വര്‍ഷങ്ങള്‍ നീണ്ട ഗവേഷണത്തിലൂടെ വികസിപ്പിച്ചെടുത്ത ലോകത്തിലെ ഏറ്റവും ശക്തമായ എംആര്‍ഐ ഒടുവില്‍ മനുഷ്യമസ്തിഷ്കം സ്കാന്‍ ചെയ്തു. നിഗൂഢമായ മനസ്സുകളിലേക്കും അവരെ വേട്ടയാടുന്ന രോഗങ്ങളിലേക്കും വെളിച്ചംവീശുന്ന കൃത്യതയുടെ പുതിയ തലമാണ് ഈ എംആര്‍ഐ സ്കാന്‍ എന്ന് ഗവേഷകര്‍ പറഞ്ഞു.(world’s most powerful MRI scans human brain)
|
ഫ്രാന്‍സ് ആണവോര്‍ജ കമ്മീഷനിലെ ഗവേഷകര്‍ 2021ല്‍ ഈ എംആര്‍ഐ ഉപയോഗിച്ച് മത്തങ്ങ സ്കാന്‍ ചെയ്തിരുന്നെങ്കിലും ഇപ്പോള്‍ മാത്രമാണ് മനുഷ്യരെ സ്കാന്‍ ചെയ്യുന്നതിനുള്ള ആരോഗ്യ അധികൃതരുടെ പച്ചക്കൊടി ലഭിക്കുന്നത്. ഏതാനും മാസങ്ങള്‍ക്കിടെ ഇരുപതോളം വോളന്റിയര്‍മാരിലാണ് എംആര്‍ഐയുടെ പ്രവര്‍ത്തനം പരീക്ഷിച്ചത്. 11.7 ടെസ് ലയാണ് മെഷീന്റെ കാന്തികശേഷി. നിലവില്‍ ആശുപത്രികളില്‍ ഉപയോഗിക്കുന്ന എംആര്ഐകളേക്കാള് 10 മടങ്ങ് കൃത്യതയാണ് പുതിയ ഫ്രാന്‍സിലെ ഗവേഷകര്‍ വികസിപ്പിച്ച എംആര്ഐക്കുള്ളത്. ഈ എംആര്‍ഐ സ്കാനിങ്ങിലൂടെ സെറിബ്രല്‍ കോര്‍ട്ടക്സിനെ പോഷിപ്പിക്കുന്ന ചെറിയ ഭാഗങ്ങളെയും ഇതുവരെ അദൃശ്യമായിരുന്ന സെറിബല്ലത്തിന്റെ വിശദാംശങ്ങള്‍ വരെ കാണാനാവുമെന്ന് പദ്ധതിയുടെ ഭാഗമായ അലക്സാണ്ട്ര വിഗ്നോഡ് പറഞ്ഞു.
അഞ്ച് മീറ്റര്‍ (16 അടി) നീളവും ഉയരവുമുള്ള ഒരു സിലിണ്ടറിനുള്ളില്‍, 1,500 ആമ്പിയര്‍ കറന്റ് വഹിക്കുന്ന ഒരു കോയില്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന 132 ടണ്‍ കാന്തമാണ് ഈ മെഷീനില്‍ ഉള്ളത്.മനുഷ്യരെ ഉള്ളിലേക്ക് കടത്തുന്ന കവാടത്തിന് 90 സെന്റിമീറ്റര്‍ ആണ് വ്യാസം. ഫ്രഞ്ച്-ജര്‍മന്‍ എന്‍ജിനീയര്‍മാര്‍ ഇരുപതുവര്‍ഷം നീണ്ട ഗവേഷണത്തിലൂടെയാണ് ഈ മെഷീന്റെ രൂപകല്‍പ്പന പൂര്‍ത്തിയാക്കിയത്. പാര്ക്കിന്സണ്, അല്സ്ഹെയ്മേഴ്സ്, വിഷാദരോഗം, സ്കിസോഫ്രീനിയ എന്ന മാനസിക രോഗം തുടങ്ങിയ രോഗങ്ങള്‍ക്കു കാരണമാവുന്ന മസ്തിഷ്കത്തിലെ മാറ്റങ്ങള്‍ കണ്ടെത്താന്‍ ഈ മെഷീനിലെ തെളിച്ചമുള്ള സ്കാനുകളിലൂടെ കഴിയുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.
ബൈപോളാര്‍ തകരാര്‍ പോലുള്ളവയെ ചികില്സിക്കുന്നതിന് ഉപയോഗിക്കുന്ന ലിതിയം പോലുള്ള മരുന്നുകള്‍ എങ്ങനെയാണ് തലച്ചോറിലേക്ക് എങ്ങനെ വിതരണം ചെയ്യുന്നതെന്ന കാര്യവും കണ്ടെത്താനാവുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ. ലിതിയം ലക്ഷ്യമാക്കുന്ന തലച്ചോറിലെ ഭാഗങ്ങളുടെ വ്യക്തമായ ചിത്രങ്ങള്‍ എംആര്‍ഐ നല്‍കുന്നതിലൂടെ മരുന്നിനോട് രോഗി നല്ല രീതിയിലാണോ മോശം രീതിയിലാണോ പ്രതികരിക്കുന്നതെന്ന് തിരിച്ചറിയാന്‍ സഹായിക്കുകയും ചെയ്യും. മെഷീന് രോഗനിര്‍ണയ ഉപകരണമായി ഉപയോഗിക്കില്ലെന്നും എന്നാല്‍ ഇവയിലൂടെ ആര്ജിതമാവുന്ന അറിവ് ആശുപത്രികളില്‍ ഉപയോഗപ്പെടുത്താന്‍ കഴിയുമെന്നും ഗവേഷകര്‍ പറയുന്നു. വരുംമാസങ്ങളില്‍ ആരോഗ്യമുള്ള കൂടുതല്‍ രോഗികളെ അവരുടെ മസ്തിഷ്ക സ്കാനിങ്ങിനായി തിരഞ്ഞെടുക്കുമെന്നും ഗുരുതരാവസ്ഥയിലുള്ള രോഗികളില്‍ മെഷീന് ഉടനെയൊന്നും പ്രയോഗിക്കാനാവില്ലെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ത്തു.


