മക്ക: ഇന്ത്യയില്‍ നിന്നെത്തിയ ഹജ്ജ് തീര്‍ഥാടകരുടെ ആദ്യസംഘം ഇന്ന് പുലര്‍ച്ചെ മടങ്ങും. (First group of Indian Hajj pilgrims to return today; Malayali pilgrims to Medina) മലയാളികള്‍ ഉള്‍പ്പെടെ ജിദ്ദ വഴിയെത്തിയ ഹാജിമാരുടെ മദീന സന്ദര്‍ശനത്തിനും ശനിയാഴ്ച തുടക്കമാകും. ഡല്‍ഹി, ലഖ്നോ, ശ്രീനഗര്‍, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ നിന്നുള്ള 38,000ഓളം ഹാജിമാരാണ് ആദ്യം ഇന്ത്യയിലേക്ക് മടങ്ങുന്നത്.
|
കഅ്ബയിലെത്തി വിടവാങ്ങല്‍ ത്വവാഫ് പൂര്‍ത്തീകരിച്ചാണ് ഹാജിമാര്‍ മടങ്ങുന്നത്. ഇതിനായി നാട്ടില്‍ നിന്ന് എത്തിയ വളന്റിയര്‍മാരുടെ സഹായത്തോടെ പ്രത്യേക ബസുകളില്‍ ഹാജിമാരെ ഹറമില്‍ എത്തിച്ചു. യാത്ര പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുമ്പ് ഹാജിമാരുടെ ലഗേജുകള്‍ സര്‍വിസ് കമ്പനികള്‍ സ്വരൂപിച്ച് എയര്‍പോര്‍ട്ടുകളില്‍ എത്തിക്കും. ഹജ്ജ് സര്‍വിസ് കമ്പനികള്‍ ഏര്‍പ്പെടുത്തിയ പ്രത്യേക ബസുകളിലാണ് ഹാജിമാരെ എയര്‍പോര്‍ട്ടിലേക്ക് കൊണ്ടുപോകുന്നത്.
മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ഹാജിമാരുടെ മദീന സന്ദര്‍ശനത്തിനും ഇന്ന് തുടക്കമാവും. കേരളത്തില്‍ നിന്നെത്തിയ 490 ഓളം ഹാജിമാര്‍ രാവിലെ 6.30ഓടെ മദീനയിലേക്കു പുറപ്പെട്ടു. എട്ടു ദിവസത്തെ മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കി ഹാജിമാര്‍ നാട്ടിലേക്ക് മടങ്ങും. മദീനയിലെത്തി പ്രവാചകന്റെ ഖബറും മദീനയിലെ ചരിത്രപ്രധാന സ്ഥലങ്ങളും ഹാജിമാര്‍ സന്ദര്‍ശിക്കും.
ജിദ്ദ വഴിയെത്തിയ ഹാജിമാരാണ് മദീനയിലേക്ക് സന്ദര്‍ശനത്തിനായി പോകുന്നത്. ഇവര്‍ക്ക് യാത്ര ചെയ്യാനായി ഹജ്ജ് സര്‍വിസ് കമ്പനികള്‍ പ്രത്യേക ബസുകള്‍ തയ്യാറാക്കിയിട്ടുണ്ട്. ഹജ്ജ് തുടങ്ങിയത് മുതല്‍ ഇന്ത്യയില്‍ നിന്നുള്ള 60 ഹാജിമാര്‍ മരിച്ചു. ഇതില്‍ 18 പേര് മലയാളികളാണ്. ഇവരുടെ ഖബറടക്ക നടപടികള്‍ പൂര്‍ത്തീകരിച്ച് വരികയാണ്.


