അക്ബര്‍ സിംഹവും സീത സിംഹവും ഇനി അറിയപ്പെടുക സൂരജും തനായയും: പുതിയ പേര് ശുപാര്‍ശചെയ്ത് ബംഗാള്‍ സര്‍ക്കാര്‍
|
ന്യൂഡല്‍ഹി: ആണ്‍ സിംഹത്തിന് അക്ബര്‍ എന്നും പെണ്‍ സിംഹത്തിന് സീത എന്നും പേരിട്ടതിനെത്തുടര്‍ന്ന് ഹിന്ദുത്വ സംഘടനകള്‍ വിവാദമാക്കിയ പശ്ചിമബംഗാളിലെ സിലിഗുഡി സഫാരി പാര്‍ക്കിലെ സിംഗങ്ങള്‍ക്ക് പുതിയ പേര് നിര്‍ദേശിച്ച് പശ്ചിമബംഗാള്‍ സര്‍ക്കാര്‍. അക്ബര്‍ സിംഹത്തിന് സൂരജ് എന്നും സീതയ്ക്ക് തനായ എന്നുമാണ് ശുപാര്‍ശചെയ്തിരിക്കുന്ന പേരുകള്‍. ശുപാര്‍ശ കേന്ദ്ര മൃഗശാല അതോറിറ്റിക്ക് സര്‍ക്കാര്‍ കൈമാറി.
കേന്ദ്ര മൃഗശാല അതോറിറ്റി ശുപാര്‍ശ അംഗീകരിച്ചാല്‍ അക്ബര്‍ സിംഹം ഔദ്യോഗിക രേഖകളില്‍ സൂരജ് എന്നായിരിക്കും ഇനി അറിയപ്പെടുക. പെണ്‍സിംഹത്തിന്റെ പേര് തനായ എന്നും രേഖപ്പെടുത്തുക. പേര് അംഗീകരിച്ചാല്‍ ഈ സിംഹങ്ങള്‍ ജന്മംനല്‍കുന്ന സിംഹക്കുട്ടികളുടെ രക്ഷകര്‍ത്താക്കളുടെ സ്ഥാനത്ത് ഈ പേരുകളാകും രേഖപ്പെടുത്തുക. എന്നാല്‍, ഈ ശുപാര്‍ശ നിരാകരിച്ച് കേന്ദ്ര മൃഗശാലാ അതോറിറ്റിക്ക് സിംഹങ്ങള്‍ക്ക് ഡിജിറ്റല്‍ പേരുകള്‍ നല്‍കാനും അധികാരം ഉണ്ട്.
സിംഹങ്ങള്‍ക്ക് അക്ബര്‍, സീത എന്നീ പേരുകള്‍ ഇട്ടതിനെ വിമര്‍ശിച്ച് സംഘ്പരിവാര്‍ സംഘടനകള്‍ രംഗത്തുവരികയും ഹരജി നല്‍കുകയും ചെയ്തതിനെത്തുടര്‍ന്ന് കല്‍ക്കട്ട ഹൈക്കോടതി ഇതിനെ വിമര്‍ശിച്ചിരുന്നു. വി.എച്ച്.പിയുടെ ഹര്‍ജി പരിഗണിക്കവെയാണ് കല്‍ക്കട്ട ഹൈക്കോടതിയുടെ സര്‍ക്യൂട്ട് ബെഞ്ച് ജഡ്ജി വിമര്‍ശനം ഉന്നയിച്ചത്. ദൈവങ്ങളുടെയും പുരാണ നായകരുടെയും പേരുകള്‍ മൃഗങ്ങള്‍ക്ക് ഇടുന്നത് ശരിയല്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു. വിവാദമായ പേരുകള്‍ മാറ്റി വിവാദം ഒഴിവാക്കണമെന്ന് കല്‍ക്കട്ട ഹൈക്കോടതി അഭിപ്രായപെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ പേരുകള്‍ ബംഗാള്‍ സര്‍ക്കാര്‍ ശുപാര്‍ശചെയ്തിരിക്കുന്നത്.
മൃഗങ്ങളെ കൈമാറ്റംചെയ്യുന്ന പദ്ധതിപ്രകാരമാണ് ത്രിപുരയിലെ സെപാഹിജാല മൃഗശാലയില്‍നിന്ന് ഒരു ആണ്‍ സിംഹത്തെയും ഒരു പെണ്‍ സിംഹത്തെയും ഫെബ്രുവരി 13ന് സിലിഗുരി സഫാരി പാര്‍ക്കിലേക്ക് മാറ്റിയത്. ആണ്‍സിംഹത്തിന് ഏഴ് വയസ്സും പെണ്‍ സിംഹത്തിന് അഞ്ചുവയസ്സുമാണ് പ്രായം. സിലിഗുരി സഫാരി പാര്‍ക്കില്‍ എത്തിയപ്പോള്‍മുതല്‍ ആണ്‍സിംഹത്തിനെ അക്ബര്‍ എന്നും പെണ്‍ സിംഹത്തിനെ സീതയെന്നുമാണ് വിളിച്ചിരുന്നത്. എന്നാല്‍, പേരിട്ടത് തങ്ങളല്ലെന്ന നിലപാടാണ് പശ്ചിമ ബംഗാള്‍ വനംവകുപ്പ് സ്വീകരിച്ചത്.
സംഭവം വിവാദമായതിനെ തുടര്‍ന്ന് സിംഹങ്ങള്‍ക്ക് സീത, അക്ബര്‍ എന്നീ പേരിട്ടതുമായി ബന്ധപ്പെട്ട വിവാദത്തില്‍ മുതിര്‍ന്ന ഐഎഫ്എസ് ഉദ്യോഗസ്ഥനെ ത്രിപുര സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
Row over ‘interfaith’ lion pair: West Bengal govt proposes new names





