02
Mar 2024
Tue
02 Mar 2024 Tue
uae flying car

ദുബായ്: ഏത് കാര്യത്തിലും പുതുമകള്‍ ഏറ്റവും ആദ്യം കൊണ്ടുവരുന്ന രാജ്യങ്ങളിലൊന്നായി മാറുകയാണ് യുഎഇ. യാത്രാ സൗകര്യങ്ങളില്‍ ഹൈപര്‍ ലൂപ്പ് പോലുള്ള പരീക്ഷണങ്ങള്‍ക്കു പിന്നാലെ ഇനി യുഎഇയെ കാത്തിരിക്കുന്നത് പറക്കും കാറുകളാണ്. കാറുകളില്‍ പറക്കുകയെന്ന യുഎഇക്കാരുടെ സ്വപ്നം 2025ഓടെ യാഥാര്‍ത്ഥ്യമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. (Flying cars in UAE in 2025)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

യുഎസ് പറക്കും കാര്‍ നിര്‍മാതാക്കളായ ആര്‍ച്ചറും യുഎഇ ഏവിയേഷന്‍ സേവനദാതാക്കളായ ഫാല്‍ക്കണ്‍ ഏവിയേഷനും സംയുക്തമായാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നത്. ഇതിനായി ദുബായിലും അബൂദബിയിലും വെര്‍ട്ടിപോര്‍ട്ടുകള്‍(വെര്‍ട്ടിക്കല്‍ എയര്‍പോര്‍ട്ടുകള്‍) ഒരുക്കും. ഈ വെര്‍ട്ടിപോര്‍ട്ടുകളില്‍ നിന്നാണ് പറക്കും കാറുകള്‍ വരികയും പോവുകയും ചെയ്യുക.

ആര്‍ച്ചറിന്റെ മിഡ്‌നൈറ്റ് എന്ന കാര്‍ ആണ് ഇതിന് ഉപയോഗിക്കുക. നാല് പേര്‍ക്ക് സഞ്ചരിക്കാവുന്ന പറക്കും കാറുകള്‍ രണ്ട് വെര്‍ട്ടിപോര്‍ട്ടുകള്‍ക്കുമിടയില്‍ നിരന്തരം പറക്കും. ചുരുങ്ങിയ ചെലവില്‍ ഇതില്‍ യാത്ര ചെയ്യാനാവുമെന്നാണ് വിവരം.

ദുബായ് പാമിലെ അറ്റ്‌ലാന്റിസിലുള്ള ഫാല്‍ക്കണ്‍ ഹെലിപോര്‍ട്ടിലും അബൂദബി കോര്‍ണിഷിലുമാണ് ആദ്യ വെര്‍ട്ടിപോര്‍ട്ടുകള്‍ ഒരുങ്ങുക. സാധാരണ കാറില്‍ ഒന്ന് മുതല്‍ ഒന്നര മണിക്കൂര്‍ വരെ എടുക്കുന്ന യാത്രാ സമയം 10 മുതല്‍ 30 മിനിറ്റ് വരെ ആയി ചുരുങ്ങും.

ശബ്ദ ശല്യമില്ലാതെ സുരക്ഷിതമായി യാത്രാ ചെലവില്‍ കാര്യമായ വര്‍ധനയില്ലാതെ തന്നെ അതിവേഗം ലക്ഷ്യത്തില്‍ എത്താമെന്നതാണ് പറക്കും കാറുകളുടെ പ്രത്യേകത. പൂര്‍ണമായും വെള്ളത്തിന് മുകളില്‍ കൂടിയാണ് സഞ്ചാരമെന്നതിനാല്‍ ഇരു നഗരങ്ങളുടെയും അറബിക്കടലിന്റെയും സൗന്ദര്യം ആസ്വദിച്ചു കൊണ്ട് യാത്ര ചെയ്യാനും അവസരമൊരുങ്ങും.