സന്തോഷ് ട്രോഫി: സീസണിലെ ആദ്യമത്സരത്തില്‍ കേരളം ഇന്ന് അസമിനെതിരേ; മത്സരം ഉച്ചയ്ക്ക് 2.30 മുതല്‍| Live കാണാം
|
ഗുവാഹതി: സന്തോഷ് ട്രോഫി ഫുട്ബോള്‍ ഫൈനല്‍ റൗണ്ടിലെ ആദ്യമത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് പവര്‍ ഹൗസായ അസമിനെ ഇന്ന് ചാംപ്യന്മാരായ കേരളം നേരിടും. ടൂര്‍ണമെന്റിന് ആദ്യമായി ആതിഥ്യമരുളുന്ന അരുണാചലിലെ, യൂപിയ ഗോള്‍ഡന്‍ ജൂബിലി ടര്‍ഫ് സ്റ്റേഡിയത്തില്‍ ഇന്ന് ഉച്ചതിരിഞ്ഞ് 2.30നാണ് മത്സരം. വൈകീട്ട് ഏഴിന് മറ്റൊരു മത്സരത്തില്‍ ഗോവയും ആതിഥേയരായ അരുണാചലും ഏറ്റുമുട്ടും. ആദ്യമായാണ് ടൂര്‍ണമെന്റ് ടര്‍ഫ് മൈതാനത്ത് നടക്കുന്നതെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. ഇടയ്ക്കിടെ മഴപെയ്യുന്ന അരുണാചലിലെ സാഹചര്യത്തില്‍ പുല്‍മൈതാനം കളിക്ക് പ്രായോഗികമല്ലാത്തതിനാലാണിത്.
ടൂര്‍ണമെന്റില്‍ ഏഴുതവണ ജേതാക്കളായ കേരളം ഗ്രൂപ്പ് എയില്‍ ജയത്തോടെ തുടങ്ങുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ന് ഇറങ്ങുന്നത്. യോഗ്യതാറൗണ്ടില്‍ നാലുകളികളില്‍ 12 ഗോള്‍ നേടിയ കേരളം ഒരേയൊരു ഗോളാണ് വഴങ്ങിയത്. പ്രതിരോധത്തില്‍ മികച്ച താരങ്ങളുള്ളതും മധ്യനിരയില്‍ ക്യാപ്റ്റന്‍ നിജോ ഗില്‍ബര്‍ട്ടിന്റെ ഫോമും ടീമിന്റെ ആത്മവിശ്വാസമുയര്‍ത്തുന്നു. മറുവശത്ത് യോഗ്യതാറൗണ്ടില്‍ ഒരു ഗോള്‍പോലും വഴങ്ങാതെ 20 ഗോള്‍ അടിച്ചുകൂട്ടിയ ടീമാണ് അസം. ഏഴുഗോള്‍ നേടിയ ദിപു മിര്ദയാകും കേരളത്തിന് വെല്ലുവിളിയുയര്‍ത്തുക.
കരുത്തരായ സര്‍വീസസ്, മേഘാലയ, ഗോവ എന്നിവര്‍ക്കൊപ്പം അരുണാചലും അടങ്ങുന്നതാണ് കേരളത്തിന്റെ ഗ്രൂപ്പ്. മൂന്നാഴ്ചയോളം നീളുന്ന ടൂര്‍ണമെന്റില്‍ ആകെ 37 മത്സരങ്ങളുണ്ട്. കഴിഞ്ഞവര്‍ഷത്തെ റണ്ണറപ്പായ മേഘാലയ നേരിട്ട് ഫൈനല്‍ റൗണ്ടിന് യോഗ്യതനേടി. ആതിഥേയരായതിനാല്‍ അരുണാചലിനും നേരിട്ട് യോഗ്യത ലഭിച്ചു.
കേരളം സാധ്യതാ ഇലവന്:
ഗോള്‍ കീപ്പര്‍: മുഹമ്മദ് അസ്ഹര്‍
പ്രതിരോധം
ജി. സഞ്ജു, ആര്. ഷിനു, ബെല്ജിന് ബോള്‍സ്റ്റര്‍, മുഹമ്മദ് സാലിം
മധ്യനിര
ജി. ജിതിന്, വി. അര്ജുന്, കെ. അബ്ദു റഹീം, നിജോ ഗില്‍ബര്‍ട്ട് (ക്യാപ്റ്റന്‍)
മുന്നേറ്റം
മുഹമ്മദ് ആഷിഖ്, ഇ. സജീഷ്.
Live: https://www.youtube.com/watch?v=xYNrekQEeEM
Kerala vs Assam in the first match of Santosh Trophy football today; The match starts at 2.30 pm


