ഹൂസ്റ്റണ്‍: ഫിഫ ലോകകപ്പില്‍ സ്വീഡനെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്തതിന് പിന്നാലെ ഹൂസ്റ്റണ്‍ സ്റ്റേഡിയത്തില്‍ മിന്നല്‍ മുന്നറിയിപ്പ്. ശനിയാഴ്ച നടന്ന ആവേശകരമായ മത്സരത്തിന് തൊട്ടുപിന്നാലെ പ്രദേശത്ത് ശക്തമായ ഇടിമിന്നലിന് സാധ്യതയുള്ളതിനാല്‍ കാണികളോട് സ്റ്റേഡിയത്തിന് പുറത്തിറങ്ങരുതെന്നും സുരക്ഷിത സ്ഥാനങ്ങളില്‍ തുടരണമെന്നും അധികൃതര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.
|
മത്സരത്തിന് ശേഷം കനത്ത മഴ പെയ്തതോടെ ഏകദേശം 30 മിനിറ്റോളം ആരാധകരോട് സ്റ്റേഡിയത്തിനുള്ളില്‍ തന്നെ തുടരാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു. പുറത്തുപോകുന്നതില്‍ നിന്നും ആരെയും വിലക്കിയില്ലെങ്കിലും സുരക്ഷ മുന്‍നിര്‍ത്തി അകത്ത് തുടരാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. എന്നാല്‍ ഈ കാത്തിരിപ്പ് സമയവും ഡച്ച് ആരാധകര്‍ പാട്ടും നൃത്തവുമായി സ്റ്റേഡിയത്തിനുള്ളില്‍ ആഘോഷമാക്കി മാറ്റി. നെതര്‍ലന്‍ഡ്‌സ് രാജാവ് വില്യം അലക്‌സാണ്ടറും മാക്‌സിമ രാജ്ഞിയും കളി കാണാന്‍ വിഐപി ബോക്‌സില്‍ എത്തിയിരുന്നു. 68,777 കാണികളാണ് ഹൂസ്റ്റണ്‍ സ്റ്റേഡിയത്തില്‍ കളി കാണാന്‍ എത്തിയിരുന്നത്.
ഗോള്‍വേട്ടയുമായി ബ്രോബിയും ഗാക്‌പോയും; ചരിത്രനേട്ടത്തില്‍ നെതര്‍ലന്‍ഡ്‌സ്
ആദ്യ മത്സരത്തില്‍ ജപ്പാനോട് സമനില വഴങ്ങിയ നെതര്‍ലന്‍ഡ്‌സ്, രണ്ടാം മത്സരത്തില്‍ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. ബ്രയാന്‍ ബ്രോബി, കോഡി ഗാക്‌പോ എന്നിവരുടെ ഇരട്ട ഗോള്‍ മികവിലാണ് നെതര്‍ലന്‍ഡ്‌സ് സ്വീഡനെ തകര്‍ത്തത്. കളിയുടെ അഞ്ചാം മിനിറ്റിലും 17-ാം മിനിറ്റിലും ഗോള്‍ നേടി ബ്രോബി ആദ്യ പകുതിയില്‍ തന്നെ നെതര്‍ലന്‍ഡ്‌സിന് വ്യക്തമായ മേധാവിത്വം നല്‍കി.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ (47′, 54′ മിനിറ്റുകളില്‍) കോഡി ഗാക്‌പോയും ഇരട്ട ഗോളുകള്‍ നേടി ലീഡ് 4-0 ആക്കി ഉയര്‍ത്തി. 59-ാം മിനിറ്റില്‍ ആന്റണി എലങ്കയിലൂടെ സ്വീഡന്‍ ഒരു ഗോള്‍ മടക്കിയെങ്കിലും 89-ാം മിനിറ്റില്‍ ക്രിസെന്‍സിയോ സമ്മര്‍വില്ലെ നെതര്‍ലന്‍ഡ്‌സിന്റെ അഞ്ചാം ഗോളും നേടി വിജയം പൂര്‍ത്തിയാക്കി.
ഈ വിജയത്തോടെ ലോകകപ്പ് ചരിത്രത്തില്‍ 100 ഗോളുകള്‍ തികയ്ക്കുന്ന എട്ടാമത്തെ ടീമെന്ന റെക്കോര്‍ഡും നെതര്‍ലന്‍ഡ്‌സ് സ്വന്തമാക്കി. ബ്രസീല്‍, ജര്‍മ്മനി, അര്‍ജന്റീന, ഫ്രാന്‍സ്, ഇറ്റലി, സ്‌പെയിന്‍, ഇംഗ്ലണ്ട് എന്നിവരാണ് ഇതിന് മുന്‍പ് ഈ നേട്ടം കൈവരിച്ച മറ്റ് ടീമുകള്‍. 1950-ല്‍ ബ്രസീലിനോട് 7-1 ന് തോറ്റതിന് ശേഷം ലോകകപ്പ് ചരിത്രത്തില്‍ സ്വീഡന്‍ വഴങ്ങുന്ന ഏറ്റവും വലിയ പരാജയമാണിത്. നിലവില്‍ ഗ്രൂപ്പ് എഫില്‍ നാല് പോയിന്റുമായി നെതര്‍ലന്‍ഡ്‌സാണ് മുന്നില്‍.
‘Lightning Alert’: Fans Told To Stay Put After Netherlands’ 5-1 Win Over Sweden

