18
May 2024
Wed
18 May 2024 Wed
7 year old boy dies Sharjah while trapped in Car

ഷാര്‍ജ: ഷാര്‍ജയില്‍ കാറിനുള്ളില്‍ അകപ്പെട്ട് ഏഴുവയസ്സുകാരന്‍ മരിച്ചു. വിദ്യാര്‍ഥികളെയും കൊണ്ട് സ്‌കൂളിലെത്തിയ വനിതാ ഡ്രൈവര്‍ കുട്ടികള്‍ മുഴുവന്‍ ഇറങ്ങിയെന്ന് കരുതി വാഹനം ലോക്ക് ചെയ്ത് ഭര്‍ത്താവിനൊപ്പം മറ്റൊരു കാറില്‍ വീട്ടിലേക്ക് മടങ്ങിയതാണ് ദുരന്തകാരണം. തിങ്കളാഴ്ച ഉച്ചയോടെ അല്‍ ഷഹബ ഏരിയയിലായിരുന്നു സംഭവം. ഇബ്‌ന് സിനാ സ്‌കൂളിലെ വിദ്യാര്‍ഥിയാണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഉച്ചയ്ക്ക് വിദ്യാര്‍ഥികളെ തിരിച്ചുകൊണ്ടുവിടാന്‍ വേണ്ടി ഡ്രൈവര്‍ എത്തിയപ്പോഴാണ് കാറിനുള്ളില്‍ കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടത്. ഉടന്‍ അല്‍ ഖാസിമി ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു. അനധികൃത ടാക്‌സി കാറാണ് വിദ്യാര്‍ഥികളെ സ്‌കൂളിലെത്തിക്കാനും തിരിച്ചുകൊണ്ടുവരാനും ഏര്‍പ്പാടാക്കിയിരുന്നതെന്നും വനിതാ ഡ്രൈവര്‍ക്ക് ഇതിനുള്ള ലൈസന്‍സ് ഉണ്ടായിരുന്നില്ലെന്നും ഷാര്‍ജ പോലീസ് അറിയിച്ചു.

സംഭവത്തെക്കുറിച്ച് വാസിത് പൊലീസ് സ്റ്റേഷന്‍ അന്വേഷണം ആരംഭിച്ചു. മകന്റെ മരണത്തിന് കാരണക്കാരി ഡ്രൈവര്‍ ആണെന്ന് പിതാവ് സമ്മതിക്കാത്തതിനാല്‍ അവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ ഡ്രൈവറെ യാത്ര ചെയ്യുന്നതില്‍ നിന്ന് വിലക്കിയിട്ടുണ്ട്. അനുമതിയില്ലാത്ത വാഹനങ്ങളില്‍ വിദ്യാര്‍ഥികളെ സ്‌കൂളില്‍ അയക്കുന്നത് അപകടമാണെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക