം അന്താരാഷ്ട്ര തലത്തിലുള്ള അംഗീകാരത്തിലേക്കാണ് വളർന്നിരിക്കുന്നത്.

ALSO READ: വിശുദ്ധനഗരമായ മദീനയിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്ന് ലുലു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക