17
Feb 2024
Sun
17 Feb 2024 Sun

ആമിര്‍ഖാന്‍ നായകനായെത്തിയ ദംഗല്‍ എന്ന ചിത്രത്തില്‍ ഗുസ്തിതാരം ബബിത ഫോഗട്ടിന്‌റെ കുട്ടിക്കാലം അവതരിപ്പിച്ച സുഹാനി ഭട്‌നഗറിന്‌റെ (19) മരണകാരണം അപൂര്‍വരോഗം. ഡല്‍ഹി എയിംസില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചര്‍മത്തിലെ ചുണങ്ങുകള്‍ക്കും പേശികളിലെ ബലഹീനതയ്ക്കും കാരണമാവുന്ന അപൂര്‍വ രോഗമായ ഡെര്‍മറ്റോമയോസൈറ്റിസാണ് സുഹാനിയെ ബാധിച്ചിരുന്നതെന്ന് കുടുംബം വെളിപ്പെടുത്തി. ഫെബ്രുവരി ഏഴിന് എയിംസില്‍ പ്രവേശിപ്പിക്കപ്പെട്ട സുഹാനി ആരോഗ്യപ്രശ്‌നങ്ങള്‍ രൂക്ഷമായതിനെത്തുടര്‍ന്ന് 16നാണ് മരിച്ചത്.

രോഗലക്ഷണങ്ങള്‍ രണ്ട് മാസം മുന്‍പ് കണ്ടുതുടങ്ങിയെങ്കിലും പത്ത് ദിവസം മുന്‍പാണ് രോഗം സ്ഥിരീകരിച്ചതെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. രണ്ട് മാസം മുന്‍പാണ് കൈയില്‍ ചുവന്ന പാട് പ്രത്യക്ഷപ്പെട്ടത്. വിവിധ ആശുപത്രികളിലെ ഡോക്ടര്‍മാരെ കണ്ടിരുന്നെങ്കിലും രോഗം സ്ഥിരീകരിക്കാന്‍ സാധിച്ചിരുന്നില്ലെന്ന് അമ്മ പൂജ ഭട്‌നഗര്‍ പറഞ്ഞു.

ആരോഗ്യനില വഷളായതിനെത്തുടര്‍ന്നാണ് എയിംസില്‍ പ്രവേശിപ്പിച്ചത്. സുഹാനിയുടെ ആരോഗ്യനിലയില്‍ ഒരു പുരോഗതിയും ഉണ്ടായില്ലെന്നും അണുബാധയും ഫ്‌ളൂയിഡ് അധികം അടിഞ്ഞുകൂടുന്നതും കാരണം ശ്വാസകോശം നശിച്ചതായും അച്ഛന്‍ സുമിത് ഭട്‌നഗര്‍ പറഞ്ഞു. വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സ്റ്റിറോയ്ഡ് എടുക്കുക മാത്രമായിരുന്നു ഏക ചികിത്സ. ഈ ചികിത്സ ആരംഭിച്ചതോടെ രോഗപ്രതിരോധ ശേഷിയെ ബാധിക്കാന്‍ തുടങ്ങി. ഇതിനെത്തുടര്‍ന്ന് അണുബാധ പിടികൂടുകയായിരുന്നു. ലോകത്താകമാനം ഈ രോഗം ബാധിച്ച ആകെ അഞ്ചോ ആറോ പേർ മാത്രമാണുള്ളത്.

പേശികള്‍ ക്ഷയിക്കുകയും ചര്‍മത്തില്‍ തിണര്‍പ്പുകള്‍ ഉണ്ടാകുകയും ചെയ്യുന്ന അപൂര്‍വരോഗമാണ് ഡെര്‍മറ്റോമയോസൈറ്റിസ്. ശ്വാസകോശം, ഹൃദയം, ദഹനേദ്രിയ വ്യവസ്ഥകള്‍ എന്നിവയെയെല്ലാം രോഗം ബാധിക്കാം.

കുട്ടിക്കാലം മുതല്‍ മോഡലിങ് രംഗത്ത് സജീവമായിരുന്നു സുഹാനി. ദംഗല്‍ സൂപ്പര്‍ഹിറ്റായതോടെ സുഹാനിയും ശ്രദ്ധ നേടിയിരുന്നു. പഠനം പൂര്‍ത്തിയാക്കാനായി അഭിനയത്തില്‍ നിന്ന് ഇടവേള എടുത്തിരിക്കുകയായിരുന്നു സുഹാനി.