26
May 2024
Sun
26 May 2024 Sun
K SUDHAKARAN KPCC PRESIDENT

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി താല്‍ക്കാലികമായി കൈമാറിയ കെപിസിസി അധ്യക്ഷ സ്ഥാനം തിരികെ കിട്ടുമോ എന്ന ആശങ്കയില്‍ കെ സുധാകരന്‍. കിട്ടിയ അവസരം ഉപയോഗിച്ച് സുധാകരനെ വെട്ടാന്‍ പാര്‍ട്ടിക്കകത്ത് ചരട് വലി നടക്കുന്നതായാണ് സൂചന. ( k-sudhakaran-asks-kpcc-presidentship-back )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എംഎം ഹസന് താല്‍ക്കാലികമായി കൈമാറിയ അധ്യക്ഷ പദവി തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും തിരികെ നല്‍കാത്തതില്‍ കെ സുധാകരന് അമര്‍ഷമുണ്ട്. അധ്യക്ഷ സ്ഥാനം തിരിച്ചുകിട്ടാന്‍ വൈകുന്നതിലുള്ള നീരസം സുധാകരന്‍, എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെ അറിയിച്ചു. തീരുമാനം വൈകുന്നത് അനാവശ്യ വ്യാഖ്യാനങ്ങള്‍ക്ക് ഇടയാക്കുമെന്നാണ് സുധാകരന്റെ വാദം.

ഇക്കാര്യത്തില്‍ എഐസിസി വൈകാതെ തീരുമാനമെടുക്കുമെന്ന് കെ സി വേണുഗോപാല്‍ സുധാകരനെ സമാധാനിപ്പിച്ചിരിക്കുന്നത്. എന്നാല്‍ താല്‍ക്കാലിക സംവിധാനം സ്ഥിരമാക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായി സൂധാകരന് സൂചന ലഭിച്ചിട്ടുണ്ട്. ഈ സംശയം സുധാകരന്‍ വിശ്വസ്തരോട് പങ്കുവെക്കുന്നുമുണ്ട്.

തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായ സാഹചര്യത്തിലാണ് താത്കാലിക ക്രമീകരണമെന്ന നിലയ്ക്ക് എം എം ഹസ്സനെ ആക്ടിങ് പ്രസിഡന്റായി ചുമതല ഏല്‍പ്പിച്ചത്. തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പദവി തിരിച്ചു നല്‍കാമെന്നായിരുന്നു ധാരണ. ഇതാണിപ്പോള്‍ അനിശ്ചിതമായി നീളുന്നത്.

പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയ പല പ്രസ്താവനകളും ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കാന്‍ സുധാകരനെ മാറ്റണം എന്ന വികാരമാണ് പലര്‍ക്കുമുള്ളത്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉള്‍പ്പെടെയുള്ളവര്‍ സുധാകരനെതിരേ കരുനീക്കുന്നുണ്ട്. ഇരുവരും തമ്മിലുള്ള പടലപ്പിണക്കം പല തവണ മാധ്യമങ്ങള്‍ക്കു മുന്നില്‍ തന്നെ വെളിപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് പദവി എത്രയും പെട്ടെന്ന് തിരിച്ചു കിട്ടാന്‍ സുധാകരന്‍ കരുനീക്കം തുടങ്ങിയത്.