28
Apr 2024
Wed
28 Apr 2024 Wed

ലോക്‌സഭ തെരഞ്ഞെടുപ്പ്: ആദ്യഘട്ടത്തിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും; മറ്റന്നാള്‍ 102 മണ്ഡലങ്ങള്‍ ബൂത്തിലേക്ക്

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. വിവിധ സംസ്ഥാനങ്ങളിലും കേന്ദ ഭരണപ്രദേശങ്ങളിലുമായി 102 മണ്ഡലങ്ങളിലാണ് വെള്ളിയാഴ്ച വോട്ടെടുപ്പ് നടക്കുക. തമിഴ്‌നാട്ടിലെ മുഴുവന്‍ സീറ്റിലും ലക്ഷദ്വീപിലും മാഹിയുള്‍പ്പെടുന്ന പുതുച്ചേരിയിലും ആദ്യഘട്ടത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

ഉത്തരാഖണ്ഡ് (5), ബിഹാര്‍ (4), മധ്യപ്രദേശ് (6), മഹാരാഷ്ട്ര (5), രാജസ്ഥാന്‍ (12), ത്രിപുര (1), ഉത്തര്‍പ്രദേശ് (8), പശ്ചിമബംഗാള്‍ (3), ജമ്മു കശ്മീര്‍ (1), അരുണാചല്‍ പ്രദേശ് (2), മണിപ്പൂര്‍(2), മേഘാലയ(2), മിസോറാം (1), നാഗാലാന്‍ഡ് (1), സിക്കിം (1) എന്നീ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശമായ ആന്‍ഡമാന്‍ നിക്കോബാറിലുമാണ് ആദ്യഘട്ടത്തില്‍ വിധിയെഴുതുന്നത്. 102 മണ്ഡലങ്ങളിലായി 1625 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്.

80 ലോക്‌സഭ സീറ്റുകളുള്ള യുപിയില്‍ എട്ടിടത്താണ് ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ്. സഹാരണ്‍പൂര്‍, കൈരാന, മുസാഫര്‍നഗര്‍, ബിജ്‌നോര്‍, നാഗിന, മൊറാദാബാദ്, രാംപൂര്‍, പിലിബിത്ത് എന്നിവയാണ് വെള്ളിയാഴ്ച പോളിങ് ബൂത്തിലെത്തുന്നത്. 42 സീറ്റുകളുള്ള ബംഗാളില്‍ കൂച്ച്ബിഹാര്‍, അലിപൂര്‍ദ്വാര്‍, ജയ്പാല്‍ഗുരി എന്നിവയും വെള്ളിയാഴ്ച വിധിയെഴുതും. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി മത്സരിക്കുന്ന നാഗ്പൂരും ആദ്യഘട്ടത്തില്‍ വിധിയെഴുതും.

തമിഴ്‌നാട്ടിലെ മുഴുവന്‍ സീറ്റിലും ആദ്യഘട്ടത്തിലാണ് തെരഞ്ഞെടുപ്പ് എന്നതിനാല്‍ ബിജെപിയുടെയും നരേന്ദ്ര മോദിയുടെയും പ്രധാനശ്രദ്ധ ദക്ഷിണേന്ത്യയിലായിരുന്നു.