ന്യൂഡല്‍ഹി: ദേശീയ തലസ്ഥാനത്ത് ആശുപത്രികള്‍ക്കും ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിനും ബോംബ് ഭീഷണി. ഇമെയില്‍ വഴിയാണ് വ്യാപകമായി ഭീഷണി സന്ദേശമെത്തിയത്. വൈകിട്ട് 3.15ന് ബുറാരിയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് ആദ്യ ഭീഷണിയെത്തിയത്. ഉടന്‍ തന്നെ പൊലീസും ബോംബ് സ്‌ക്വാഡും അരിച്ചുപെറുക്കിയെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടില്ല. ( Delhi airport, hospitals get bomb threat )
|
തുടര്‍ന്ന് 4.30ഓടെ സഞ്ജയ് ഗാന്ധി മെമ്മോറിയല്‍ ആശുപത്രിയിലും സന്ദേശമെത്തി. ഇവിടെയും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ആശുപത്രികളില്‍ ഇപ്പോഴും പൊലീസ് നിലയുറപ്പിച്ചിട്ടുണ്ട്. വ്യാജ ഭീഷണിയായിരിക്കാം എന്നാണ് പ്രാഥമിക നിഗമനം. തുടര്‍ന്നാണ് ഏകദേശം പത്തോളം ആശുപത്രികള്‍ക്ക് ബോംബ് ഭീഷണി സന്ദേശം ലഭിച്ചതായി കണ്ടെത്തിയത്.
6.15 ഓടെയാണ് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലും ഭീഷണി സന്ദേശമെത്തിയത്. പരിശോധന തുടരുകയാണ്. ദിവസങ്ങള്‍ക്കുമുമ്പ് ഡല്‍ഹിയിലെ 130ഓളം സ്‌കൂളുകള്‍ക്കും ഓരേ സമയം ബോംബ് ഭീഷണി ലഭിച്ചിരുന്നു. ലോക് സഭാ തിരഞ്ഞെടുപ്പ് നടക്കുന്ന വേളയിലുള്ള ബോംബ് ഭീഷണിയെ പോലീസ് അതീവ ഗൗരവത്തോടെയാണ് കാണുന്നത്.
ഇമെയിലിന്റെ സ്രോതസ്സ് കണ്ടെത്താന്‍ റഷ്യന്‍ മെയ്‌ലിങ് സര്‍വീസ് കമ്പനിയെ ഡല്‍ഹി പോലീസ് ബന്ധപ്പെട്ടിട്ടുണ്ട്. അജ്ഞാതര്‍ക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി സൃഷ്ടിച്ച് ദേശീയ തലസ്ഥാനത്തെ ക്രമസമാധാനം തകര്‍ക്കുകയാണ് ഇമെയിലിന് പിന്നിലെ ലക്ഷ്യമെന്നാണ് കരുതുന്നത്.





