21
Jul 2024
Mon
21 Jul 2024 Mon
euro cup 2024 spain winners

ബെര്‍ലിന്‍: യൂറോ കപ്പില്‍ സ്‌പെയ്‌നിന് നാലാം കിരീടം. ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് സ്പെയിന്‍ കലാശക്കളിയില്‍ ജേതാക്കളായത്. (Euro cup 2024: Spain vs Englang final match details) ബെര്‍ലിനിലെ ഒളിമ്പിയാ സ്റ്റേഡിയത്തില്‍ തടിച്ച് കൂടിയ പതിനായിരങ്ങളെ സാക്ഷിയാക്കി നിക്കോ വില്യംസും മൈക്കില്‍ ഒയര്‍സാബലുമാണ് സ്പെയിനായി ഗോള്‍ നേടിയതത്. കോള്‍ പാല്‍മറാണ് ഇംഗ്ലണ്ടിന് വേണ്ടി വലകുലുക്കിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മത്സരത്തിന്റെ തുടക്കം മുതല്‍ തന്നെ പന്ത് കൈവശം വച്ചും നിരന്തരം മറുപോസ്റ്റിലേക്കു കുതിച്ചു സ്പാനിഷ് സംഘം തന്നെയാണ് കളംപിടിച്ചത്. ഇരുവിങ്ങുകളിലൂമായി നിക്കോ വില്യംസും ലമീന്‍ യമാലും നടത്തിയ എണ്ണം പറഞ്ഞ മുന്നേറ്റങ്ങള്‍ ഇംഗ്ലീഷ് പ്രതിരോധത്തില്‍ തട്ടി മടങ്ങി. ഗോള്‍ രഹിതമായ ഒന്നാം പകുതിക്ക് ശേഷം രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ സ്പെയിന്‍ വലകുലുക്കി.

47 ാം മിനിറ്റില്‍ വലതുവിങ്ങിലൂടെ കുതിച്ച് കയറിയ ലാമിന്‍ യമാലിന്റെ പാസ് നിക്കോ വില്യംസ് ഒരിടങ്കാലനടിയില്‍ വലയിലാക്കി. എന്നാല്‍ കളിയുടെ 73ാം മിനിറ്റില്‍ ഇംഗ്ലണ്ടിന്റെ മറുപടിയെത്തി. പകരക്കാരനായെത്തിയ കോള്‍ പാല്‍മര്‍ പോസ്റ്റിന്റെ 21 വാര അകലെ നിന്നടിച്ച കണ്ണഞ്ഞിപ്പിക്കുന്ന ഷോട്ട് ഗോള്‍വലയില്‍ തുളഞ്ഞു കയറി.

കളി സമനിലയിലേക്ക് എന്ന് തോന്നിച്ച ഘട്ടത്തിലാണ് ഒയര്‍സാബല്‍ സ്പെയിനിന്റെ വിജയ ഗോള്‍ നേടിയത്. ഇടതുവിങ്ങില്‍ നിന്ന് കുക്കുറേയ്യ നീട്ടി നല്‍കിയ പാസിനെ ശ്രമകരമായൊരു ആങ്കിളില്‍ നിന്ന് പോസ്റ്റിലേക്ക് തിരിച്ച് വിട്ട ഒയര്‍സാബല്‍ സ്പാനിഷ് സംഘത്തെ നാലാം കിരീടത്തിലേക്കാണ് നയിച്ചത്. കളി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ സീറോ ഡിഗ്രിയില്‍ നിന്ന് ഒല്‍മോ നടത്തിയൊരു അതിശയ സേവും സ്‌പെയ്‌നിന്റെ രക്ഷക്കെത്തി.

കളിയിലെ കണക്കുകളില്‍ സ്പെയിന്‍ ബഹുദൂരം മുന്നിലായിരുന്നു. മത്സരത്തില്‍ 66 ശതമാനം നേരവും പന്ത് കൈവശം വച്ചത് സ്പെയിനാണ്. 16 ഷോട്ടുകള്‍ സ്പെയിന്‍ ഉതിര്‍ത്തപ്പോള്‍ അതില്‍ ആറെണ്ണം ഗോള്‍ വലയെ ലക്ഷ്യമാക്കിയെത്തി. ഒമ്പത് ഷോട്ടുകള്‍ ഇംഗ്ലീഷ് സംഘം ഉതിര്‍ത്തപ്പോള്‍ നാലെണ്ണമാണ് ലക്ഷ്യത്തിലേക്ക് പാഞ്ഞത്. യൂറോയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ ് ഒരു ടീം നാല് തവണ കിരീടത്തില്‍ മുത്തമിടുന്നത്.