നടന്‍ ആസിഫ് അലിയെ അപമാനിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട് സംഗീതസംവിധായകന്‍ രമേശ് നാരായണനെതിരെ പ്രതിഷേധം ശക്തമാവുന്നു. (Nadirsha and Sharadakkutty comments against Ramesh Narayanan) വിഷയത്തില്‍ പ്രതികരിച്ച് എഴുത്തുകാരി ശാരദക്കുട്ടി, നടനും സംവിധായകനുമായ നാദിര്‍ഷ തുടങ്ങിയവര്‍ രംഗത്തെത്തി.
|
”സംഗീതബോധം മാത്രം പോരാ അമ്പാനേ, അല്പം സാമാന്യബോധം കൂടി വേണം” എന്നായിരുന്നു നാദിര്‍ഷ തന്റെ ഫേസ്ബുക് പോസ്റ്റില്‍ കുറിച്ചത്.

ആസിഫ് അലിയെ ബോധപൂര്‍വ്വം അപമാനിക്കാനായി രമേശ് നാരായണന്‍ കളിച്ച നാടകം അദ്ദേഹത്തിന്റെയും ആ സംഗീതത്തിന്റെയും വില കെടുത്തിയെന്ന് ശാരദക്കുട്ടി പ്രതികരിച്ചു.
”സ്വയം വലുതാക്കാന്‍ ശ്രമിക്കുന്നവര്‍ ആരായാലും അവര്‍ ചെറുതാക്കപ്പെടുക തന്നെ ചെയ്യും. സംവിധായകന്‍ ജയരാജ് അതിനു കൂട്ടു നിന്നപ്പോള്‍ അമ്മാവന്‍ സിന്‍ഡ്രോം പൂര്‍ണ്ണമായി. കാലഹരണപ്പെട്ടവര്‍ക്ക് ഡ്രാമയിലൂടെയും രക്ഷയില്ല”.
എം.ടി കഥകളുടെ ആന്തോളജി സിനിമയായ മനോരഥങ്ങളുടെ ട്രെയിലര്‍ ലോഞ്ചിലാണ് നടന്‍ ആസിഫ് അലിയെ അപമാനിക്കുന്ന രീതിയില്‍ സംഗീത സംവിധായകന്‍ രമേശ് നാരായണന്‍ പെരുമാറിയത്.
ട്രെയിലര്‍ ലോഞ്ചുമായി ബന്ധപ്പെട്ട പുരസ്‌കാര ദാന ചടങ്ങില്‍ ആണ് സംഭവം. ഇന്നലെ നടന്ന പരിപാടിയുടെ വീഡിയോ ഇന്ന് രാവിലെ മുതലാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. രമേശ് നാരായണന് പുരസ്‌കാരം കൈമാറാനായി ആസിഫ് അലി വേദിയില്‍ എത്തിയപ്പോള്‍ ഒട്ടും താത്പര്യമില്ലാതെ അസിഫിന്റെ മുഖത്ത് പോലും നോക്കാന്‍ തയ്യാറാകാതെയാണ് രമേശ് നാരായണന്‍ വേദിയിലേക്ക് വന്നത്.
ആസിഫ് കൊടുത്ത ട്രോഫി ഒട്ടും മനസില്ലാതെ കൈയില്‍ നിന്ന് വാങ്ങിയ ഇദ്ദേഹം വേദിയിലേക്ക് സംവിധായകന് ജയരാജിനെ വിളിച്ചുവരുത്തി. ട്രോഫി ജയരാജനെ ഏല്‍പ്പിച്ച ശേഷം അദ്ദേഹത്തോട് തനിക്ക് കൈമാറാന്‍ പറഞ്ഞു.
ട്രോഫി ഏറ്റുവാങ്ങിയ ശേഷം ജയരാജിനെ കെട്ടിപ്പിടിക്കുകയും ക്യാമറയ്ക്ക് പോസ് ചെയ്യുകയും ചെയ്തു. ഇതിനിടെ എന്ത് ചെയ്യണമെന്നറിയാതെ ആസിഫ് വേദിയില്‍ നില്‍ക്കുന്നത് കാണാം. ഇന്ദ്രജിത്ത്, ബിജു മേനോന്‍ എന്നിവരും വേദിക്ക് താഴെയായി നില്‍ക്കുന്നുണ്ടായിരുന്നു.
വിഷയത്തില്‍ വലിയ വിമര്‍ശനമാണ് രമേശ് നാരായണനെതിരെ ഉയരുന്നത്. പൊതു ചടങ്ങില്‍ ക്യാമറകള്‍ക്ക് മുന്‍പില്‍ അപമാനിതന്‍ ആവുക എന്നത് വല്ലാത്തൊരു അവസ്ഥ ആണെന്നും ആസിഫ് അലിയോടുള്ള പെരുമാറ്റം അംഗീകരിക്കാനാവുന്നതല്ലെന്നും ചിലര്‍ സോഷ്യല്‍ മീഡിയയില്‍ എഴുതി.
പകരക്കാരനായി ജയരാജ് പോയതും ഉചിതമായില്ലെന്ന് വിമര്‍ശനമുയരുന്നുണ്ട്. ഒരു സഹപ്രവര്‍ത്തകനെ അപമാനിക്കുന്നതിനു ജയരാജ് കൂട്ട് നില്‍ക്കരുതായിരുന്നു. ഒരു നടന്‍ എന്ന നിലയില്‍ ആസിഫലിക്ക് എന്താണ് കുറവെന്നും പലരും ചോദിച്ചു.


