07
May 2024
Fri
07 May 2024 Fri

പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥിയായിരുന്ന ജെ എസ് സിദ്ധാർഥന്റെ മരണത്തിൽ 19 പ്രതികൾക്ക് ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. റാഗിങ്, ആത്മഹത്യാപ്രേരണ, മർദനം, ഗൂഢാലോചന കുറ്റങ്ങളാണ് പ്രതികൾക്കെതിരേ ചുമത്തിയിട്ടുള്ളത്. സിദ്ധാർത്ഥന്റെ മാതാവ് ഷീബ ജാമ്യാപേക്ഷയെ എതിർത്തിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇതോടെ കേസിലെ 20 പ്രതികൾക്കും ജാമ്യം ലഭിച്ചു. വിചാരണ കഴിയും വരെ വയനാട് ജില്ലയിൽ പ്രതികളാരും കടക്കരുത്, കേസ് കഴിയുംവരെ സംസ്ഥാനം വിട്ട് പോകരുത്, തെളിവ് നശിപ്പിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് ഹൈക്കോടതി പ്രതികൾക്ക് ജാമ്യം നൽകിയത്.

കേസിൽ അന്തിമ റിപോർട്ട് നൽകിയെന്നും തുടർന്നും തങ്ങളുടെ കസ്റ്റഡി ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതികൾ ജാമ്യപേക്ഷ സമർപ്പിച്ചത്. നേരത്തെ കേസ് ഡയറി ഹാജരാക്കാൻ കോടതി നിർദേശിച്ചിരുന്നു. കൽപറ്റ സെഷൻസ് കോടതി ജാമ്യ ഹരജി തള്ളിയതിനെ തുടർന്ന് പ്രതികൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
2024 ഫെബ്രുവരി 18നാണ് സിദ്ധാർഥനെ ഹോസ്റ്റലിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

പ്രതികൾ പരസ്യവിചാരണ നടത്തുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തതിനെ തുടർന്ന് സിദ്ധാർഥൻ ജീവനൊടുക്കിയെന്നാണ് കേസ്. പ്രതികൾ സിദ്ധാർഥനെ മർദ്ദിക്കുന്നതിന്റെയടക്കമുള്ള ദൃശ്യങ്ങൾ പിന്നീട് പുറത്തുവന്നിരുന്നു. സിദ്ധാർഥന്റെ പിതാവിനോട് കോളജിലെ ഏതാനും വിദ്യാർഥികളാണ് പീഡനവിവരം വെളിപ്പെടുത്തുന്നത്. പോസ്റ്റ്മോർട്ടം റിപോർട്ടിലും മർദ്ദനം സ്ഥിരീകരിച്ചിരുന്നു. ദിവസങ്ങളായി സിദ്ധാർഥൻ ഭക്ഷണം കഴിച്ചിരുന്നില്ലെന്നും റിപോർട്ടിൽ വ്യക്തമാക്കിയിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക