29
Jul 2024
Wed
29 Jul 2024 Wed
MSF age

മലപ്പുറം: വിവാദങ്ങള്‍ക്കിടെ എം.എസ്.എഫിലെ പ്രായപരിധി കൂട്ടണമെന്നാവശ്യപ്പെട്ട് സംസ്ഥാന ഭാരവാഹികള്‍ മുസ്‌ലിം ലീഗിന് കത്ത് നല്‍കി. (msf-letter-to-league-to-raise-age-limit ) നിലവില്‍ 30 വയസ്സുള്ളത് 2 വര്‍ഷം കൂട്ടി 32 ആക്കണമെന്നാണ് ആവശ്യം. എന്നാല്‍, ലീഗ് ഇക്കാര്യത്തില്‍ എന്ത് നിലപാടെടുക്കുമെന്ന് വ്യക്തമല്ല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ നടക്കാത്തതിലും വിവാദത്തിലകപ്പെട്ട ഭാരവാഹികളില്‍ പലരും തുടരുന്നതിലും വിമര്‍ശനം ഉയരുന്നതിനിടെയാണ് പുതിയ നീക്കം. രണ്ടു വര്‍ഷം കൂടുമ്പോഴാണ് എം.എസ്.എഫ് ഭാരവാഹി തെരഞ്ഞെടുപ്പ്. ഏറ്റവുമൊടുവില്‍ 2018ലാണ് സംഘടനയില്‍ മെമ്പര്‍ഷിപ് കാമ്പയിന്‍ നടന്നത്. അഞ്ചു വര്‍ഷത്തിലേറെ ആയിട്ടും മെമ്പര്‍ഷിപ് കാമ്പയിന്‍ നടക്കാത്തതിനെതിരെ വിമര്‍ശനം ശക്തമാണ്. നിലവിലെ കമ്മിറ്റി വന്നിട്ട് നാലു വര്‍ഷമായി. പ്രായപരിധി കഴിയാനായ പ്രമുഖരെ നിലനിര്‍ത്താനാണ് നീക്കമെന്നാണ് എതിരാളികള്‍ ചൂണ്ടിക്കാട്ടുന്നത്.

നിലവിലെ എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി രൂപവല്‍ക്കരണം മുതലുള്ള വിഭാഗീയത ഇപ്പോഴും തുടരുന്നുണ്ട്. സംസ്ഥാന പ്രസിഡന്റിനെ തുണക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലാണ് വടംവലി. അതാണ് ഹരിത വിഷയത്തിലേക്കുവരെ എത്തിയതും വലിയ വിവാദങ്ങള്‍ക്ക് കാരണമായതും. മലപ്പുറം ജില്ലയിലാണ് എം.എസ്.എഫിന് ഏറ്റവും കൂടുതല്‍ മെമ്പര്‍ഷിപ്പുള്ളത്. കമ്മിറ്റിയെ ഭാവിയിലും കൂടെ നിര്‍ത്താനുള്ള നീക്കങ്ങളാണ് പ്രായപരിധി വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കു പിന്നിലെന്നാണ് എതിരാളികള്‍ പറയുന്നത്. സംസ്ഥാന കൗണ്‍സിലില്‍ ചര്‍ച്ചചെയ്യാതെയാണ് ഭാരവാഹികള്‍ മാതൃസംഘടനക്ക് കത്ത് നല്‍കിയത്. ആവശ്യം ലീഗ് അംഗീകരിക്കുകയാണെങ്കില്‍ അത് സംഘടനയില്‍ വലിയ പൊട്ടിത്തെറിക്ക് കാരണമായേക്കും.