ബിജെപിക്ക് 170 കോടി രൂപയുടെ ഇലക്ടറല്‍ ബോണ്ട് നല്‍കിയതിനു പിന്നാലെ സോണിയാഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വാദ്രയ്ക്കും റിയല്‍ എസ്‌റ്റേറ്റ് ഗ്രൂപ്പായ ഡിഎല്‍എഫിനും ഹരിയാനയിലെ ബിജെപി സര്‍ക്കാര്‍ ക്ലീന്‍ചിറ്റ് നല്‍കിയ വിവരം പുറത്ത്. 2023 ഏപ്രിലില്‍ ആണ് ബിജെപി സര്‍ക്കാര്‍ റോബര്‍ട്ട് വാദ്രയ്ക്കും ഡിഎല്‍എഫ് കമ്പനിക്കും അനുകൂലമായ റിപോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്. ഇതിനു മുന്നോടിയായി ഡിഎല്‍എഫ് ഗ്രൂപ്പ് ബിജെപിക്ക് 170 കോടി രൂപ സംഭാവന നല്‍കിയിരുന്നുവെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവന്നത്.
|
2019 ഒക്ടോബറിനും 2022 നവംബറിനും ഇടയിലായാണ് ഡിഎല്‍എഫ് ഗ്രൂപ്പ് 170 കോടി രൂപ ബിജെപിക്ക് ഇലക്ടറല്‍ ബോണ്ടുകളായി നല്‍കിയതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട രേഖകള്‍ വ്യക്തമാക്കുന്നു. ഡിഎല്‍എഫ് കോമേഴ്‌സ്യല്‍ ഡവലപേഴ്‌സ് ലിമിറ്റഡ്, ഡിഎല്‍എഫ് ഗാര്‍ഡന്‍ സിറ്റി ഇന്‍ഡോര്‍ പ്രൈവറ്റ് ലിമിറ്റഡ്, ഡിഎല്‍എഫ് ലക്ഷ്വറി ഹോം ലിമിറ്റഡ് എന്നിവയാണ് ബോണ്ടുകള്‍ വാങ്ങിയത്. ബിജെപിക്ക് മാത്രമാണ് പണം ലഭിച്ചത്. മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കൊന്നും ഡിഎല്‍എഫ് സംഭാവന നല്‍കിയില്ലെന്നതും ശ്രദ്ധേയമാണ്.
പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവും ബിസിനസുകാരനുമായ റോബര്‍ട്ടും വാദ്രയ്ക്കും റിയല്‍ എസ്‌റ്റേറ്റ് ഗ്രൂപ്പായ ഡിഎല്‍എഫ് ഗ്രൂപ്പിനുമെതിരേ 2018 സെപ്തംബറിലാണ് ഗുരുഗ്രാമിലെ ഭൂമിയിടപാടില്‍ അഴിമതിയും തട്ടിപ്പും ആരോപിച്ചു കേസെടുത്തത്. സോണിയാ ഗാന്ധിയുടെ മരുമകന്‍ ഉള്‍പ്പെട്ട അഴിമതി ഉയര്‍ത്തി ആയിരുന്നു 2014ലെ തിരഞ്ഞെടുപ്പിനെ ബിജെപി നേരിട്ടതും സംസ്ഥാന ഭരണം പിടിച്ചെടുത്തതും. 1946ല്‍ ചൗഥരി രാഘവേന്ദ്ര സിങ് സ്ഥാപിച്ച ഡിഎല്‍എഫ് ഗ്രൂപ്പ് ഹരിയാന, ഡല്‍ഹി, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലായാണ് റിയല്‍ എസ്റ്റേറ്റ് ബിസിനസ് ചെയ്തിരുന്നത്. 2022-23 സാമ്പത്തികവര്‍ഷത്തില്‍ 2051 കോടി രൂപയുടെ അറ്റാദായം അടക്കം 6012 കോടിയായിരുന്നു ഡിഎല്‍എഫിന്റെ ആകെ വില്‍പ്പന.
വാദ്രയുടെ ഉടമസ്ഥയിലുള്ള കമ്പനിയില്‍ നിന്ന് ഭൂമി വാങ്ങിയത് 2012ല്‍ ഹരിയാന സര്‍ക്കാര്‍ റദ്ദാക്കിയതോടെയാണ് ഡിഎല്‍എഫ് വാര്‍ത്തകളില്‍ നിറയുന്നത്. 2008ല്‍ വാദ്രയുടെ കമ്പനിയായ സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റി ഗുരുഗ്രാമില്‍ 3.5 ഏക്കര്‍ ഭൂമി 7.5 കോടി രൂപയ്ക്കു വാങ്ങിയിരുന്നു. മാസങ്ങള്‍ക്കു ശേഷം ഡിഎല്‍എഫ് ഈ ഭൂമി ഏഴുമടങ്ങിലേറെ കൂടിയ വിലയായ 58 കോടി രൂപയ്ക്ക് വാദ്രയുടെ കമ്പനിയില്‍ നിന്ന് വിലയ്ക്കുവാങ്ങി. 2012ല്‍ ഹരിയാന സര്‍ക്കാര്‍ ഉദ്യോഗസ്ഥനാ. അശോക് ഖേംക ഡിഎല്‍എഫിന് ഭൂമിയുടെ ഉടമസ്ഥാവകാശം കൈമാറ്റം ചെയ്തത് റദ്ദാക്കി. ഇതോടെ കോണ്‍ഗ്രസ് സര്‍ക്കാരിലെ അന്നത്തെ ഹരിയാന മുഖ്യമന്ത്രി ഭൂപേന്ദര്‍ സിങ് ഹൂഡ ഖേംകയെ പദവിയില്‍ നിന്നു നീക്കി. ഇത് ഉയര്‍ത്തിക്കാട്ടി ബിജെപി തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കുകയും ചെയ്തു. ബിജെപി അധികാരത്തിലേറെ നാലുവര്‍ഷത്തിനു ശേഷം 2018 സെപ്തംബറില്‍ വാദ്രയ്ക്കും ഹൂഡയ്ക്കും ഡിഎല്‍എഫ് ഉദ്യോഗസ്ഥര്‍ക്കുമെതിരേ ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന, തട്ടിപ്പ്, ക്രമക്കേട്, അഴിമതിവിരുദ്ധ നിയമപ്രകാരമുള്ള വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുക്കുകയും ചെയ്തു. 2019 ജനുവരിയില്‍ സിബിഐ ഡിഎല്‍എഫ് ഓഫിസില്‍ തിരച്ചില്‍ നടത്തുകയും ചെയ്തു.
2023 ഏപ്രില്‍ 19ന് ഈ കേസുകളുമായി ബന്ധപ്പെട്ട് ക്രമക്കേട് സംബന്ധിച്ച യാതൊരുവിധ തെളിവുകളും ലഭിച്ചിട്ടില്ലെന്ന് പഞ്ചാബ്, ഹരിയാന ഹൈക്കോടതിയില്‍ ഹരിയാന ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ റിപോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. കേസന്വേഷണത്തിന് പ്രത്യേകാന്വേഷണ സംഘത്തെ നിയോഗിക്കാമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. 2023 നവംബറില്‍ കേസ് ഇഴഞ്ഞുനീങ്ങുന്നതിനെ ഹൈക്കോടതി ചോദ്യം ചെയ്യുകയും എത്രയും വേഗം നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





