07
Nov 2023
Sun
07 Nov 2023 Sun

യു.എസിലേക്ക് ഇന്ത്യക്കാരുടെ അനധികൃത കുടിയേറ്റം വ്യാപകം; ഒരു കൊല്ലത്തിനിടെ പിടിയിലായത് ഒരു ലക്ഷം ഇന്ത്യക്കാര്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വാഷിംഗ്ടണ്‍: യു.എസിലേക്ക് ഏറ്റവുമധികം അനധികൃതമായി കുടിയേറുന്ന വിഭാഗമായി ഇന്ത്യക്കാര്‍. അനധികൃത കുടിയേറ്റ ശ്രമത്തിനിടെ കഴിഞ്ഞ ഒരു വര്‍ഷത്തിനകം 96,917 ഇന്ത്യക്കാര്‍ ആണ് പിടിയിലായത്. 2022 ഒക്ടോബര്‍ ഒന്നു മുതല്‍ 2023 സെപ്തംബര്‍ 30 വരെയുള്ള കണക്കാണിത്. യു.എസ് കസ്റ്റംസ് ആന്റ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഈ കണക്കുകളുള്ളത്. മെക്‌സിക്കോ, കാനഡ തുടങ്ങിയ രാജ്യാതിര്‍ത്തികളാണ് അനധികൃത കുടിയേറ്റക്കാര്‍ ഉപയോഗപ്പെടുത്തുന്നത്. കാനഡ അതിര്‍ത്തി വഴി കടക്കാന്‍ ശ്രമിച്ച 30,010 പേരും മെക്‌സിക്കോ വഴി ഉപയോഗപ്പെടുത്തിയ 41,770 പേരുമാണ് അറസ്റ്റിലായത്. ഗുജറാത്ത്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് ഇന്ത്യയിലെ അനധികൃത കുടിയേറ്റക്കാരില്‍ പിടിയിലായവരില്‍ ഭൂരിപക്ഷവും. പിടിയിലായവരില്‍ മലയാളികളും ഉള്‍പ്പെടുന്നുണ്ടാകാമെന്നാണ് സംശയിക്കുന്നത്.

യു.എസിലേക്കും കാനഡയിലേക്കും ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലേക്ക് അനധികൃതമായി കുടിയേറാന്‍ ശ്രമിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം പ്രതിവര്‍ഷം വര്‍ധിക്കുകയാണ്. ചില ട്രാവല്‍ ഏജന്‍സികളും ഏജന്റുമാരും ചേര്‍ന്നാണ് അനധികൃത കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുന്നത്. വന്‍ തുകയാണ് ഇതിനായി ഈടാക്കുന്നത്. അനധികൃതമായി കുടിയേറാന്‍ ശ്രമിച്ച് വിജയകരമായി പൂര്‍ത്തിയാക്കിയവരെ ചൂണ്ടിക്കാട്ടിയാണ് പലരേയും അനധികൃത കുടിയേറ്റത്തിന് പിന്നിലുള്ളവര്‍ പ്രലോഭിപ്പിക്കുന്നത്. പോലീസിന്റെ പിടിയിലായവരെയോ അത്തര്‍ക്കാര്‍ക്ക് പിന്നീടെന്ത് സംഭവിക്കുന്നു എന്നതോ അനധികൃത കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്നവര്‍ പുറത്തു പറയാറില്ല.

മൊത്തത്തില്‍, അതിര്‍ത്തിയിലും മറ്റിടങ്ങളിലും യുഎസ് അധികൃതര്‍ പിടികൂടിയ ഇന്ത്യക്കാരുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇരട്ടിയിലധികമാണ്. കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ (സിബിപി) ഡാറ്റ പ്രകാരം, സെപ്റ്റംബറില്‍ അവസാനിച്ച 2021- 22 സാമ്പത്തിക വര്‍ഷത്തില്‍ അനധികൃതമായി രാജ്യത്ത് പ്രവേശിച്ചതിന് 63,927 ഇന്ത്യക്കാരാണ് പിടിയിലായത്. മുന്‍ സാമ്പത്തിക വര്‍ഷം കണ്ടെത്തിയ 30,662 ല്‍ നിന്ന് 109 ശതമാനം വര്‍ദ്ധനവ്.

ടെക്‌സാസിലെ അതിര്‍ത്തി മതില്‍ കയറാന്‍ ശ്രമിച്ച് വീണ് ഒരു ഇന്ത്യക്കാരന്റെ മരണം അടുത്തിടെ വലിയ വാര്‍ത്തയായിരുന്നു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക