ഉറങ്ങിക്കിടന്നപ്പോള്‍ പാമ്പ് കടിച്ചെങ്കിലും ഇതറിയാതെ പോയതിനാല്‍ എട്ടുവയസ്സുകാരി ചികില്‍സ കിട്ടാതെ മരിച്ചു. പാമ്പ് കടിയേറ്റ മുത്തശ്ശി ആശുപത്രിയില്‍. പാലക്കാട് കൊഴിഞ്ഞാമ്പാറയിലാണ് സംഭവം. വണ്ണാമൂല മൂലക്കട മുഹമ്മദ് ജുബീറലി-സബിയ ബീഗം ദമ്പതികളുടെ മകള്‍ അസ്ബിയ ഫാത്തിമയാണ് മരിച്ചത്.
|
അസ്ബിയയുടെ മുത്തശ്ശി റഹ്‌മത്തിനും(45)പാമ്പ് കടിയേറ്റിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ 1.30നായിരുന്നു സംഭവം. പാമ്പ് കടിയേറ്റത് റഹ്‌മത്ത് അറിയുകയും തുടര്‍ന്നിവരെ ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. മുത്തശ്ശിക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയും പാമ്പ് കടിയേറ്റിരുന്നു. എന്നാലിത് കുട്ടിയോ മറ്റുള്ളവരോ തിരിച്ചറിഞ്ഞില്ല.
റഹ്മത്ത് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഉച്ചകഴിഞ്ഞ് രണ്ടരയോടെ അസ്ബിയ കുഴഞ്ഞുവീഴുകയായിരുന്നു. കുട്ടിയെ ആശുപത്രിയിലെത്തിച്ചു നടത്തിയ പരിശോധനയിലാണ് പാമ്പ് കടിയേറ്റതായി മനസ്സിലാവുന്നത്. എന്നാല്‍ കുട്ടിയെ രക്ഷിക്കാനായില്ല.


