|
തിരുവനന്തപുരം: കേരളത്തില്‍ കലാശക്കൊട്ട് ദിനമായ ഇന്ന് തെരഞ്ഞെടുപ്പ് ചൂടിനൊപ്പം അന്തരീക്ഷവും ചൂട് പിടിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചനം. ഏപ്രില്‍ 27 വരെ സംസ്ഥാനത്ത് താപനില സാധാരണയെക്കാള്‍ രണ്ടു മുതല്‍ നാലു ഡി?ഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത. ഇടുക്കി, വയനാട് ഒഴികെ 12 ജില്ലകളില്‍ കനത്ത ചൂടിന്റെ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 40 ഡി?ഗ്രി സെല്‍ഷ്യസ് വരെയും കൊല്ലം, തൃശൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും കോഴിക്കോട് ജില്ലയില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയര്‍ന്നേക്കും. ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, കോട്ടയം, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും തിരുവനന്തപുരം, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാന്‍ സാധ്യതയുണ്ട്.
ഉച്ചയ്ക്ക് ശേഷം വേനല്‍ മഴയ്ക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത. മധ്യതെക്കന്‍ ജില്ലകളിലെ കിഴക്കന്‍ മേഖലകളില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.





