18
Jun 2026
Wed
18 Jun 2026 Wed
PM SHRI VD SATHEESHAN

തിരുവനന്തപുരം: കഴിഞ്ഞ സര്‍ക്കാര്‍ പിഎംശ്രീയില്‍ ഒപ്പുവെച്ചതിനാല്‍ കേരളവും നിലവില്‍ പദ്ധതിയില്‍ പങ്കാളിയാണെന്നും അതില്‍ നിന്ന് പിന്മാറാനാവില്ലെന്നും മുഖ്യമന്ത്രി വി ഡി സതീശന്‍. പിഎംശ്രീ പദ്ധതി സംബന്ധിച്ച് മന്ത്രിസഭാ യോഗത്തില്‍ വിശദമായ ചര്‍ച്ച നടന്നതായി മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇതിന്റെ തുടര്‍ നടപടികള്‍ക്കായി വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്‍ കണ്‍വീനര്‍ ആയി മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മന്ത്രിമാരായ റോജി എം ജോണ്‍, പി സി വിഷ്ണുനാഥ്, എം ലിജു എന്നിവരാണ് മറ്റ് അംഗങ്ങള്‍. സമിതിയായിരിക്കും പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റെ കാര്യങ്ങള്‍ കേന്ദ്രസര്‍ക്കാരിനെ അറിയിക്കുകയെന്നും ഉപസമിതി റിപ്പോര്‍ട്ടിന് ശേഷമായിരിക്കും പദ്ധതിയുടെ തുടര്‍നടപടികള്‍ എന്നും വി ഡി സതീശന്‍ പറഞ്ഞു.

‘കഴിഞ്ഞ സര്‍ക്കാര്‍ പിഎംശ്രീയില്‍ ഒപ്പുവെച്ചതിനാല്‍ കേരളവും നിലവില്‍ പദ്ധതിയില്‍ പങ്കാളിയാണ്. 99കോടി രൂപയിലധികം പദ്ധതിയുമായി ബന്ധപ്പെട്ട് വാങ്ങിയിട്ടുണ്ട്. 106 കോടി രൂപ കേന്ദ്രം അനുവദിച്ചിട്ടുമുണ്ട്. കരിക്കുലം ഫ്രീഡത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടരുത്, പദ്ധതികള്‍ നടപ്പിലാക്കുന്ന സ്‌കൂളുകള്‍ തെരഞ്ഞെടുക്കാനുള്ള അവകാശം സംസ്ഥാന സര്‍ക്കാരിന് നല്‍കണം എന്നീ രണ്ട് നിബന്ധനകള്‍ കേന്ദ്രസര്‍ക്കാരിന് മുന്നില്‍ വയ്ക്കുമെന്നും സതീശന്‍ പറഞ്ഞു.

‘2024ല്‍ പിഎംശ്രീ സംബന്ധിച്ച് തീരുമാനം എടുത്തിട്ടുണ്ട്. കഴിഞ്ഞ സര്‍ക്കാര്‍ ആണ് ഒപ്പുവെച്ചത്. നമ്മള്‍ നിര്‍ബന്ധിതരാവുകയാണ്. പിഎംശ്രീയില്‍ ഒപ്പുവെച്ച് നമ്മള്‍ പണം വാങ്ങി കഴിഞ്ഞു. സര്‍ക്കാരിനുള്ള അപകാശങ്ങള്‍ ബലി കഴിപ്പിക്കാതെ എന്ത് ചെയ്യാന്‍ കഴിയുമെന്നാണ് ആലോചിക്കുന്നത്’, മുഖ്യമന്ത്രി വിശദീകരിച്ചു.

പിഎംശ്രീയില്‍ ബിജെപി ഇതര സംസ്ഥാനങ്ങളുമായി ഒന്നിച്ചുനീങ്ങും. കേന്ദ്രത്തില്‍ നിന്നുള്ള പണം നമ്മുടെ അവകാശമല്ലേയെന്നും വി ഡി സതീശന്‍ ചോദിച്ചു. പിഎം ശ്രീയില്‍ നിന്നും പിന്മാറാന്‍ മുന്‍ സര്‍ക്കാര്‍ ഒരു കത്തും നല്‍കിയിട്ടില്ല എന്നും വി ഡി സതീശന്‍ അവകാശപ്പെട്ടു.

പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവച്ചെങ്കിലും എതിര്‍പ്പുകള്‍ പരിഗണിച്ച് പദ്ധതി മരവിപ്പിച്ചതായും ഇക്കാര്യം അറിയിച്ച് കേന്ദ്രത്തിന് കത്തയച്ചുവെന്നും നേരത്തേ എല്‍ഡിഎഫ് സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട് കേരളത്തിന് പണമൊന്നും ലഭിച്ചിട്ടില്ലെന്നും മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി പറഞ്ഞിരുന്നു.

V D Satheesan stated that Kerala is already a participant in the PM SHRI scheme