29
Jun 2024
Fri
29 Jun 2024 Fri
Conductor saves passenger fallen from bus with one hand

പത്തനംതിട്ട: ഓടുന്ന ബസില്‍ നിന്ന് പിടിവിട്ട് ബാലന്‍സ് നഷ്ടമായി പുറത്തേക്ക് വീഴാന്‍പോയ യാത്രക്കാരനെ ഒറ്റക്കൈ കൊണ്ട് പിടിച്ചു രക്ഷപ്പെടുത്തി കണ്ടക്ടര്‍. ചവറ -അടൂര്‍ -പന്തളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ‘സുനില്‍’ ബസ്സിലെ കണ്ടക്ടര്‍ ബിജിത്ത് ലാല്‍ ആണ് അദ്ഭുകരമായ രക്ഷാപ്രവര്‍ത്തനം നടത്തിയത്. ടിക്കറ്റിനുള്ള പണം നല്‍കിയ ശേഷം ബാലന്‍സ് മേടിക്കുന്നതിനിടെയാണ് നില്‍ക്കുകയായിരുന്ന യാത്രികന്‍ നിയന്ത്രണം നഷ്ടമായി പുറത്തേക്ക് വീണത്. വീഴ്ചയില്‍ വാതില്‍ തുറന്നെങ്കിലും ബിജിത്ത് ലാല്‍ ഒറ്റക്കൈ കൊണ്ട് യാത്രികന്റെ കൈയില്‍ പിടിക്കുകയും വലിച്ചുകയറ്റുകയുമായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞദിവസം ഉച്ചയ്ക്ക് കാരാളിമൂക്കില്‍ വച്ചാണ് സംഭവം. ബസ്സിനുള്ളിലെ സിസിടിവി കാമറയില്‍ പതിഞ്ഞ രക്ഷാപ്രവര്‍ത്തന ദൃശ്യം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി കണ്ടക്ടര്‍ ബിജിത്ത് ലാലിനെ അഭിനന്ദിച്ചു. വര്‍ഷങ്ങളായി ബസ്സില്‍ ജോലി ചെയ്യുന്ന തനിക്ക് ആദ്യമായിട്ടാണ് ഇത്തരത്തിലൊരു അനുഭവമുണ്ടാകുന്നതെന്ന് കണ്ടക്ടര്‍ പറയുന്നു.

താന്‍ തിരിഞ്ഞുനില്‍ക്കുകയായിരുന്നും പെട്ടെന്നു തോന്നിയപ്പോള്‍ കൈ നീട്ടി പിടിക്കുകയായിരുന്നുവെന്നും ബിജിത്ത് ലാല്‍ വെളിപ്പെടുത്തി. യാത്രികന്റെ ഒരു കൈയില്‍ മൊബൈല്‍ ഫോണുണ്ടായിരുന്നു. ഫോണ്‍ കൈയില്‍ പിടിച്ചതിനാല്‍ രണ്ടുവിരല്‍ കൊണ്ടായിരുന്നു യുവാവ് കമ്പിയില്‍ പിടിച്ചിരുന്നത്. ബസ് വളവ് തിരിഞ്ഞപ്പോള്‍ യാത്രികന് നിയന്ത്രണം നഷ്ടമാവുകയും പിന്നിലേക്ക് വീഴുകയുമായിരുന്നു. കണ്ടക്ടര്‍ക്ക് പിടുത്തം കിട്ടിയില്ലായിരുന്നുവെങ്കില്‍ യാത്രികന്‍ തുറന്നുപോയ ഡോറിലൂടെ പുറത്തേക്ക് വീഴുമായിരുന്നു. കണ്ടക്ടറുടെ സമയോചിത ഇടപെടലില്‍ വലിയ അപകടമാണ് ഒഴിവായത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക