27
May 2024
Fri
27 May 2024 Fri
Trikaripur polytechnic hostel

കാഞ്ഞങ്ങാട്: തൃക്കരിപ്പൂര്‍ പോളിടെക്‌നിക്കിലെ ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ത്ഥി തൂങ്ങിമരിച്ച നിലയില്‍. ഭീമനടി മാങ്ങോട് വിലങ്ങിലെ അഭിജിത്ത് ഗംഗാധരനെ (20)യാണ് തൃക്കരിപ്പൂര്‍ നടക്കാവിലുള്ള ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ( Trikaripur polytechnic student suicide death )ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടത്. മുറിയിലെ ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചന്തേര പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി പരിയാരത്തുള്ള കണ്ണൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റും.

ഇ കെ നായനാര്‍ പോളിടെക്‌നിക്കിലെ ഒന്നാം വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയായിരുന്ന അഭിജിത്തിന്റെ ബാച്ചിന് ഇപ്പോള്‍ പരീക്ഷ നടന്നുകൊണ്ടിരിക്കുകയാണ്. അഭിജിത്തിന്റെ കൈവശം സുഹൃത്തിന്റെ ഹോള്‍ ടിക്കറ്റ് ഉണ്ടായിരുന്നു. ഇന്ന് രാവിലെ ഈ ഹോള്‍ ടിക്കറ്റ് വാങ്ങാനായി സുഹൃത്ത് ഹോസ്റ്റല്‍ മുറിയിലെത്തിയപ്പോഴാണ് സംഭവം അറിയുന്നത്.

വാതിലില്‍ കുറേ നേരം തട്ടിവിളിച്ചിട്ടും തുറക്കാത്തതിനെ തുടര്‍ന്ന് മൊബൈലില്‍ വിളിച്ചു നോക്കി. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ മുറിയുടെ ജനല്‍ തുറന്ന് നോക്കിയപ്പോഴാണ് ഫാനില്‍ തൂങ്ങിനില്‍ക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയത്. സംഭവം ഉടന്‍ തന്നെ പൊലീസിനെ അറിയിച്ചു. വിവരമറിഞ്ഞ് നാട്ടുകാരും കോളേജിലെത്തി.

(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)