ന്യൂഡല്‍ഹി: കൂറുമാറ്റിയും ഗ്രൂപ്പ് പോര് പ്രോല്‍സാഹിപ്പിച്ചു സര്‍ക്കാരുകളെ അട്ടിമറിക്കുന്ന ബിജെപി തന്ത്രത്തിന് ഹിമാചലില്‍ കനത്ത തിരിച്ചടി. (BJP plan to topple Himachal government fails; Badrinath also suffered after Ayodhya) സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ബിജെപി ശ്രമം പൂര്‍ണമായി പരാജയപ്പെടുത്തുന്നതായി ഉപതിരഞ്ഞെടുപ്പുഫലം. ഹിമാചലില്‍ 2 സീറ്റ് ജയിച്ചതോടെ കോണ്‍ഗ്രസിന്റെ അംഗബലം വീണ്ടും 40 ആയി ഉയര്‍ന്നു. എംഎല്‍എ സ്ഥാനം രാജിവച്ച് ബിജെപിക്കൊപ്പം മത്സരിച്ച 2 സ്വതന്ത്രരും തോറ്റു. അധികാരം പിടിക്കാന്‍ ബിജെപി കിണഞ്ഞു ശ്രമിക്കുന്നതിനിടെയുള്ള വിജയം കോണ്‍ഗ്രസ് സര്‍ക്കാരിന് ആശ്വാസം പകരും. 35 ആണ് ഇവിടെ കേവല ഭൂരിപക്ഷത്തിനാവശ്യം.
|

ഹിമാചലിലെ ദെഹ്‌റ മണ്ഡലത്തില്‍ വിജയിച്ച കംലേഷ് താക്കൂര്‍
യുവനേതാവ് വിക്രമാദിത്യ സിങ്ങിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ ഒരു വിഭാഗം തുടങ്ങിവച്ച ഉള്‍പ്പോരിനു തല്‍ക്കാലം വിരാമമിടാനും മുഖ്യമന്ത്രി സ്ഥാനം ഉറപ്പിക്കാനും ഈ ഫലം സുഖ്വിന്ദര്‍ സിങ് സുഖുവിനെ സഹായിക്കും. ദേറ മണ്ഡലത്തില്‍ ഭാര്യ കമലേഷ് ജയിച്ചതും സുഖുവിനു നേട്ടമായി.
Watch this: കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ കെണികളൊരുക്കി ബിജെപി
ഉത്തരാഖണ്ഡ് സംസ്ഥാനത്തെ ബദരീനാഥിലെ പരാജയമാണ് ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് മറ്റൊരു ആഘാതമായത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അയോധ്യയുള്‍പ്പെട്ട ഫൈസാബാദില്‍ ഇന്ത്യാസഖ്യത്തിന്റെ ഭാഗമായ സമാജ്വാദി പാര്‍ട്ടി നേടിയ വിജയത്തിനു സമാനമായ പ്രാധാന്യമാണു ഉത്തരാഖണ്ഡിലെ ബദരീനാഥിലെ വിജയത്തിനും കോണ്‍ഗ്രസ് നല്‍കുന്നത്. രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് മതത്തെ ഉപയോഗിക്കുന്ന ബിജെപിക്ക് കനത്ത തിരിച്ചടിയാണ് ജനങ്ങള്‍ നല്‍കിയതെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. ”രാമനു പിന്നാലെ വിഷ്ണുവും ബിജെപിയെ കൈയൊഴിഞ്ഞു. ഹൈന്ദവ തീര്‍ത്ഥാടന കേന്ദ്രമായ അയോധ്യയിലെ തോല്‍വിക്ക് പിന്നാലെ മറ്റൊരു പുണ്യകേന്ദ്രമായ ബദരീനാഥും ബിജെപിയെ കൈവിട്ടു”- കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് കിരണ്‍ മഹാറ പറഞ്ഞു.

ഖാസി നിസാമൂദ്ദീന്‍, ലഖ്പത് സിങ് ബുതോല
ബദരീനാഥില്‍ കോണ്‍ഗ്രസില്‍ നിന്ന് കാലുമാറി ബിജെപി ടിക്കറ്റില്‍ മല്‍സരിച്ച രാജേന്ദ്ര സിങ് ഭണ്ഡാരിക്ക് ഞെട്ടിക്കുന്ന തോല്‍വിയാണ് നേരിട്ടത്. ഭണ്ഡാരി രാജിവച്ചതിനെ തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പ് നടന്ന ഇവിടെ 5095 വോട്ടിനാണ് കോണ്‍ഗ്രസിലെ ലഖ്പത് സിങ് ബൂടോള ജയിച്ചു കയറിയത്.
മംഗ്ലൂരില്‍ അക്രമരാഷ്ട്രീയവും ഏശിയില്ല
ഉത്തരാഖണ്ഡിലെ മംഗ്ലൂര്‍ സീറ്റിലും ബിജെപി തോറ്റു. 422 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കോണ്‍ഗ്രസിലെ ഖാസി നിസാമൂദ്ദീന്‍ ഇവിടെ ജയിച്ചത്. ബിജെപിയുടെ കര്‍ത്താര്‍ സിങ് ബാദനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. ബിഎസ്പിയുടെ ഉബൈദുര്‍റഹ്‌മാന്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഉബൈദുര്‍റഹ്‌മാന്റെ പിതാവും ബിഎസ്പി നേതാവുമായ സര്‍വത്ത് കരീം അന്‍സാരി മരിച്ചതിനെ തുടര്‍ന്നാണ് ഇവിടെ തിരഞ്ഞെടുപ്പ് വേണ്ടി വന്നത്.

തിരഞ്ഞെടുപ്പ് ദിവസം വലിയ അക്രമങ്ങളാണ് മണ്ഡലത്തില്‍ നടന്നത്. മുസ്ലിം വോട്ടര്‍മാരെ ബിജെപി പ്രവര്‍ത്തകര്‍ വോട്ട് ചെയ്യാന്‍ അനുവദിച്ചില്ലെന്ന് ആരോപണമുയര്‍ന്നിരുന്നു. വോട്ട് ചെയ്യാനെത്തിയ ലിബര്‍ഹെഡി ഗ്രാമത്തിലെ മുസ്ലിംകളെ ഒരു സംഘം ആക്രമിക്കുകയായിരുന്നു. വോട്ട് ചെയ്യാനെത്തിയ മുസ്ലിം സ്ത്രീകളെ ബിജെപി പ്രവര്‍ത്തകര്‍ ബൂത്തില്‍ നിന്ന് തിരിച്ചയക്കുന്നതിന്റെ ചിത്രങ്ങളും പ്രചരിച്ചിരുന്നു.
7 സംസ്ഥാനങ്ങളിലെ 13 സീറ്റിലേക്കു നടന്ന ഉപ തിരഞ്ഞെടുപ്പില്‍ പത്തെണ്ണം നേടിയ ഇന്ത്യാസഖ്യം, ദേശീയതലത്തില്‍ ബിജെപിയുടെ അസ്തമനം ആരംഭിച്ചതിന്റെ സൂചനയാണിതെന്ന് വ്യക്തമാക്കി.
ഉത്തരാഖണ്ഡ്, ഹിമാചല്‍ എന്നിവിടങ്ങളില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ നേര്‍ക്കുനേര്‍ പോരാട്ടത്തിനു വഴിയൊരുക്കി ഇന്ത്യാസഖ്യത്തിലെ മറ്റു കക്ഷികള്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയില്ല. ബിജെപി വിരുദ്ധ വോട്ടുകള്‍ ഒന്നിച്ചപ്പോള്‍, ഇരുസംസ്ഥാനങ്ങളിലുമായുള്ള 5 സീറ്റില്‍ നാലിടത്തും കോണ്‍ഗ്രസ് ജയിച്ചു.
ബംഗാളില്‍ തിരഞ്ഞെടുപ്പ് നടന്ന 4 സീറ്റിലും വിജയിച്ചതിലൂടെ സംസ്ഥാനത്തെ പ്രതാപം തൃണമൂലും മുഖ്യമന്ത്രി മമത ബാനര്‍ജിയും അരക്കിട്ടുറപ്പിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് അടിതെറ്റി വീണതിനു പിന്നാലെ ഉപതിരഞ്ഞെടുപ്പിലും നേരിട്ട തോല്‍വി ബിജെപിക്കു ക്ഷീണമായി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 77 സീറ്റ് നേടിയ ബിജെപിക്ക് ഇപ്പോള്‍ 63 അംഗങ്ങള്‍ മാത്രമാണുള്ളത്. മഹാരാഷ്ട്ര, ഹരിയാന, ജാര്‍ഖണ്ഡ് അടക്കമുള്ള സംസ്ഥാനങ്ങളിലേക്കു നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കെ, വിവിധ സംസ്ഥാനങ്ങളില്‍ നേടിയ വിജയം കോണ്‍ഗ്രസിനും ഒപ്പം ഇന്ത്യാ മുന്നണിക്കും ഊര്‍ജം പകരും.





