ഇസ്ലാമാബാദ്: പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിൽ നൂറ്റാണ്ടിലധികം പഴക്കമുള്ള ഹിന്ദു ക്ഷേത്രം തകർത്തതായി റിപ്പോർട്ട്. സമീപത്തുള്ള മദ്രസ വിപുലീകരിക്കുന്നതിനായി ഓഗസ്റ്റ് 21-നാണ് 125 വർഷത്തോളം പഴക്കമുള്ള ക്ഷേത്രം തകർത്തത്. സംഭവത്തിൽ അന്വേഷണം വേണമെന്നും ക്ഷേത്രം പുനർനിർമ്മിക്കണമെന്നും ആവശ്യപ്പെട്ട് ന്യൂനപക്ഷ സംഘടനകളും രാഷ്ട്രീയ പാർട്ടികളും പ്രതിഷേധവുമായി രംഗത്തെത്തി.
|
ലാഹോറിൽ നിന്ന് 130 കിലോമീറ്റർ അകലെയുള്ള നരോവാളിലെ സിരാജ് ഗ്രാമത്തിലാണ് സംഭവം. നിരോധിക്കപ്പെട്ട തീവ്ര വലതുപക്ഷ ഇസ്ലാമിക് പാർട്ടിയായ ‘തഹ്‌രീകെ ലബ്ബൈക് പാകിസ്താൻ’ (TLP) പ്രവർത്തകരാണ് ക്ഷേത്രം തകർത്തതെന്ന് പ്രദേശവാസികളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു. എന്നാൽ കനത്ത മഴയെ തുടർന്നാണ് കെട്ടിടം തകർന്നതെന്നാണ് സർക്കാരിന്റെ വിശദീകരണം.
1,000 ചതുരശ്ര മീറ്ററോളം വിസ്തൃതിയുള്ള സ്ഥലത്താണ് ക്ഷേത്രം സ്ഥിതി ചെയ്തിരുന്നത്. ക്ഷേത്രത്തിന്റെ ലോഹ ഭാഗങ്ങളും നിർമ്മാണ സാമഗ്രികളും സ്ഥലത്തുനിന്ന് മാറ്റിയതായി പാകിസ്താൻ മസിഹ മില്ലത്ത് പാർട്ടി (PMMP) ചെയർമാൻ അസ്ലം പർവേസ് സഹോത്ര ആരോപിച്ചു. ക്ഷേത്രഭൂമി കൈയേറാൻ ശ്രമിച്ചവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഇദ്ദേഹം പഞ്ചാബ് ഹോം സെക്രട്ടറിയെ കണ്ടു.
ക്ഷേത്രത്തിന് സമീപമുള്ള സ്ഥലം മദ്രസയ്ക്കായി മുൻപ് നൽകിയിരുന്നെങ്കിലും വാടക നൽകാത്തതിനെ തുടർന്ന് ഇവാക്വീ ട്രസ്റ്റ് പ്രോപ്പർട്ടി ബോർഡ് (ETPB) ലീസ് റദ്ദാക്കിയിരുന്നു. സ്ഥലം ഒഴിപ്പിക്കാൻ ഉത്തരവുണ്ടായിരുന്നെങ്കിലും അധികൃതർ നടപടിയെടുത്തില്ലെന്ന് ന്യൂനപക്ഷ നേതാക്കൾ ആരോപിക്കുന്നു. സംഭവത്തിൽ ഭയന്നാണ് പ്രദേശത്തെ ഹിന്ദു വിഭാഗത്തിലുള്ളവർ കഴിയുന്നതെന്ന് നരോവാൾ ഡിസ്ട്രിക്റ്റ് പീസ് കമ്മിറ്റി അംഗം രത്തൻ ലാൽ പറഞ്ഞു.
അതേസമയം, ക്ഷേത്രം മഴയിലാണ് തകർന്നതെന്നും എന്നാൽ അതിനോട് ചേർന്നുള്ള ഭൂമി ആർക്കും ലീസ് നൽകിയിട്ടില്ലെന്നും ഇ.ടി.പി.ബി ഉദ്യോഗസ്ഥനായ റാണ ഇഫ്തിഖാർ വ്യക്തമാക്കി. ക്ഷേത്രം പുനർനിർമ്മിക്കുന്ന കാര്യത്തിൽ ഉയർന്ന ഉദ്യോഗസ്ഥർ തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Tags: Pakistan Hindu Temple Demolition, Narowal News, Pakistan Minority Rights, World News Malayalam, International News Malayalam, Tehreek i Labbaik Pakistan, ETPB Pakistan
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





