തിരുവനന്തപുരം: ഉഷ്ണതരംഗ സാധ്യത കണക്കിലെടുത്ത് മെയ് ആറ് വരെ സംസ്ഥാനത്തെ പ്രഫഷണല്‍ കോളജുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ നിര്‍ദേശം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ദുരന്തനിവാരണ അതോറിറ്റി യോഗത്തിലാണ് തീരുമാനം.(all educational institutions including professional colleges will closed until may 6)
|
രാവിലെ 11 മുതല്‍ 3 വരെ സ്കൂള്‍ വിദ്യാര്‍ഥികളുടെ അവധിക്കാല ക്ലാസുകള്‍ നടത്തരുത്. പോലീസ്, അഗ്നിശമന രക്ഷാസേന, മറ്റ് സേനാവിഭാഗങ്ങള്‍, എന്‍.സി.സി, എസ്.പി.സി തുടങ്ങിയവയുടെ പരിശീലന കേന്ദ്രങ്ങളില്‍ പകല്‍ സമയത്തെ പരേഡും ഡ്രില്ലുകളും ഒഴിവാക്കണമെന്നും യോഗത്തില്‍ തീരുമാനമായി.
പകല്‍ 11 മുതല്‍ വൈകുന്നേരം 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, മത്സ്യതൊഴിലാളികള്‍, മറ്റ് കാഠിന്യമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ മുതലായവര്‍ ഇതിനനുസരിച്ച് ജോലി സമയം ക്രമീകരിക്കണം.
ആസ്ബെസ്റ്റോസ്, ടിന് ഷീറ്റുകള്‍ മേല്‍ക്കൂരയായിട്ടുള്ള തൊഴിലിടങ്ങള്‍ പകല്‍ സമയം അടച്ചിടണം. ഇവ മേല്‍ക്കൂരയായുള്ള വീടുകളില്‍ താമസിക്കുന്ന അതിഥി തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരെ ക്യാംപുകളിലേക്ക് മാറ്റാനാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കണം. മാര്‍ക്കറ്റുകള്‍, കെട്ടിടങ്ങള്‍, മാലിന്യശേഖരണ നിക്ഷേപ കേന്ദ്രങ്ങള്‍ തുടങ്ങിയ തീപിടിത്ത സാധ്യതയുള്ള ഇടങ്ങളില്‍ ഫയര്‍ ഓഡിറ്റ് നടത്തുകയും സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കുകയും വേണം. ആശുപത്രികളുടെയും പ്രധാന സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും ഫയര്‍ ഓഡിറ്റ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പുറപ്പെടുവിച്ച മാനദണ്ഡം അനുസരിച്ച് പെട്ടന്നുതന്നെ ചെയ്യണം.
കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ വനം വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. കലാ-കായിക മത്സരങ്ങള്‍/പരിപാടികള്‍ പകല്‍ 11 മുതല്‍ വൈകീട്ട് 3 വരെ നിര്‍ബന്ധമായും നടത്തരുത്. ഉച്ചവെയിലില്‍ കന്നുകാലികളെ മേയാന്‍ വിടുന്നതും മറ്റു വളര്‍ത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. ലയങ്ങള്‍, ആദിവാസി, ആവാസകേന്ദ്രങ്ങള്‍ മുതലായ ഇടങ്ങളില്‍ കുടിവെള്ളം ഉറപ്പാക്കണം. പരിസ്ഥിതി ദിനമായ ജൂണ്‍ 5ന് എല്ലാ പൊതുസ്ഥലങ്ങളിലും തണല്‍മരങ്ങള്‍ പിടിപ്പിച്ച് സംരക്ഷിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ മന്ത്രിമാര്‍, ചീഫ് സെക്രട്ടറി ഡോ.വേണു വി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍, ദുരന്തനിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ശേഖര്‍ കുര്യാക്കോസ് തുടങ്ങിയവര്‍ പങ്കെടുത്തു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





