21
Jun 2024
Mon
21 Jun 2024 Mon
Abdul Rahim will be resleased soon

റിയാദ്: സ്‌പോണ്‍സറുടെ മകന്‍ മരിച്ച കേസില്‍ വധശിക്ഷ വിധിക്കപ്പെട്ട് റിയാദ് ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിന്റെ മോചനം ഉടന്‍ സാധ്യമാവും. കുടുംബം ആവശ്യപ്പെട്ട മോചനത്തുകയായ 1 കോടി 50 ലക്ഷം റിയാല്‍ ഇന്ത്യന്‍ എംബസി റിയാദ് ഗവര്‍ണറേറ്റിന് കൈമാറി. ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന്‍ യൂസുഫ് കാക്കഞ്ചേരി, അറ്റോര്‍ണി സിദ്ദീഖ് തുവ്വൂര്‍ എന്നിവര്‍ റിയാദ് ഗവര്‍ണറേറ്റിലെത്തിയാണ് റിയാദ് ക്രമിനല്‍ കോടതി ചീഫ് ജസ്റ്റിസിന്റെ പേരിലുള്ള ചെക്ക് കൈമാറിയത്. വാദി ഭാഗം അഭിഭാഷകനും ഗവര്‍ണറേറ്റിലെത്തിയിരുന്നു. ഇതോടെ റഹീം മോചനത്തിലെ ഏറ്റവും സുപ്രധാന നടപടി പൂര്‍ത്തിയായി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചെക്കും രേഖകളും ഗവര്‍ണറേറ്റില്‍ നിന്ന് ഇനി കോടതിയിലേക്ക് അയയ്ക്കും. തുടര്‍ന്ന് കേസില്‍ അന്തിമ വാദം കേള്‍ക്കാന്‍ സമയക്രമം നിശ്ചയിക്കും. വധശിക്ഷ എന്ന ആവശ്യത്തില്‍ നിന്ന് പിന്‍മാറുന്നുവെന്ന് വാദിഭാഗം കോടതിയില്‍ പറയുന്നതോടെ മോചനനടപടികള്‍ തുടങ്ങും. വധശിക്ഷ എന്ന കുടുംബത്തിന്റെ ആവശ്യത്തില്‍ നിന്ന് മോചനദ്രവ്യത്തിലേക്ക് വഴി തുറന്ന വാദിഭാഗം അഭിഭാഷകന് നേരത്തെ നിശ്ചയിച്ച ഏഴര ലക്ഷം റിയാല്‍ സഹായ സമിതി ചെയര്‍മാന്‍ സിപി മുസ്തഫ ഇന്ന് കൈമാറി.

റഹീമിന്റെ മോചനത്തിനായി നാട്ടിലും വിദേശത്തുമായി ഓണ്‍ലൈനായും വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ നേതൃത്വത്തില്‍ നേരിട്ടും നടത്തിയ ധനസമാഹരണമാണ് റഹീമിന്റെ മോചനദ്രവ്യം കുറഞ്ഞദിവസത്തിനുള്ളില്‍ സാധ്യമാക്കിയത്. ഈ തുക ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം വഴി ആദ്യം ഇന്ത്യന്‍ എംബസിയുടെ അക്കൗണ്ടിലെത്തിക്കുകയായിരുന്നു.

2006 നവംബര്‍ 28നാണ് സൗദി ബാലന്‍ അനസ് അല്‍ശഹ്റി മരിക്കുന്നത്. പ്രത്യേക ഉപകരണത്തിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തിയിരുന്ന അനസ് അല്‍ശഹ് റിയുടെ മരണം അബ്ദുറഹീമിന്റെ കൈയബദ്ധത്തെ തുടര്‍ന്നായിരുന്നു സംഭവിച്ചത്. റെഡ് സിഗ്നല്‍ മറികടന്നുപോവാനുള്ള അനസിന്റെ ആവശ്യം റഹീം നിരാകരിച്ചതോടെ കുട്ടി റഹീമിനെ അസഭ്യം പറയുകയും തുപ്പുകയും ചെയ്തു. ഇതു തടയാനുള്ള ശ്രമത്തിനിടെ അനസിന്റെ ശരീരത്തില് ഘടിപ്പിച്ചിരുന്ന ഉപകരണം വിട്ടുപോവുകയുമായിരുന്നു. ഇക്കാര്യം ശ്രദ്ധിക്കാതിരുന്നതിനെ തുടര്‍ന്ന് അനസ് മരിച്ചു. ഇതോടെ ഭയപ്പെട്ട റഹീം തന്നെ മോഷ്ടാക്കള്‍ ആക്രമിച്ചെന്ന കള്ളക്കഥ മെനയുകയായിരുന്നു. ഇതിനു കൂട്ടുനിന്നയാളെ കോടതി പിന്നീട് മോചിപ്പിച്ചിരുന്നു.