ന്യൂഡല്‍ഹി: ലോക് സഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് പ്രകടന പത്രിക പുറത്തിറക്കി. മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവര്‍ ചേര്‍ന്ന്് പുറത്തിറക്കിയ പ്രകടന പത്രികയില്‍ രാജ്യത്തെ പിടിച്ചുലച്ച പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് ഒന്നും പറയുന്നില്ല. തൊഴില്‍, ക്ഷേമം, സമ്പത്ത് എന്നിവയാണ് പ്രകടന പത്രികയുടെ മൂന്ന് ആപ്തവാക്യങ്ങള്‍. (congress election manifesto gst). ( congress-election-manifesto-election 2024 )
|
ഡാറ്റയുടെ അടിസ്ഥാനത്തില്‍ രാജ്യത്തുടനീളം ജാതി സെന്‍സസ് നടപ്പാക്കുമെന്ന് പ്രകടന പത്രികയില്‍ പറയുന്നു. എസ്‌സി, എസ് ടി , ഒബിസി സംവരണം 50 ശതമാനത്തിന് മുകളില്‍ ഉയര്‍ത്തുന്നതിന് ഭരണഘടന ഭേദഗതി കൊണ്ടുവരും. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് ജോലികള്‍ക്ക് 10% സംവരണം ഏര്‍പ്പെടുത്തുമെന്നും പത്രികയില്‍ പറയുന്നു.
അതേസമയം, ഇന്ത്യയിലെ മുസ്ലിംകളെ ഗുരുതരമായി ബാധിക്കാനിടയുള്ള പൗരത്വഭേദഗതി നിയമം റദ്ദാക്കുന്നതിനെക്കുറിച്ച് പ്രകടന പത്രികയില്‍ ഒന്നും പറയുന്നില്ല. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ നിയമം റദ്ദാക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളില്‍ പലരും നേരത്തേ പറഞ്ഞിരുന്നു. എല്ലാ കാര്യങ്ങളും പ്രകടന പത്രികയില്‍ പറയേണ്ടതില്ലെന്ന് ഇതേക്കുറിച്ച് കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാല്‍ പ്രതികരിച്ചു. തെറ്റായ നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് പത്രികയില്‍ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

അഴിമതികളില്‍ അന്വേഷണം
ഇലക്ടറല്‍ ബോണ്ടിലും, പിഎം കെയര്‍ ഫണ്ടിലും അന്വേഷണം നടത്തുമെന്നതാണ് മറ്റൊരു പ്രധാന പ്രഖ്യാപനം. പെഗാസെസ്, നോട്ട് നിരോധനം, റഫാല്‍ അഴിമതികളിലും അന്വേഷണം. പുതിയ ജിഎസ്ടി നിയമം കൊണ്ടുവരും. പഞ്ചായത്തുകള്‍ക്കും, മുനിസിപ്പാലിറ്റികള്‍ക്കും ജിഎസ്ടി വിഹിതം ലഭ്യമാക്കും. ആന്ധ്രക്ക് പ്രത്യേക പദവിയും പുതുച്ചേരിക്ക് സംസ്ഥാന പദവിയും നല്‍കും.
സാമൂഹിക പരിഷ്‌കര്‍ത്താക്കളുടെ ജീവിതവും പ്രവര്‍ത്തനങ്ങളും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്നും നിര്‍ത്തലാക്കിയ മൗലാനാ ആസാദ് സ്‌കോളര്‍ഷിപ്പുകള്‍ പുനസ്ഥാപിക്കുമെന്നും വാഗ്ദാനമുണ്ട്. മുതിര്‍ന്ന പൗരന്മാര്‍ക്ക് പൊതുഗതാഗതത്തില്‍ ഉണ്ടായിരുന്ന യാത്രാ ഇളവുകള്‍ പുനസ്ഥാപിക്കും.
ആരോഗ്യ മേഖല ജനകീയമാക്കും
പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ കൂടുതല്‍ വിപുലീകരിക്കും. പൊതുജനാരോഗ്യ കേന്ദ്രങ്ങളില്‍ ആരോഗ്യ പരിരക്ഷ സൗജന്യമാക്കും. ആരോഗ്യത്തിലുള്ള ബജറ്റ് വിഹിതം ഓരോ വര്‍ഷവും പടിപടിയായി വര്‍ധിപ്പിക്കുമെന്നാണ് പ്രഖ്യാപനം. ഓരോ ജില്ലയിലും ഒരു സര്‍ക്കാര്‍ മെഡിക്കല്‍ കോളജും ആശുപത്രിയും സ്ഥാപിക്കും. പൊതുജനാരോഗ്യ മേഖലയിലെ എല്ലാ ഒഴിവുകളും മൂന്നുവര്‍ഷത്തിനുള്ളില്‍ നികത്തും. കേന്ദ്രസര്‍ക്കാര്‍ തസ്തികകളിലെ മുപ്പത് ലക്ഷത്തോളം ഒഴിവുകള്‍ നികത്തും. കായിക താരങ്ങള്‍ക്ക് പ്രതിമാസം 10,000 രൂപയുടെ സ്‌പോര്‍ട്‌സ് സ്‌കോളര്‍ഷിപ്പ് നല്‍കും.
രാജസ്ഥാന്‍ മാതൃകയില്‍ 25 ലക്ഷം രൂപ വരെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയും പാവപ്പെട്ടവര്‍ക്കായി മഹാലക്ഷ്മി പദ്ധതിയും അവതരിപ്പിക്കും.
വിദ്യാഭ്യാസത്തിലെ കാവിവല്‍ക്കരണത്തിനെതിരേ
ബിജെപി കൊണ്ടുവന്ന പുതിയ വിദ്യാഭ്യാസ നയം സംസ്ഥാന സര്‍ക്കാരുകളുമായി കൂടിയാലോചിച്ച് ഭേദഗതി ചെയ്യും. പൊതു വിദ്യാലയങ്ങളില്‍ വിവിധ ആവശ്യങ്ങള്‍ക്ക് പ്രത്യേക ഫീസ് ഈടാക്കുന്നത് അവസാനിപ്പിക്കും.
വനിതകള്‍ക്ക് വര്‍ഷം ഒരു ലക്ഷം രൂപ
കുടുംബത്തിലെ മുതിര്‍ന്ന വനിത അംഗത്തിന്റെ അക്കൗണ്ടില്‍ വര്‍ഷം ഒരു ലക്ഷം രൂപ നല്‍കും. 2025 മുതല്‍ കേന്ദ്ര സര്‍ക്കാരിലെ പകുതി തസ്തികകള്‍ വനിതകള്‍ക്കായി സംവരണം ചെയ്യും. താങ്ങ് വില നിയമവിധേയമാക്കും.





